FAIL (the browser should render some flash content, not this).

Subscribe to Sradha.Net

Enter your email address:

Previous Next
  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
  • 8
  • 9
  • 10
  • 11
  • 12
FAIL (the browser should render some flash content, not this).

Folllow Us

Previous Next
  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
  • 8
  • 9
  • 10
  • 11
സ്മൃതിചിത്രം - Theo Angelopoulos
User Rating: / 3
PoorBest 

anjelo-paulo


സ്മൃതിചിത്രം


ഐ. ഷണ്മുഖദാസ്‌

 

 

 

ലോകം സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്‌ ഒരു സിനിമയായി മാറ്റപ്പെടാനാണ്‌
(2012 ജനുവരി 24-ം തിയതി തിയോ ആൻജലോ പൗലോസ്‌ ഒരു റോഡപകടത്തിൽ മരണപ്പെട്ടു. തന്റെ പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിലാണ്‌ ആ ദുരന്തമുണ്ടായത്‌. ജനുവരിയിൽ തിരുവനന്തപുരത്തുനടന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ ഈ ഗ്രീക്ക്‌ ചലച്ചിത്രകാരന്റെ ചിത്രങ്ങളാണ്‌ പ്രേക്ഷകരെ ഏറ്റവും ആകർഷിച്ചത്‌. തിയോ ആൻജലോ പൗലോസിന്റെ ചലച്ചിത്രലോകത്തിലേയ്ക്ക്‌ ഐ. ഖണ്മുഖദാസ്‌ സഞ്ചരിക്കുന്നത്‌)


ചലച്ചിത്ര സംവിധായകനായ തിയോ ആൻജലോ പൗലോസ്‌ ഒരിക്കൽ എഴുത്തുകാരനായിരുന്നു. കവിയും കഥാകൃത്തും ചലച്ചിത്രനിരൂപകനും ആയിരുന്നു. പത്തുവയസ്സുവരെ കവിതകളെഴുതിയിരുന്ന തിയോ യൗവനത്തിൽ ഒരു ഇടതുപക്ഷ പ്രസിദ്ധീകരണത്തിൽ പതിവായിട്ടെഴുതിയിരുന്നത്‌ ചലച്ചിത്ര നിരൂപണമായിരുന്നു. മൂടൽമഞ്ഞിലെ ഭൂപ്രദേശ (Landscape in the Mist) മടക്കം പല ചിത്രങ്ങളുടെയും കഥ സംവിധായകന്റേതുതന്നെയാണ്‌.


