|

ഷമൽ
ബഷീർ മേച്ചേരി
വേനലറുതിയോടെയാണ് വൃദ്ധരായ ഇരുവരും ആ മലയടിവാരത്തിലെത്തിച്ചേർന്നത്. ശൈത്യകാലത്തിന്റെ വരവിന് ഇനി അധികനാളുകളില്ല. വേനലിന് ഇതൊരു ഉഷ്ണമേഖലയാകുന്നു. പുറത്തിങ്ങിയാൽ അധികനേരമൊന്നും ഇങ്ങനെ നിൽക്കാൻ പറ്റില്ല. തളർന്നു പോകും. ഇരുവരും മലകളിലേക്കു കണ്ണുനട്ട് നടക്കുന്നതും ശ്രദ്ധിച്ച് ഡ്രൈവർ കാറിൽ ചാരി അലസനായി നിന്നു. പണ്ടെന്നോ കടൽ പിൻവാങ്ങിയപ്പോൾ ഉയർന്നുവന്ന മലനിരകളാണിവ. പ്രാചീന ശില്പങ്ങൾ കൊത്തി വെച്ചിരിക്കുകയാണെന്നു തോന്നും മലകളുടെ വിദൂരദൃശ്യങ്ങൾ കണ്ടാൽ. മൺചിത്രവേലകൾ മലകളിൽ മരങ്ങളോ സസ്യലതാദികളോ ഒന്നുമില്ല. ഭാവനയനുസരിച്ച് ഓരോരുത്തർക്കും ആ മലമടക്കുകളെ പല രൂപത്തിൽ ഭാവത്തിൽ ദൂരെനിന്നു കണ്ടു രസിക്കാം.
ഷമൽ നിരകൾ എന്ന് മരുഭൂമിയിലെ ആദിമനിവാസികൾ അതിനെ പ്രേമപൂർവ്വം വിളിക്കുന്നു. പ്രണയത്തിന്റെ പര്യായമാണ് ഷമൽ! കുന്നിറങ്ങി വരുന്ന കാറ്റ് ശ്രവണപുടങ്ങളിൽ പ്രാചീനമായ ചില രഹസ്യങ്ങൾ മന്ത്രിക്കുന്നതറിഞ്ഞ് ഇരുവരും ആ മലയടിവാരത്തിൽ സ്വപ്നാടകരെപ്പോലെ അലഞ്ഞു. കാണാതിരിക്കില്ല, വർഷങ്ങൾക്കു മുമ്പ് ശൈത്യകാലാരംഭത്തിൽ നാമം കണ്ട ആ തളിരിലകളും മൊട്ടിട്ട ആ ഇത്തിരിപ്പൂവും കാണും തീർച്ച. പ്രതീക്ഷാപൂർവ്വം അയാൾ പറഞ്ഞു പൂവ്വോ? ഈ മരുഭൂമിയിൽ ഏതു പൂവ്വിന്റെ കാര്യമാണ് അങ്കിൾ പറയുന്നത്? യുവാവായ ഡ്രൈവർ പുറകിൽ വന്ന് ഒച്ചയുയർത്തി : ബോസിന്റെ തോട്ടത്തിലില്ലാത്ത ഏതെങ്കിലും പൂക്കളുണ്ടോ? എന്നിട്ടാണോ ഇത്രദൂരം പിന്നിട്ടുവന്ന് ഈ തരിശുമലകളിൽ ഒരു പൂവ് തിരയുന്നത്? പ്ളീസ് നമുക്ക് മടങ്ങാം. സാറിന് ഇന്ന് അർജന്റ് അപ്പോയിന്റ്മെന്റ്സ് ഉള്ളതാ...
മകന്റെ കാർക്കശ്യം മുറ്റിയ മുഖം ഉള്ളിലുയർന്നതും അവർ കാറിനരികിലേയ്ക്ക് ധൃതിപ്പെട്ടു നടന്നു മലയിറങ്ങുമ്പോൾ ഇരുവരുടെയും തളർന്ന കണ്ണുകൾ ഒരു ഇത്തിരിപ്പൂവിനെ തേടിക്കൊണ്ടിരുന്നു.
|