|

എഡിറ്റോറിയൽ
മലയാളിയുടെ മഹാഗുരുനാഥന് പ്രണാമം
ഉച്ചരിക്കപ്പെട്ട വാക്കുകൾ വിത്തുകൾക്കു തുല്യം. ദീർഘകാലം മലയാളിയുടെ മാനുഷികതയെ രോഷാകുലമായി ഉണർത്തി നിർത്തിയ വാക്കുകൾ ഒരു ചിതയിലും കത്തിച്ചാമ്പലായിപ്പോകാനിടയില്ല. സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ആകുലതകൾകൊണ്ട് കൊളുത്തപ്പെട്ട തീയായിരുന്നു ആ വാക്കുകളിൽ നിറയെ. പ്രഭാഷണം നടത്തുമ്പോൾ തനിക്കുള്ളിൽ ചിത്രശലഭങ്ങൾ പറക്കാറുണ്ടെന്ന് അഴീക്കോട് മാഷ് പറയും. ഉള്ളിലെ സ്വാതന്ത്ര്യത്തിന്റെ ശലഭങ്ങളാണ് വാക്കുകളിൽ ഉദ്യാനമൊരുക്കുന്നതെന്ന മൊഴി എത്രയോ അർത്ഥഗർഭം. പടയാളിയുടെ കൈവാൾപോലെ ഭാഷയെ നിരന്തരം മൂർച്ചകൂട്ടി തിളക്കി നിർത്തി. ആ വാഗ്ഭടൻ. പൊട്ടിത്തെറിച്ചും തുറന്നടിച്ചും ക്ഷോഭിച്ചും പരിഹസിച്ചും മലയാളിയുടെ വർത്തമാനകാല ആലസ്യങ്ങളിൽ ഇത്രയേറെ ഇടപെടാൻ ശ്രമിച്ച മറ്റൊരു മനുഷ്യനുണ്ടാകില്ല. നമ്മുടെ ജീവിതകാലയളവിൽ അനീതിയോടെതിർപ്പിൻ എന്ന വാഗ്ഭടാനന്ദസൂക്തമാണ് ആ ക്ഷോഭശില്പങ്ങളുടെ കാതൽ. ഉലയാത്ത സ്വാതന്ത്ര്യബോധത്തിന്റെ നിർഭയത്വം അഴീക്കോട് മാഷിന്റെ ജവാസനയിലുണ്ട്.
മലയാളി അഴീക്കോട്മാഷിനെ ഏതൊക്കെ അർത്ഥങ്ങളിലാണ് കേട്ടുകൊണ്ടിരിക്കുന്നത്. ആശ്ചര്യകരമാണത്. ഇടതും വലതും മാറി മാറി ആ വാക്കുകൾക്കുള്ളിൽ കൂടണഞ്ഞു. ഓരോരുത്തർക്കും ആവശ്യമായതത്രയും ആ വാക്കുകൾ പങ്കുവെച്ചുകൊടുത്തു. ജീവിതത്തെ വിരൂപമാക്കുന്ന എന്തിനോടും കലഹിച്ചു. മലയാളിയുടെ മറവികളെയാണ് അത് പരിഹസിച്ചത്. അധികാരജീർണ്ണതകളോടാണ് ഏറ്റുമുട്ടിയത്. എല്ലായ്പ്പോഴും മതേതരമായ മാനുഷികതയെ ആ വാക്കുകൾ ഉണർത്തിക്കൊണ്ടിരുന്നു. മലയാളിയുടെ ഉച്ചഭാഷിണിയായി, നൈതികോദ്വേഹമായി.
ആ വാക്കുകൾ നമുക്കുള്ളിലെ ബുദ്ധനെ ഉണർത്തുന്ന ഊർജപ്രവാഹമായിരുന്നു. ബുദ്ധിയുടെ വെളിച്ചം ഹൃദയത്തിന്റെ ഊഷ്മളതകൊണ്ട് പൂരിപ്പിക്കുന്ന ഒരു മാന്ത്രികസിദ്ധി അതിനുണ്ടായിരുന്നു. കേരളീയരെ മുഴുവൻ അഭിസംബോധന ചെയ്യാനുള്ള ഏറ്റവും വലിയ സാംസ്കാരികസജീവതയുടെ ശബ്ദവും സാന്നിധ്യവുമായിരുന്നു അഴീക്കോട് മാഷ്. രാഷ്ട്രീയത്തിന്റെയും മതത്തിന്റെയും അഴുക്കുകളെയാണ് അദ്ദേഹം കഴുകിത്തുടയ്ക്കാൻ ശ്രമിച്ചത്. ഒരു നവകേരളവും നവഭാരതവും അദ്ദേഹത്തിന്റെ തീവ്രസ്വപ്നമായിരുന്നു. പുലർന്നുവരേണ്ട നവോത്ഥാന മൂല്യങ്ങളെക്കുറിച്ചാണ് അദ്ദേഹം വർത്തമാനകാലത്തോട് നിരന്തരം കലഹിച്ചുകൊണ്ടിരുന്നത്. എഴുത്തുകാരന്റെ സ്വാതന്ത്ര്യവും അന്തസ്സും ഇത്രമേൽ ആത്മബലത്തോടെ ആവിഷ്ക്കരിച്ചവർ കുറവാണ്. സംസ്കാരത്തിന് രാഷ്ട്രീയത്തോടും മതത്തോടും കലഹിച്ച് ഒരു തിരുത്തിൽ ശക്തിയാകാമെന്ന് അദ്ദേഹം തെളിയിച്ചു. പ്രഭാഷകനും നിരൂപകനും അപ്പുറം തന്റെ ജീവിതത്തിലെ ആത്യന്തികമായ ആവിഷ്കാരം അധ്യാപകവൃത്തിയാണെന്ന് അഴീക്കോട് മാഷ് പറഞ്ഞിട്ടുണ്ട്. അധ്യാപനത്തിന്റെ നവരസങ്ങളെയാണ് തന്റെ കർമ്മകാണ്ഡങ്ങളിലേയ്ക്കദ്ദേഹം വ്യാപിപ്പിച്ചത്. കേരളത്തെ മുഴുവൻ ഒരു ക്ളാസ് മുറിയാക്കി അദ്ദേഹം പഠിപ്പിച്ചുകൊണ്ടിരുന്നു. മറ്റാർക്കും കഴിയാത്ത വിധം സമകാലികതയുടെ എല്ലാ കളങ്കങ്ങളോടും എതിരിട്ടു. ആ ഏറ്റുമുട്ടലുകളിലെല്ലാം അസാധാരണമായ ധീരതയും സ്വാതന്ത്ര്യവും അനുഭവിച്ചു. വിയോജിപ്പുകളും വിമർശനങ്ങളും വിവാദങ്ങളും നിരന്തരം പിന്തുടർന്നിട്ടും കേരളത്തിന്റെ മഹാഗുരുനാഥനായി അനിതരസാധാരണമായ ആത്മഭാവനയോടെ ജീവിച്ചു.
മരണാനന്തരവും മലയാളിയുടെ വർത്തമാനങ്ങളിൽ അഴീക്കോട് മാഷിന് മൂല്യസമൃദ്ധമായൊരു ജീവിതത്തിന്റെ പ്രചോദനകേന്ദ്രമാകാൻ കഴിയുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ഗുരുകാരുണ്യത്തിന്റെ പ്രകാശപ്രവാഹത്തിനുമുന്നിൽ ശ്രദ്ധാഞ്ജലി .
Read the January edition article about Sukumar Azhikode- അഴീക്കോട് മാഷിന്റെ രോഗശയ്യയിൽ
|