ചെറു വാക്യങ്ങളെഴുതുന്നതിന്‌ തൽപരനായ ഈ ഗ്രീക്ക്‌ ചലച്ചിത്രകാരൻ ഇന്ന്‌ ലോകം മുഴുവനറിയപ്പെടുന്നത്‌ ദീർഘദൃശ്യ (long take)ങ്ങളുടെ പേരിലാണ്‌. തന്റെ നാട്ടുകാരനായ ഇതിഹാസ കവി ഹോമറിനെ ആദ്യം ഇഷ്ടപ്പെടാതിരിക്കുകയും പിന്നീട്‌ പ്രിയപ്പെട്ടവനാക്കുകയും ചെയ്ത ഇദ്ദേഹത്തിന്റെ രണ്ടു മികച്ച ചിത്രങ്ങളിലെ കേന്ദ്ര കഥാപാത്രങ്ങൾ എഴുത്തുകാരാണ്‌. മർസലോ മസ്ട്രോനി അവതരിപ്പിക്കുന്ന അതിർത്തിരേഖകളെക്കുറിച്ചും അഭയാർഥികളെക്കുറിച്ചുമുള്ള തൂക്കിപ്പിടിച്ച കൊറ്റിയുടെ കാല്‌ (The Suspended Leg of the Stork)എന്ന ചിത്രത്തിലെ നായകൻ എഴുത്തുകാരനായ ഒരു രാഷ്ട്രീയപ്രവർത്തകനാണ്‌. പാർലമെന്റ്‌ ഹാളിൽ സംസാരിക്കാനായി എഴുന്നേറ്റുനിന്ന്‌, പോക്കറ്റിൽ നിന്ന്‌ വായിക്കാനായി ഒരു കീറ്‌ കടലാസ്‌ പുറത്തേക്കെടുത്ത്‌, ഒടുവിൽ അത്‌ വേണ്ടെന്ന്‌ നിശ്ചയിച്ച്‌ അയാൾ അപ്രത്യക്ഷനാകുന്നു. വീട്ടിൽ നിന്നും നാട്ടിൽ നിന്നും അപ്രത്യക്ഷനാകുന്നു. പാർലമെന്റ്‌ ഹാളിൽ നിന്ന്‌ പുറത്തേക്ക്‌ നടക്കുന്നതിന്‌ തൊട്ടുമുമ്പ്‌ അയാൾ പറയുന്ന വാക്കുകൾ നിശ്ശബ്ദതയെക്കുറിച്ചാണ്‌. നിശ്ശബ്ദതയ്ക്ക്‌ ഒരു കാലമുണ്ട്‌. മഴയ്ക്കുപിറകിലെ സംഗീതം കേൾക്കാനാണ്‌ ആ നിശ്ശബ്ദതയുടെ കാലം എന്നും അയാൾ പറയുന്നുണ്ട്‌. മൗനത്തിന്റെ കാമുകനായി മാറിയ ഈ ഇടതുപക്ഷ രാഷ്ട്രീയപ്രവർത്തകൻ വിവാദമുയർത്തിയ ഒരു പുസ്തകത്തിന്റെ എഴുത്തുകാരനായിരുന്നു. നൂറ്റാണ്ടിന്റെ അന്ത്യത്തിലുള്ള നിരാശ എന്ന ഈ പുസ്തകത്തിൽ, സിനിമയുടെ യുഗമായ ഇരുപതാം നൂറ്റാണ്ടിന്റെ അന്ത്യത്തിലള്ള നിരാശയെക്കുറിച്ചുള്ള ഈ പുസ്തകത്തിൽ എന്തായിരുന്നു അയാളെഴുതിവെച്ചത്‌ എന്ന്‌ പ്രേക്ഷകരായ നമുക്ക്‌ ഒരു സൂചനയും ലഭിക്കുന്നില്ല. Despair at the End of the Century .1985 ൽ ആണത്രെ സിനിമയിൽ പരാമർശിക്കപ്പെടുന്ന ഈ ഗ്രീക്ക്‌ പുസ്തകം പുറത്തിറങ്ങിയത്‌.


അനന്തതയും ഒരു ദിവസവും(Eternity and a Day) പുറത്തിറങ്ങിയത്‌ 1988 ൽ ആണ്‌. മികച്ച ചിത്രത്തിനുള്ള ഗോൾഡൻ പാം കാൻമേളയിൽ നിന്ന്‌ ലഭിച്ച ഈ ചിത്രത്തിലെ നായകൻ, അർബുദരോഗവുമൊത്ത്‌, ആസന്നമായ മരണവുമൊത്ത്‌, അഭയാർഥിയായ ഒരു ബാലനുമൊത്ത്‌ സ്വദേശമായ ഗ്രീസിലൂടെ യാത്ര ചെയ്യുന്ന വൃദ്ധനായ ഒരു എഴുത്തുകാരനാണ്‌. ദീർഘകാലം പരദേശിയായി ജീവിതം തുടർന്ന അലക്സാണ്ടർ എന്ന കവി ഇപ്പോൾ അലഞ്ഞു നടക്കുന്നതിടയ്ക്ക്‌ ചെയ്യുന്ന ഒരു പ്രധാന പ്രവൃത്തി വാക്കുകൾ വിലകൊടുത്തു വാങ്ങുന്നതാണ്‌. അനാഥനും അഭയാർഥിയുമായ ബാലൻ ആളുകളിൽ നിന്ന്‌ വാക്കുകൾ മേടിച്ചുകൊണ്ടുവരുമ്പോൾ, ഓരോ വാക്കിനും അലക്സാണ്ടർ എന്ന എഴുത്തുകാരൻ കുട്ടിക്ക്‌ ഓരോ നാണയം കൊടുക്കും.


