|

കുറിപ്പ് :
വല്ലാതെ ബുദ്ധിമുട്ടുമ്പോൾ ആരും ഉണ്ടാകില്ല.
സി. ഗണേഷ്
ഓണത്തെക്കുറിച്ച് എന്റെ ഗവേഷണത്തിന്റെ മേഖലയായി തെരെഞ്ഞെടുത്തിരുന്നത്. ഭാരതപ്പുഴയുടെ കരകളിലുള്ള പട്ടാമ്പിയുടെ പരിസരപ്രദേശങ്ങളായിരുന്നു. വള്ളുവനാട് എന്നാണ് അവ അറിയപ്പെടുന്നത്. പട്ടാമ്പിയുമായി എന്നെ കൂട്ടിയിണക്കുന്ന സൗഹൃദങ്ങൾ പരുതുരുകാരനായ കഥാകൃത്ത് എൻ. പ്രദീപ്കുമാർ, കൂറ്റനാട് ബുക്ഷോപ്പു നടത്തുന്ന സുബൈർ എന്നിവരാണ്. വള്ളുവനാട്ടിലെ വിവിധ ജാതി-മത-തൊഴിൽ കൂട്ടായ്മകളുടെ ഓണത്തിന്റെ ആഘോഷാത്മകതയാണ് എന്റെ അന്വേഷണവിഷയം. പ്രദീപ്കുമാറിനെ വിളിച്ച് കാര്യം പറഞ്ഞപ്പോൾ സുബൈറിന്റെ കൂറ്റനാട്ടെ കടയിലേക്ക് എത്താനാണ് പറഞ്ഞത്. ബാക്കിയെല്ലാം നമുക്കവിടെ നിന്നു ശരിയാക്കാം പ്രദീപ് പറഞ്ഞു. ഭാരതപ്പുഴയുടെ കരകളിലുള്ള സ്ഥലങ്ങൾ എന്ന് തീർച്ചപ്പെടുത്തിയിരുന്നെങ്കിലും എനിക്ക് ആ പ്രദേശങ്ങൾ മുഴുവനുമൊന്നം അിറയില്ലായിരന്നു. വള്ളുവനാടൻ പ്രദേശങ്ങൾ എനിക്ക് പരിചയപ്പെടുത്താനുള്ള ദൗത്യം ബൈക്കുമായി വന്ന പ്രദീപ് ഏറ്റെടുത്തു. വള്ളുവനാടൻ ഭൂമിശാസ്ത്രം എനിക്കവൻ നന്നായി മനസ്സിലാക്കിതന്നു. ഓരോ സ്ഥലവും അവിടത്തെ പ്രത്യേകതയും പ്രമുഖ വ്യക്തികളേയും പ്രദീപ് പരിചയപ്പെടുത്തി. സാധാരണക്കാരായ ആളുകളെ കൂടി പരിചയപ്പെടേണ്ടതുണ്ടെന്നും അഭിമുഖം നടത്തേണ്ടതുണ്ടെന്നും പറഞ്ഞപ്പോൾ പ്രദീപ് സുബൈറിനോട് ചോദിക്കുന്നതുകേട്ടു നമ്മുടെ മണിയേട്ടന് ഓണത്തെക്കുറിച്ച് ചിലതൊക്കെ പറയാൻ കാണും, ഇല്ലേ? അതു ശരിയാണെന്ന് സുബൈർ ശരിവെച്ചപ്പോൾ പ്രദീപ് എന്നെയും കൂട്ടി കൂറ്റനാട്ടുള്ള കോയമ്പത്തൂർ എഞ്ചിനീയറിങ് വർക്ക്സ് എന്ന സ്ഥാപനത്തിലേയ്ക്ക് നടന്നു. ഇതാണ് മണിയേട്ടൻ എന്നുമാത്രമാണ് പ്രദീപ് പറഞ്ഞത്. ആവേദകരുടെ ജാതിയും മതവും തൊഴിലുമൊക്കെ അവരോടുതന്നെ ചോദിച്ചു മനസ്സിലാക്കേണ്ടിവരുന്നത് അത്ര സുഖമുള്ള കാര്യമല്ല. ആവേദകരുടെ പൊതുവിവരങ്ങൾ അറിഞ്ഞ് അഭിമുഖം നടത്തുകയാണ് അഭികാമ്യം. അതിനാൽ തന്നെ മണിയേട്ടനുമായി ഓണത്തെക്കുറിച്ച് കൂടുതൽ സംസാരിക്കാനായില്ല. എന്നു തന്നെയുമല്ല അതൊരു സന്ധ്യാനേരമായിരുന്നു. നേരം വൈകുകയായിരുന്നു. എനിക്ക് ഉടൻ തിരിച്ചുപോകണം. മണിയേട്ടനാണെങ്കിൽ അദ്ദേഹം നടത്തുന്ന കോയമ്പത്തൂർ എഞ്ചിനീയറിങ് വർക്സിലെ ജോലികളെക്കുറിച്ചാണ് പറഞ്ഞുകൊണ്ടിരുന്നത്. എനിക്കു തിരിക്കുവാൻ സമയമായെന്ന് ക്ഷമാപണത്തോടെ ഞാൻ സൂചിപ്പിച്ചു. അതു പറഞ്ഞതും മണിയേട്ടൻ സംസാരം നിർത്തി, എഴുന്നേറ്റു. പെട്ടെന്ന് ഒരു ചായ വരുത്തിച്ചു. ഞാനത് മൊത്തിക്കുടിക്കുമ്പോൾ മണിയേട്ടൻ പറഞ്ഞു ഇതിവിടത്തെ പതിവാ.
