|

മുത്തശ്ശിപ്പത്തായം
കാട്ടിലും പാട്ടിലും - മണിയമ്മ
(മുത്തശ്ശിപ്പത്തായം - തിരക്കഥയിൽ നിന്ന്)
(അവതാരകൻ മാട്ടുമലയിൽ നിൽക്കുന്നു) ഇത് മാടുകൾ മേഞ്ഞുനടന്നിരുന്ന മാട്ടുമല. മുനിയാട്ടുകുന്ന് വെള്ളാരംകൂന്ന് മുത്തുകുന്ന് എന്നിവയുടെ തുടർച്ചയാണ് മാട്ടുമല. മുപ്ളിയംപുഴ കച്ചേരിക്കടവു കടന്ന് തോട്ടുമുഖം കൂടി തെക്കോട്ടൊഴുകുന്നത് മുത്തുകുന്നിനും മാട്ടുമലയ്ക്കും ഇടയിലുള്ള വിടവിലൂടെയാണ.് ഏതോ ഒരാദിമപ്രളയത്തിന്റെ കുത്തൊഴുക്കാവില്ല. കോട്ടപോലെ നിന്നിരുന്ന ആ രണ്ടുകുന്നുകൾക്കിടയിൽ ഒരു വിള്ളലുണ്ടാക്കിയത് (കുന്നുകളുടേയും പുഴയുടേയും ദൃശ്യങ്ങൾ) കുലം കുത്തിയൊഴുകുന്ന പുഴയ്ക്കുവിലങ്ങും വിലക്കുമില്ല. മനുഷ്യജവും പുഴയുടെ ജത്തിന് സമാന്തരമാണ്. മലപോലെ വന്ന ദുരന്തങ്ങളെ ഇലപോലെ തരണം ചെയ്താണ് മണിയമ്മയുടെ പുഴയൊഴുകുന്നത്. മാട്ടുമലയിലെ മുക്കവലയിൽ 3 സെന്റ് പുരയിടം അതിൽ 3 മുറിക്കുള്ള പണിതീരാത്ത പുര. ഇതിലാണ് മണിയമ്മയും പേരക്കിടാവും കഴിഞ്ഞു കൂടുന്നത്. (മണിയമ്മയുടെയും പേരക്കിടാവിന്റേയും വീടിന്റേയും ദൃശ്യങ്ങൾ).
മണിയമ്മ മാട്ടിമലയിലെ പാഴ്മുളം തണ്ടാണ്. ജീവിതം മുഴുവൻ പാട്ടിന്റെ പാലാഴിതീർത്തവൾ. ദുരന്തങ്ങളിൽ ഇടിഞ്ഞുവീഴാതെ അവൾ പിടിച്ചു തൂങ്ങിയത് പാട്ടിന്റെ ചില്ലയിലാണ്. പാട്ട് അവർക്ക് പുളിങ്കൊമ്പ് തന്നെയാണ്. ആ ജം. പങ്കപ്പാടുകളെ അവർ പാടിപ്പാടി തങ്കപ്പെടാകുളാക്കുന്നു. മാട്ടുമലമുകളിൽ ഓർമ്മക്കാറ്റേറ്റ് ഈ മുളന്തണ്ട് താനേ മൂളിക്കൊണ്ടിരിക്കുന്നു. അസ്വസ്ഥവും ഏകാന്തവുമായ രാത്രികളിൽ പാറിപ്പറക്കുന്ന ഉറക്കത്തിന്റെ പക്ഷി ആ പാട്ടുകേട്ടാണ് കൂടണയുന്നത് (മണിയമ്മയുടെ പാട്ട്). രണ്ടാംക്ളാസിൽ പഠിക്കുമ്പോഴാണ് ഓരോണക്കാലത്ത് ഈ പാട്ടുകുട്ടിയെ ഈച്ചരൻമാഷ് നാടിന് പരിചയപ്പെടുത്തിയത്. രണ്ടാംക്ളാസ്സുകാരിയുടെ പാട്ട് ഒന്നാംക്ളാസ്സായിരുന്നുവെന്ന് ദൃക്സാക്ഷികൾ. മണിയെന്ന് ഇവൾക്കു പേരിട്ടവർ ധന്യരായി. ഊരായ ഊരിലെല്ലാം ഈ പേരുകേട്ടു. ഓരോ ഓണമുറ്റങ്ങളിലും ഈ നാദം വേറിട്ടു മുഴങ്ങി. നാദംകൊണ്ട് രൂപം പ്രിയതരമായി. (മണിയമ്മ ഓണപ്പാട്ടു പാടുന്നു).