ഇടതുപക്ഷ വിഷാദിയായ എഴുത്തുകാരനെയും വാക്കുകൾ ചുറ്റുമുള്ള മനുഷ്യരിൽ നിന്ന്‌ ശേഖരിച്ച്‌ നടക്കുന്ന എഴുത്തുകാരനെയും ഇങ്ങനെ സിനിമകളിലൂടെ അവതരിപ്പിച്ച തിയോ ആർജലോ പൗലോസിന്റെ ഒരുചിത്രം ആദ്യമായി കാണാനിടവന്ന അനുഭവം വ്യക്തമായി ഇന്നും ഓർക്കാനാകുന്നു. ഇരുപത്തിമൂന്ന്‌ വർഷം മുമ്പ്‌, 1988 ൽ തിരുവനന്തരപുരത്താദ്യമായി ഐ.എഫ്‌.എഫ്‌.ഐ. നടന്നപ്പോഴാണ്‌, തേനീച്ചക്കാരൻ (The Bee Keeper) കാണാനിടയായത്‌. മർസലോ മസ്ട്രോനി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ഈ ചിത്രമായിരുന്നു മേളയിലെ ഏറ്റവും അവിസ്മരണീയമായ ചലച്ചിത്രാനുഭവം. ഒരു ആൻജലോ പൗലോസ്‌ ചിത്രമായിട്ടല്ല അന്ന്‌ ചിത്രം കണ്ടത്‌. മുമ്പ്‌ കേട്ടിട്ടേയില്ലാത്ത ഒരു ചലച്ചിത്രകാരനെ ആ ചിത്രത്തിലൂടെ പരിചയപ്പെടുകയായിരുന്നു. ചരിത്ര സങ്കീർണ്ണതകളുടെ, രാഷ്ട്രീയ തീക്ഷ്ണതകളുടെ, വിഷാദതീവ്രതയുടെ ഇതിഹാസകാരനായി, പാതചിത്രങ്ങളുടെ മനുഷ്യകഥാചലച്ചിത്രകാരനായി. പിന്നെയും എട്ടുവർഷം കഴിഞ്ഞാണ്‌, അദ്ദേഹത്തെ തിരിച്ചറിയാനായത്‌. തിരിഞ്ഞുനോക്കുമ്പോൾ ഒരു സംശയവും കൂടാതെ ഇന്നു പറയാനാകുന്നു, 1996 ൽ ഹൈദരാബാദിൽ നടന്ന ഇന്ത്യൻ അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ ഏറ്റവും ഉജ്ജ്വലമായ അനുഭവം മൂന്ന്‌ ആൻജലോ പൗലോസ്‌ സിനിമകളായിരുന്നു. മൂടൽമഞ്ഞിലെ ഭൂപ്രദേശം, തൂക്കിപ്പിടിച്ച കൊറ്റിയുടെ കാല്‌, പിന്നെ അനന്തതയും ഒരു ദിവസവും. സിനിമയുടെ ചരിത്രത്തിന്റെ ഒരു തുടർച്ച തന്നെ എങ്കിലും വ്യത്യസ്തമായ ഒരു ചലച്ചിത്രലോകം. വാൾട്ടൻബെഞ്ചമിനിൽ നിന്ന്‌ ലഭിച്ച ഇടതുപക്ഷ വിഷാദം (left wing melancholy) എന്ന ആശയം ഫാസ്ബിന്ദർസിനിമകളിലൂടെ എഴുപതുകളുടെ അവസാനത്തിൽതന്നെ കണ്ടറിഞ്ഞിരുന്നുവെങ്കിലും കൂടുതൽ ആഴത്തിൽ അതുൾക്കൊള്ളാനായത്‌ ഈ മൂന്നു ചിത്രങ്ങളിലൂടെയുമാണ്‌. ഇരുപതാം നൂറ്റാണ്ടിലുണർന്ന പ്രതീക്ഷയുടെ വെളിച്ചം ഇരുണ്ടുപോകുന്നതിന്റെ വൈകാരിക ചരിത്രരേഖകൾപോലെ ഈ ചിത്രങ്ങൾ അക്കാലത്ത്‌ അനുഭവപ്പെടുകയുണ്ടായി. അതിർത്തികളും അഭയാർത്ഥികളും ചരിത്രത്തിന്റെ മുറിവുകളും നിറഞ്ഞ മൂന്നു ചിത്രങ്ങൾ. ഈ ചിത്രങ്ങളിൽനിന്നാണ്‌ ആൻജലോ പൗലോസിന്റെ ദൃശ്യ-ശ്രാവ്യ മുദ്രകൾ തിരിച്ചറിയാനായത്‌.