കൂറ്റനാട്ടുള്ള മണി എന്ന സഹൃദയനെ പരിചയപ്പെട്ടെങ്കിലും ഓണത്തെക്കുറിച്ച് ഒന്നും ചോദിക്കാനാവാത്തതിന്റെ ഖേദത്തിലായിരുന്നു ഞാൻ. അന്ന് ഞാൻ പരിചയപ്പെട്ട നൂറുകണക്കിന് ആവേദകരിൽ പക്ഷേ, മണിയേട്ടന്റെ മുഖം മാത്രമാണ് എന്റെ മനസ്സിൽ നിറഞ്ഞു നിന്നത് എന്നത് വിചിത്രമായി തോന്നുന്നു. ആ മനുഷ്യനുമായി എന്നെ കോർത്തിണക്കുന്ന എന്തോ ഒന്ന് ഞങ്ങൾക്കിടയിൽ ജനിച്ചിരുന്നു. ആത്മബന്ധം എന്ന് പറയാമോ അതിനെ? മണിയേട്ടന്റെ ശബ്ദവും കുറേക്കാലമായി പരിചയമുള്ള സുഹൃത്തിനോടെന്നപോലുള്ള സംസാരവും അദ്ദേഹത്തിനെ എന്നോടടുപ്പിച്ചു. ആവേദകരിൽ ചിലരുടെ ചീത്തയും മുഷിഞ്ഞുള്ള നോട്ടവും ആട്ടിയകറ്റലും സഹിച്ച എനിക്ക് മണിയേട്ടൻ എന്ന ആവേദകനെ വർഷങ്ങൾക്കുമുമ്പ് പരിചയമുള്ളതായി തോന്നി.
ഏതാണ്ട് ഒരു മാസം കഴിഞ്ഞാണ് ഞാൻ‍് പിന്നീട് കൂറ്റനാട്ടേക്കു പോകുന്നത്. അന്ന് എന്നോടൊപ്പം സഹായത്തിനായി ഉണ്ടായിരുന്നത് കവിസുഹൃത്ത് രാജേഷ് നന്ദിയംകോടായിരുന്നു. രാജേഷിനോട് ഞാൻ പറഞ്ഞു കോയമ്പത്തൂർ വർക്സിലെ മണിയേട്ടനെ ആദ്യം കാണണം. ആവേദകനോട് ഞാൻ സംസാരിച്ചിരിക്കുമ്പോൾ പുറത്തുപോവുകയും കഴിയാറാവുമ്പോഴേയ്ക്കും വന്നെത്തുകയുമാണ് രാജേഷിന്റെ രീതി. ഞാൻ മണിയേട്ടന്റെ സ്ഥാപനത്തിലേയ്ക്ക് കയറിയതും അവൻ പോയി. ഒരു മാസം മുമ്പ് നിർത്തിയേടത്തു നിന്ന്, ഇന്നലെ വൈകുന്നേരം ഞങ്ങൾ തമ്മിൽ കണ്ടിരുന്നോ എന്ന് ഒരു നിമിഷം ഞാൻ സംശയിച്ചുപോയി. അത്രയ്ക്ക് ഒഴുക്കായിരുന്നു, തുടർച്ചയായിരുന്നു. മണിയേട്ടന്റെ സംസാരത്തിന്. മണിയേട്ടൻ എന്റെ കാര്യങ്ങളെല്ലാം ചോദിച്ചു. കഥയെഴുതാറുണ്ടെന്നും നാലു പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും പറഞ്ഞപ്പോൾ അദ്ദേഹം ഉഷാറായി. അദ്ദേഹത്തിന്റെ കണ്ണുകളിൽ ഒരു