കൗമാര-താരുണ്യങ്ങളിലെ ഓണക്കാലങ്ങളിൽ ഇവർ പാടിയ പോരുപാട്ടുകൾ യുവാക്കളുടെ മനം കവർന്നു. ഈ മണിമുഴങ്ങുന്നത് തനിക്കുവേണ്ടിയാണെന്ന് ഓരോ തരുണ ഹൃദയവും തുടിച്ചു. നാദം നിലച്ചാലും മുഴക്കം നിലയ്ക്കുന്നില്ല. അതിലൊരാൾക്ക് ആ നാദം വേദംതന്നെയായി. മണിയമ്മയുടെ നിലവറയിൽ നാട്ടുപാട്ടിന്റെ വമ്പിച്ച ശേഖരമുണ്ട്. താരാട്ടുപാട്ട്, കുറത്തിപ്പാട്ട്, ഓണപ്പാട്ട്, പൊറാട്ട്പാട്ട് എന്നിങ്ങനെ പാട്ടിന്റെ പലതരങ്ങൾ. പക്ഷേ പാട്ടിലൂടെ മണിയമ്മയ്ക്കു ജീവിക്കാനുള്ള മണിയൊന്നും കിട്ടിയില്ല. എണ്ണിയാലൊടുങ്ങാത്ത പണിയിലൂടെയാണ് അവർ അന്നത്തെ അന്നം നേടിയത്. (ചെയ്ത പണികളെക്കുറിച്ചു പറയുന്നു) ഇതിനിടയിലാണ് ദുരന്തങ്ങളുടെ മലയിടിഞ്ഞത് (സങ്കടദൃശ്യങ്ങൾ).
മരണക്കടലിലെ വെറുമൊരു തിരയോ നരജം? ഒരേയൊരു മകൾക്ക് 12 വയസ്സുള്ളപ്പോൾ ഭർത്താവ് മരിച്ചു. മകളുടെ മകന് 21 ദിവസമുള്ള മകളും 2 വയസ്സുള്ളപ്പോൾ മരുമകനും മരിച്ചു. ഹരണത്തിൽ എപ്പോഴും മണിയമ്മ ശിഷ്ടമാണ്. മരുമകന്റെ മരണക്രിയകൾ കഴിഞ്ഞ് അനാഥരായ പേരക്കുഞ്ഞുമായി തിരിച്ചുവരുമ്പോൾ . . . (അനുഭവം പറയുന്നു).
60 വർഷത്തെ ജീവിത്തിനിടയിൽ കഷ്ടത പെരുകിയ 8 വർഷം മണിയമ്മ പാടിയില്ല. ഉറ്റവരുടെ മരണം വന്ന് നാദത്തിന്റെ വിളക്കൂതിക്കൊണ്ടിരുന്നു. മരിച്ചതിനൊക്കുമോ ജീവിച്ചിരിക്കിലും എന്നായി. തിരയിൽ മുങ്ങിത്തുടിക്കുമ്പോഴും കരയെവിടെ കരയെവിടെ എന്നു കരഞ്ഞുകൊണ്ടിരുന്നു. തിരഞ്ഞുകൊണ്ടിരുന്നു. ഒടുവിൽ പാട്ടിന്റെ കരതെളിഞ്ഞു. കരൾ തെളിഞ്ഞു. നാദംകൊണ്ട് വേദം കളഞ്ഞു. (ഹോബികളിലേയ്ക്കു തിരിച്ചുവിട്ട ഡോക്ടറെക്കുറിച്ചു പറയുന്നു) ഇപ്പോഴവർ പാടിപ്പാടി സ്വയം മറക്കുകയാണ്. പൊറുക്കുകയാണ്. ദുർവ്വിധിക്കു തന്നെ വിട്ടുകൊടുക്കില്ലെന്നു വിധിക്കുകയാണ്.
മൂന്നാംക്ളാസുകാരിയായി മണിയമ്മ സ്വയം എഴുതി ചിട്ടപ്പെടുത്തിയ ഒരു പാട്ടുണ്ട് (പാടുന്നു). അതേ, പാട്ടുകൊണ്ടൊരു പെട്ടകം തീർത്ത് അതിൽക്കയറി രക്ഷപ്പെട്ടവൾ മണിയമ്മ. തൊട്ടാൽ വാടുന്ന പെണ്ണുങ്ങൾക്കിടയിൽ കടപറിഞ്ഞാലും വാടാത്ത അപ്പോഴും പാടുന്ന ഒരമ്മ, ഒരമ്മൂമ്മ. *****
|