ഇതിഹാസ സ്വഭാവമുള്ള രണ്ടു ചിത്രങ്ങൾ പിന്നെയും പല വർഷങ്ങൾക്കുശേഷമാണ്‌ കണ്ടത്‌. മൂന്നു മണിക്കൂറോളം ദീർഘമായ രണ്ടു ചിത്രങ്ങൾ. ഹോമറിന്റെ ഇതിഹാസനായകനായ യൂലിസസിന്റെ നാട്ടുകാരനായ ആൻജലോ പൗലോസ്‌, യൂലിസസിന്റെ നോട്ട്‌ മെന്ന്‌ ചിത്രത്തിന്റെ തുടക്കത്തിൽ തന്നെ നമ്മുടെ നോട്ടത്തിനുവേണ്ടി കൊണ്ടുവരുന്നത്‌ ഒരു ചെറു കപ്പലാണ്‌. നദിയിലൂടെ അത്‌ മെല്ലെ, വളരെ സാവകാശമെന്ന്‌ ഓർമ്മ പറയുന്നതുപോലെ, നീങ്ങിക്കൊണ്ടിരിക്കുന്നത്‌, ചലച്ചിത്രപ്രേക്ഷകരായി ഉറ്റുനോക്കിക്കൊണ്ടിരിക്കുയാണ്‌ നാം. ഒഴുകുന്ന പുഴയിലെ ചലിക്കുന്ന കപ്പലിന്റെ മേൽത്തട്ടിലായി നമുക്കിപ്പോൾ കാണാവുന്നത്‌, ജീവനില്ലാത്ത, ചലനരഹിതമായ, ഉടഞ്ഞ പ്രതിമയാണ്‌. ചരിത്രത്തിൽനിന്നുമൊരു ശേഷിപ്പൂപോലെ, സ്മാരകംപോലെ, ഉടലും ശിരസ്സും കൈയും കാലുമെല്ലാം വേറെ വേറെയായിരിക്കുന്ന ഒരു പ്രതിമ, ലെനിന്റെ പ്രതിമ. പ്രേക്ഷകരായ നമ്മുടെ നോട്ടത്തിലൂടെ മാത്രമല്ല ഈ കപ്പൽ നീങ്ങിക്കൊണ്ടിരിക്കുന്നത്‌. നീങ്ങുന്ന കപ്പലും മേൽത്തട്ടിലെ ഉടഞ്ഞ പ്രതിമയും കാണാനായി കരയിലൂടെ ആളുകൾ ഓടിക്കൊണ്ടിരിക്കുന്നതും കാഴ്ച്ചക്കാരായി നാം അറിയുന്നു. ചരിത്രത്തിന്റെ ചലച്ചിത്ര ത്രയവും അതിർത്തികളുടെ ചലച്ചിത്ര ത്രയവും നിശ്ശബ്തയുടെ ചലച്ചിത്ര ത്രയവും എടുത്ത ചലച്ചിത്രകാരൻ. നൂറ്റാണ്ടിന്റെ അന്ത്യത്തിലുള്ള നിരാശ എന്ന പുസ്തകമെഴുതിയ വിഷാദ തീക്ഷ്ണ രാഷ്ട്രീയ നായകനെ തൂക്കിപ്പിടിച്ച കൊറ്റിയുടെ കാലിൽ അവതരിപ്പിച്ച ആൻജലോ പൗലോസ്‌, യൂലിസസിന്റെ നോട്ടത്തിലൂടെ ചിത്രീകരിക്കാൻ ആഗ്രഹിച്ചത്‌, ഒരു നൂറ്റാണ്ടിന്റെ തന്നെ പ്രതീക്ഷയും വിശ്വാസവും മറഞ്ഞുപോകുന്നതിന്റെ കൊടിയ വേദനയാണ്‌.
നോട്ടത്തിന്റെ സിനിമ മാത്രമല്ല, കഥ പറയുന്നവരുടെ, നിലവിളിക്കുന്നവരുടെ സിനിമയുമാണ്‌ ആൻജലോ പൗലോസിന്റെ സിനിമ. എഴുത്തുകാരനായ തന്റെ ഭർത്താവിനെക്കുറിച്ച്‌ കൊറ്റിയുടെ കാലിൽ ഭാര്യയോർക്കുന്നത്‌, വലിയൊരു മുറിവ്‌ അയാളിലുണ്ടായിരുന്നു എന്നാണ്‌, അതൊരിക്കലും അയാൾ തന്നോട്‌ പറഞ്ഞിരുന്നില്ല എന്നാണ്‌. അപ്രത്യക്ഷനായ ഇയാൾ, അല്ലെങ്കിൽ ഇയാളുടെ പ്രതിരൂപമായ ഒരു അഭയാർഥി, വൈക്കോലുമായി വന്ന കുട്ടിയോടു പറയുന്നത്‌, ആ വൈക്കോലിന്റെ കഥയാണ്‌. ഇരുട്ടിലം നിശ്ശബ്ദതയിലുമാണ്‌ ഈ ചെടികൾ പിറന്നത്‌, വളർന്നത്‌. കരയുന്ന മൈതാനം(Weeping Meadow) എന്ന ചിത്രത്തിൽ നാം കേൾക്കുന്നത്‌ തൃണദലങ്ങളെക്കുറിച്ചൊരു കഥയാണ്‌. ഈ ചിത്രത്തിന്റെ അവസാനത്തിൽ നാം കേൾക്കുന്നത്‌ കേന്ദ്രകഥാപാത്രമായ സ്ത്രീയുടെ വിലാപമാണ്‌. പ്രണയിനിയുടെ, ഭാര്യയുടെ, അമ്മയുടെ, അവസാനിക്കാത്ത വേദനയായി, ഇടമുറിയാത്ത വിലാപമായി, ചരിത്രത്തിൽനിന്നുമുയരുന്ന വാക്കുകളായി, കാലത്തിൽ നിന്നുമുയരുന്ന നിലവിളിയായി, വാക്കുകൾ, വാക്കുകൾ, വാക്കുകൾ.
പാതകളുടെ മാത്രമല്ല, അതിർത്തികളുടെ, പുഴകളുടെ സിനിമയാണ്‌ നാം കാണുന്നത്‌ (കരയുന്ന മൈതാനത്തിൽ പുഴ നിറഞ്ഞൊഴുകിക്കവിയുമ്പോൾ വീടുകൾ വെള്ളപ്പൊക്കത്തിന്‌ നടുവിലാകുന്നു). ഓർമ്മയിൽ ഇപ്പോൾ കേൾക്കാനാകുന്നതും അതിർത്തിയായ ഒരു പുഴയുടെ ശബ്ദമാണ്‌. തൂക്കിപ്പിടിച്ച കൊറ്റിയുടെ കാലിലെ വിവാഹമുഹൂർത്തം. പുഴയുടെ ഇരുകരയിലുമായിട്ടാണ്‌ വധുവും വരനും അവരുടെ ആളുകളും ഒരുങ്ങിവന്നിരിക്കുന്നത്‌. അവർക്കിടയിലായി, വിവാഹത്തിനിടയിലായി, ഇരു രാജ്യങ്ങൾക്കിടയിലായി, അതിർത്തിരേഖയായി, പുഴ. ഇപ്പോൾ ഒരു തരം ശാന്തതയായി, സ്വച്ഛതയായി, വിഷാദരാഗമായി, നാം കേട്ടുകൊണ്ടിരിക്കുന്നത്‌, തീരങ്ങളിൽ ചെറു ഓളങ്ങൾ വന്നലയ്ക്കുന്നതിന്റെ ജലശബ്ദമാണ്‌. എന്തുകൊണ്ടോ, ഉച്ചരിക്കപ്പെടുന്ന വാക്കുകൾക്കും സംഗീതത്തിനും പ്രാധാന്യമുള്ള ആൻജലോ പൗലോസിന്റെ അടയാള ശബ്ദമായി മനസ്സിലുയരുന്നത്‌ ഈ ജലശബ്ദമാണ്‌.


