FAIL (the browser should render some flash content, not this).

Subscribe to Sradha.Net

Enter your email address:

Previous Next
  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
  • 8
  • 9
  • 10
  • 11
  • 12
FAIL (the browser should render some flash content, not this).

Folllow Us

Previous Next
  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
  • 8
  • 9
  • 10
  • 11
സുഗന്ധം
User Rating: / 0
PoorBest 


i-miss-her




സംസ്ഥാന സ്കൂൾ കലോത്സവം

ഹയർ സെക്കണ്ടറി വിഭാഗത്തിൽ

ഒന്നാം സ്ഥാനം നേടിയ കഥ


സുഗന്ധം

നന്ദന ആർ.

nandana-r



                                             അസ്തമനത്തിന്റെ ചുവപ്പ്‌ ഇലകളുടെ പച്ചപ്പിൽ പടരുകയാണ്‌. പുല്ലുമൂടിയ ഇടവഴികളിൽ പകൽ മറന്നുവച്ച സ്വപ്നത്തെപോലെ പോക്കുവെയിൽ വീണുകിടന്നു. ജീവിതത്തിന്‌ എത്ര നിറങ്ങളാണ്‌! സന്ധ്യയുടെ ചുവപ്പ്‌ രാത്രിയുടെ കറുപ്പ്‌. പകലിന്റെ വെളുപ്പ്‌.


ആശുപത്രിക്കിടക്കയുടെ ചുളിവുകൾക്ക്‌ പച്ച നിറമായിരുന്നു. ആ കിടക്കവിരിയിൽ പാതിയടഞ്ഞ കണ്ണുകളോടെ ചിതറിയ നരച്ച മുടിയിഴകളോടെ അവൾ മലർന്നുകിടന്നത്‌ അയാൾ ഓർത്തു. അവളുടെ വിളറിയ കൈകൾ ഒരു പക്ഷിക്കുഞ്ഞിന്റെ ചിറകുകളെപ്പോലെ തന്റെ തണുത്തു വിറങ്ങലിച്ച കൈപ്പത്തികളിൽ ഒതുക്കിക്കൊണ്ട്‌ അവൾ പറഞ്ഞു.


നമുക്ക്‌ പോവണം. എന്നിട്ട്‌ ഒരിക്കൽക്കൂടി പഴയതുപോലെ മണ്ണപ്പം ചുടണം. കൊത്താങ്കല്ലു കളിക്കണം. ഊഞ്ഞാലാടണം.
അവളുടെ ശബ്ദം ഇടറിയിരുന്നു. ചിതലുതിന്ന കഴുക്കോലിൽ വിരൽ തട്ടിയുണ്ടാകുന്ന ശബ്ദത്തെപ്പോലെ.
പോകാം. ആദ്യം ഈ അസുഖമൊന്നു മാറട്ടെ.


അവളെ ആശ്വസിപ്പിക്കാനായി മാത്രം അയാൾ അന്നു പറഞ്ഞിരുന്ന നിർദോഷമായ നുണകൾ.
ഇനിയൊരിക്കലും അവൾ ആ കിടക്ക വിട്ട്‌ എഴുന്നേൽക്കുകയോ പണ്ടത്തേതുപോലെ, വായിക്കാനായി താൻ പുസ്തകം നിവർത്തുമ്പോൾ പിറകിലൂടെ വന്ന്‌ ചെവികൾക്കിടയിൽ കണ്ണട തിരുകിക്കൊടുക്കുകയോ കീറിയ ലുങ്കി തുന്നിക്കൊടുക്കുകയോ വിറയ്ക്കുന്ന കൈകൾകൊണ്ട്‌ ചായ തിളപ്പിക്കുകയോ ചെയ്യില്ലെന്ന്‌ പൂർണബോധ്യമുണ്ടായിരുന്നിട്ടും അയാൾ പറഞ്ഞു
നമുക്കു പോകാം.


