|

സാന്ത്വന പരിചരണത്തിനായി
വിദ്യാർത്ഥികളുടെ സ്വന്തം പദ്ധതി
`ഒരു രൂപ, ഒരു ജീവിതം`
പുതിയ നിറങ്ങളും സ്വപ്നങ്ങളും തേടുന്നതിനിടയിലും ആഘോഷത്തിമിർപ്പിലും ചില മുഖങ്ങൾ അവർ മറക്കുന്നില്ല; കണ്ണുകളിൽ ദൈന്യതയും വിഷാദവും സൂക്ഷിച്ച തന്റെ സഹപാഠിയുടെ, കൊച്ചു യാത്രക്കിടെ കൊഴിഞ്ഞുവീണ തങ്ങളുടെ കൂട്ടുകാരന്റെ, എവിടെയൊക്കെയോവച്ച് മനസ് നിശ്ചലമാക്കിയ ചില അനുഭവചിത്രങ്ങളിലെ ഒരിക്കലുമറിയാത്ത, പരിചയമില്ലാത്ത പക്ഷേ, മനസ്സിൽനിന്ന് മായ്ക്കാനാകാത്ത ചിലരുടെ.....
അവരുടെയെല്ലാം ജിവിതങ്ങൾ കൂട്ടിയിണക്കി ആൽഫ പെയ്ൻ ക്ളിനിക് ഒരുക്കിയ ഒരു ഹൃസ്വചിത്രം `ആരവങ്ങൾക്കപ്പുറം` കണ്ട ഇരിങ്ങാലക്കുട ഭാവൻസ് വിദ്യാമന്ദിറിലെ കുട്ടികൾ തങ്ങളുടെ പ്രതിബദ്ധത ഒറ്റശ്വാസത്തിൽ വ്യക്തമാക്കിയപ്പോൾ എട്ടാം ക്ളാസുകാരൻ അശ്വിൻ അതിനൊരു പേരു നൽകി- ` ഒരു രൂപ, ഒരു ജീവിതം`! ദിവസവും തങ്ങളുടെ പോക്കറ്റ് മണിയിൽനിന്ന് ആശ്വാസത്തിന്റെ നനുത്ത സ്പർശനമേറ്റ ഒരു രൂപ നാണയം; വേദനിക്കുന്നവർക്ക് ആശ്വാസമാകാൻ.
വേദനിക്കുന്നവരോടൊപ്പം നിൽക്കാനുള്ള നിശ്ചയദാർഢ്യത്തിന്റെ പ്രതീകമായ ഈ പദ്ധതി “One Rupee,One Life” ആൽഫ പെയ്ൻ ക്ളിനിക് വിദ്യാർത്ഥി സമൂഹത്തിലേക്ക് വയ്ക്കുന്നു. കാരുണ്യവും ദയയും അനുകമ്പയുമെല്ലാം കഴിഞ്ഞകാലത്തിന്റേതായിരുന്നെന്നു വിലപിക്കുന്നവരോട് ക്ഷമിക്കണം; അതു ശരിയല്ല എന്ന വിനീതമായ മറുപടികൂടിയാണ് വിദ്യാർത്ഥികളുടെ ഈ പദ്ധതി. കാരുണ്യത്തിന്റെ ഈ തിരി കൈമാറാനും അതേറ്റുവാങ്ങാനും മനസ്സിൽ സൂക്ഷിക്കാനും ഞങ്ങൾ ആഹ്വാനം ചെയ്യുന്നു. കഴിഞ്ഞ ആറു വർഷമായി തൃശൂർ, പാലക്കാട്, എറണാകുളം ജില്ലകളിൽ പാലിയേറ്റീവ് പരിചരണത്തിന് പുതിയ മുഖം നൽകിയ ആൽഫ പെയ്ൻ ക്ളിനിക് അയ്യായിരത്തിലേറെ രോഗബാധിതർക്കും അവരുടെ കുടുംബങ്ങൾക്കും യാതൊരു വിധ ഫീസും കൂടാതെ സമഗ്ര പാലിയേറ്റീവ് പരിചരണം നൽകി. അവരുടെ കുടുംബങ്ങളുടെ ആശ്വാസത്തിനായി നിരവധി ക്ഷേമ പദ്ധതികളും നടപ്പാക്കിവരുന്നു.
രോഗബാധിതരുടെയും കുടുംബങ്ങളുടെയും ആശങ്ക കുട്ടികളുടെ ഭാവിയോർത്താണ്. അതിനായുള്ള ആൽഫയുടെ പദ്ധതിക്കു കീഴിൽ തൊഴിലധിഷ്ഠിത വിഭ്യാഭ്യാസം നൽകുന്ന ആൽഫ ഐ.ടി.ഐ, സാമ്പത്തിക പരാധീനത വൈവാഹിക ജീവിതം നിഷേധിച്ചവർക്കായി വിവാഹ പദ്ധതി, ഭാരിച്ച ചികിത്സക്കിടെ വീട് നഷ്ടപ്പെട്ടവർക്കായി ആൽഫ ഹോംസ് എന്ന പാർപ്പിട പദ്ധതി, സ്കോളർഷിപ്പുകൾ, പഠനസഹായം... തുടങ്ങിയവയുണ്ട്.
ഈ സേവനം ആവശ്യമുള്ളവരിലേക്ക് എത്തിക്കാനായി പരിശീലനം നേടിയ നൂറുകണക്കിന് സന്നദ്ധപ്രവർത്തകർ ആൽഫയോടൊപ്പം പ്രവർത്തിക്കുന്നു. നിങ്ങൾക്കും ഈ കണ്ണിയിൽ അണിചേരാം നിങ്ങളുടെ സ്വന്തം പദ്ധതിയിലൂടെ...
ഈ പദ്ധതിയിൽ ചേർന്നു പ്രവർത്തിക്കാനാഗ്രഹിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആൽഫ പെയ്ൻ ക്ളിനിക്കുമായി ബന്ധപ്പെടുക.
ഫോൺ നമ്പറുകൾ:
എടമുട്ടം- 0480 2835 100, 2835 200, തൃശൂർ: 0487 2387 072, 2387 082, 2387 092
പാലക്കാട്: 0487 2570 800, കൊച്ചി: 99958 83179, 94971 85515.
പബ്ളിക് റിലേഷൻസ് ഓഫീസ്: 94971 58454, 94957 82616
|