യൂലിസസിന്റെ നോട്ടത്തിൽ കേന്ദ്രകഥാപാത്രം ഒരു ചലച്ചിത്ര സംവിധായകനാണ്‌. ദീർഘകാലം പരദേശിയായിക്കഴിഞ്ഞ സംവിധായകൻ. നാട്ടിലെത്തി നഷ്ടപ്പെട്ട മൂന്നു റീൽ സിനിമ കണ്ടെടുക്കാനായി നടത്തുന്ന യാത്രയാണ്‌ സിനിമയിൽ. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ ബാൽക്കൻ പ്രദേശങ്ങളിൽ സിനിമകൊണ്ടു വന്ന മനാക്കിസ്‌ സഹോദര‍ാരുടെ ഒരു ചിത്രത്തിലെ നഷ്ടപ്പെട്ട മൂന്നു റീലുകൾ. ഫിലിം റീലുകൾ അട്ടിയിട്ട ഒരിടത്ത്‌ നായകനെത്തിച്ചേരുമ്പോൾ സിനിമ അവസാനിക്കുന്നു എന്നാണ്‌ ഓർമ്മ. സിനിമ മുടൽമഞ്ഞിലെ ഭൂപ്രദേശത്തിൽ പ്രത്യക്ഷപ്പെടുന്നതിന്റെ ഒരു ഓർമ്മയും തെളിഞ്ഞുവരുന്നു. അമ്മയുടെ കഥയിലെ തങ്ങളുടെ ജർമൻകാരനായ അച്ഛനെത്തേടി നടക്കുന്നതിനിടക്ക്‌ കുട്ടികൾക്ക്‌ ഒരു സന്ദർഭത്തിൽ ലഭിക്കുന്നത്‌ ഒരുതുണ്ട്‌ ഫിലിം ആണ്‌. കൗതുകത്തോടെ കുട്ടികൾ അത്‌ വെളിച്ചത്തിന്‌ നേർക്കുയർത്തിപ്പിടിച്ച്‌ നോക്കുന്നു. അവരുടെ നോട്ടത്തിൽ ആദ്യം തെളിഞ്ഞു കാണുന്നത്‌ എല്ലാം മൂടുന്ന മൂടൽമഞ്ഞാണ്‌. എന്നാൽ തുടർന്ന്‌ കാണുന്നതോ ഒരു മരവും. തൂക്കിപ്പിടിച്ച കൊറ്റിയുടെ കാലിൽ കേന്ദ്രകഥാപാത്രമായി എഴുത്തുകാരനാണ്‌ എങ്കിലും അയാളുടെ അപരവ്യക്തിത്വംപോലെ ഒരു ടെലിവിഷൻ ജേണലിസ്റ്റും ചിത്രത്തിലുണ്ട്‌. മനുഷ്യരെ അവരുടെ വികാരങ്ങളെക്കുറിച്ച്‌ വേവലാതിപ്പെടാതെ, ദൃശ്യങ്ങളിലേക്ക്‌ പകർത്താൻ മാത്രമേ എനിക്കറിയൂ എന്നുപറയുന്ന ഒരാൾ. ഏറ്റവും ഒടുവിലിറങ്ങിയ കാലത്തിന്റെ പൊടി (The Dust of Time) യിലും കേന്ദ്രകഥാപാത്രം ഒരു ചലച്ചിത്രകാരനാണ്‌. ഗ്രീക്ക്‌ വംശജനായ ഒരു അമേരിക്കൻ സംവിധായകൻ.