ചാരുകസേരയിലിരുന്ന്‌ ഓരോന്ന്‌ ഓർക്കുമ്പോഴാണ്‌ ജനാലയിലൂടെ വെളിയിലേയ്ക്ക്‌ നോക്കിയത്‌. അകലെ തെങ്ങിൻതോപ്പുകൾക്കുമപ്പുറം നീലാകാശത്തിന്റെ നുറുങ്ങുകൾ കാണാം. മഴനൂലുകൾ കൊണ്ട്‌ വെയിലിന്റെ ചുമരിൽ വരഞ്ഞുവെച്ച മഴവിൽ ചിത്രങ്ങൾ കാണാം. കനത്ത നിഴലുകൾ വീണുകിടന്ന, തൊടിയുടെ നനഞ്ഞ മണ്ണിൽ വീണു പഴുത്തു ചീഞ്ഞ ചക്കകൾ കാണാം. അണ്ണാനും കിളികളും ഉറുമ്പുകളും കൂടി അവ പകുത്തെടുക്കുന്നു. പിന്നെയും അവശേഷിക്കുന്നവ, മണ്ണിൽ അഴുകിപ്പോകുന്നു.
അവൾ ഉണ്ടായിരുന്നുവെങ്കിൽ പഴുത്ത ചക്കകൾ ഒരിക്കലും പാഴായിപ്പോകില്ലായിരുന്നു. അയാൾ ഓർത്തു.


പത്തായപ്പുരയിലെ തുരുമ്പെടുത്ത സൈക്കിളിന്റെ പിറകിൽ കയറുകൊണ്ട്‌ അരിഞ്ഞു വീഴ്ത്തിയ ചക്കകൾ വരിഞ്ഞുകെട്ടിവയ്ക്കും.
എന്നിട്ട്‌ അവ അടുക്കളമുറ്റത്തേക്ക്‌ കൊണ്ടുവരും. പിന്നെ തയ്യാറെടുപ്പുകളാണ്‌. മുളഞ്ഞുചുറ്റാൻ മെലിഞ്ഞ ഒരു കമ്പ്‌. ഇരിക്കാൻ മരപ്പലക. കുരു എടുത്തുവയ്ക്കാൻ കഴുകി വൃത്തിയാക്കിയ പാളക്കഷണം. സ്വർണ്ണനിറമുള്ള ചുളകൾ നിറയ്ക്കാൻ അലുമിനിയം ചെമ്പ്‌.
കറുത്ത വീതി കുറഞ്ഞ കരയുള്ള വേഷ്ടിത്തുമ്പ്‌ അരയിൽ തിരുകി, മൂക്കിലെ കട്ടിക്കണ്ണട അമർത്തിവച്ച്‌ ചുവന്ന മണ്ണിലിരുന്ന്‌ അവൾ ചുള പറിക്കുമായിരുന്നു. ചക്കകൊണ്ടുണ്ടാക്കുന്ന പലഹാരങ്ങളും ചേന വേവിച്ച്‌ കുത്തിയുടച്ചതുമെല്ലാം കഴിചച്‌ വിശപ്പു മാറ്റിയിരുന്ന ഒരു കാലവും ഉണ്ടായിരുന്നു. അയാൾ ഓർത്തു. പുറമെ പ്രതിഷേധത്തിന്റെ മുള്ളുകളുള്ള അകം മിനുത്ത ചക്കകൾ! അവളെപ്പോലെ ജീവിതത്തിന്റെ മാധുര്യം മുഴുവനും മറ്റു ജീവിതങ്ങൾക്ക്‌ പകർന്നുകൊടുത്ത്‌, ഒടുവിൽ അവഗണിക്കപ്പെടുന്ന, പരിഹസിക്കപ്പെടുന്ന വെറും ചക്കകൾ!


ആരോ വാതിലിൽ മുട്ടുന്ന ശബ്ദം കേട്ടാണ്‌ ഓർമ്മകളെ തനിച്ചാക്കി പൂമുഖത്തേക്കു ചെന്നത്‌. പക്ഷേ ആരേയും കാണുകയുണ്ടായില്ല. കാറ്റായിരിക്കണം.


മുറ്റത്ത്‌ വിരിച്ചിരുന്ന പുൽപ്പായയിൽ പയറുകൊണ്ടാട്ടം ഉണക്കാനിട്ടിട്ടുണ്ട്‌. ഇപ്പോൾ അവളുടെ ജോലികൾ ഏറ്റെടുത്തിരിക്കുന്നത്‌ അയൽവീട്ടിലെ അൽപം പ്രായം കുറഞ്ഞ ഒരു സ്ത്രീയാണ്‌. അവർ കൊണ്ടാട്ടം ഉണക്കാനിടും. മുണ്ട്‌ അലക്കിക്കൊടുക്കും. വെള്ളം തിളപ്പിച്ചുതരും. കഞ്ഞി വാർത്തുവെയ്ക്കും. പക്ഷേ, ചക്ക മുറിക്കില്ല.