ആൻജലോ പൗലോസിന്‌ പ്രിയപ്പെട്ടതായി വില്യം ഫോക്ക്നറുടെ ഒരു വചനമുണ്ട്‌. ലോകം സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്‌, ഒരു നോവലായി മാറ്റപ്പെടാനാണ്‌  (The world was created to be turned into a novel)  ലോകം സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്‌ ഒരു സിനിമയാക്കി മാറ്റപ്പെടാനാണ്‌ എന്ന്‌ വിശ്വസിക്കാനാഗ്രഹിക്കുന്ന ഒരാളാണ്‌ താൻ എന്ന്‌ സ്വയം കരുതുന്നതായി ആൻജലോ പൗലോസ്‌ പറഞ്ഞത്‌ ഈ ഫോക്ക്നർ സങ്കൽപത്തിന്റെ തുടർച്ചയായിട്ടാണ്‌. എഴുത്തവസാനിപ്പിച്ച്‌, തന്റെ അനുഭവങ്ങളെ, നിരീക്ഷണങ്ങളെ, ഭാവനയെ, സിനിമകളായി രൂപപരിണാമം നടത്തുന്ന കാലത്തിന്റെ, ചരിത്രത്തിന്റെ ചലച്ചിത്രകാരനായ ആൻജലോ പൗലോസ്‌, സിനിമകളിലൂടെ തെളിയിച്ചുകൊണ്ടിരിക്കുന്നത്‌, സിനിമക്ക്‌ ഇതിഹാസവും കവിതയും ആയിത്തീരാനാകും എന്നുതന്നെയാണ്‌.