മുറ്റത്തേക്ക്‌ ഇറങ്ങിച്ചെന്ന്‌ ഒരു കൊണ്ടാട്ടം കൈയിൽ എടുത്തുപിടിച്ചുവെങ്കിലും കഴിക്കാൻ തോന്നിയില്ല. ആരോ വിലക്കുന്നതുപോലെ മനസ്സ്‌ നികത്തപ്പെടാത്ത നഷ്ടങ്ങളെയോർത്ത്‌ അസ്വസ്ഥമാകുന്നു. പണ്ടായിരുന്നുവെങ്കിൽ എത്ര ഒളിച്ചുകഴിക്കാൻ ശ്രമിച്ചാലും എവിടെനിന്നെങ്കിലും അവൾ വിളിച്ചു ചോദിക്കും. കഴിഞ്ഞതവണ ബി പി ചെക്കപ്പ്‌ നടത്തിയപ്പോൾ ഡോക്ടർ എന്തുപറഞ്ഞുവെന്നും മറ്റും മറ്റും. ഇപ്പോൾ സ്വാതന്ത്ര്യമുണ്ട്‌. പക്ഷേ, രുചിയില്ല, വിശപ്പില്ല.


ഒടുവിൽ ഒരു പരാജിതനെപ്പോലെ ഇടനാഴിയുടെ ഇരുട്ടിലേയ്ക്ക്‌ സ്വയം ആഴ്ന്നിറങ്ങി ഇടനാഴിയുടെ ചുമരിനോടു ചേർത്തിട്ടിരുന്ന അലമാരയ്ക്കു മുകളിൽ തലമുടി പിന്നിയിട്ട പാവ അയാളെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു. അവളുണ്ടാക്കിയതാണ്‌ ചിരിക്കുന്ന ആ പാവയെ. കോസറി വിരിക്കുള്ളിൽ പഞ്ഞി നിറച്ച്‌ നീലസാരികൊണ്ട്‌ പാവാട ഞൊറിഞ്ഞ്‌, കണ്ണെഴുതിച്ച്‌, മുടി ഇറുക്കി പിന്നിയിട്ട്‌.
കുട്ടികൾ ഉണ്ടാവാതിരുന്നത്‌ നന്നായെന്ന്‌ അവൾ പലപ്പോഴും പറയുമായിരുന്നു. പിന്നീട്‌ അയാളും അതുതന്നെ വിശ്വസിച്ചു. എങ്കിലും അയാളില്ലെന്നു കരുതി നനഞ്ഞ കണ്ണുകളോടെ ആ പാവയെ മാറോടടുപ്പിക്കുന്നത്‌ അയാൾ എത്രയോ കണ്ടിട്ടുള്ളതാണ്‌. അവളില്ലാത്ത നേരങ്ങളിൽ താൻ ആ പാവയുടെ നെറ്റിയിൽ തലോടാറുള്ളത്‌ അവൾ കണ്ടിരുന്നുവോ എന്ന്‌ സംശയിച്ചുകൊണ്ട്‌ അയാൾ ചാരുകസേരയിലേക്ക്‌ ചാഞ്ഞിരുന്നു. നനഞ്ഞ കണ്ണടകൾ ഊരിയെടുത്തു.


പഴുത്ത ചക്ക മുറിക്കുന്ന ശബ്ദം കേട്ടാണ്‌ ഉണർന്നത്‌. മുറി നിറയെ പഴുത്ത ചക്കയുടെ സുഗന്ധം! നനയുന്ന കണ്ണുകളോടെ അയാൾ ജനാലയ്ക്കു പുറത്തേക്കു നോക്കി. തൊടിയിലെ പ്ളാവിൽ കാലം തെറ്റി കായ്ച്ച ചക്കകൾ അപ്പോഴും മണ്ണിന്റെ നനവിലേക്ക്‌ അടർന്നുവീണുകൊണ്ടിരുന്നു.