തിളക്കം ഞാൻ കണ്ടു. അദ്ദേഹം ഹസ്തദാനം ചെയ്തു. വ്യത്യസ്തനായ ചെറുപ്പക്കാരൻ എന്ന സർട്ടിഫിക്കറ്റും നൽകി. പിന്നീടദ്ദേഹത്തിന്റെ സംസാരത്തിൽ ഒരെഴുത്തുകാരനോടുള്ള ആഭിമുഖ്യം പ്രകടമായിരുന്നു. വാക്കുകളിൽ പ്രകടിപ്പിക്കാൻ കഴിയാത്ത വാത്സല്യവും ഞാൻ അനുഭവിച്ചു. മനസ്സിലുള്ള സങ്കൽപ്പത്തിനനുസരിച്ച് ഇന്നുവരെ ഓണം ആഘോഷിക്കാൻ എനിക്കു കഴിഞ്ഞിട്ടില്ല എന്ന ആമുഖത്തോടെയാണ് മണിചേട്ടൻ തുടങ്ങിയത്. അതൊരു ഒറ്റപ്പെട്ട പറച്ചിലായിരുന്നു സ്വസ്ഥമായി ഒന്നിരിക്കാൻ ഇന്നുവരെ കഴിഞ്ഞിട്ടില്ല ഗണേഷ് അദ്ദേഹം പറഞ്ഞു. സത്യം പറയട്ടെ വീട്ടിലുള്ളവർക്ക് തുണി എടുത്തുകൊടുക്കാൻ എനിക്കിന്നുവരെ പറ്റിയിട്ടില്ല. പണം തികയില്ല. അത്ര തന്നെ. പിന്നെ കാലം കഴിഞ്ഞപ്പോൾ വീട്ടുകാർക്ക് എടുത്തു കൊടുക്കാൻ ശ്രമിക്കാതായി മണിയേട്ടൻ കുറച്ചുനേരം എന്തോ ആലോചനയിലാണ്ടു. പിന്നെ പറഞ്ഞു ഓണം എന്നു പറഞ്ഞാൽ എനിക്കു വിഷമമാണ്. തിരുവോണത്തിന് പ്രത്യേകിച്ചൊന്നും ചെയ്യാറില്ല. വല്ലാതെ ബുദ്ധിമുട്ടുമ്പോൾ തൃക്കാക്കര തേവരും ഉണ്ടാവില്ല ഒന്നും ഉണ്ടാവില്ല. സത്യത്തിന്റേയും യാഥാർത്ഥ്യത്തിന്റേയും വാക്കുകളായിരുന്നു അത്. കൂടുതൽപേരും ഓണത്തിന്റെ ആഘോഷാത്മകതയുടെ ബഹുവർണ്ണങ്ങൾ ഓർമ്മിച്ചെടുക്കുമ്പോൾ ഇദ്ദേഹം മാത്രമെന്തേ ഇങ്ങനെയെന്ന് ചിന്തിച്ചു. കാരണം അന്ന് കണ്ട എല്ലാവരും തന്നെ ഓണത്തിന്റെ ഗൃഹാതുരതയും ആഹ്ളാദവും സമൃദ്ധിയും സന്തോഷവും പങ്കുവെക്കുന്നവരായിരുന്നു. നേരം ഉച്ചയായി. മണിയേട്ടന്റെ സ്ഥാപനത്തിലേയ്ക്ക് രാജേഷ് എത്തിയില്ല. മണിയേട്ടൻ എന്നെ ഊണു കഴിക്കാൻ ക്ഷണിച്ചു. ഭക്ഷണം കയ്യിലുണ്ടെന്നു പറഞ്ഞ് ഞാനൊഴിഞ്ഞു. അവിടെ നിന്നിറങ്ങി നടക്കുമ്പോൾ മണിയേട്ടന്റെ വാക്കുകൾ തന്നെയായിരുന്നു മനസ്സിൽ. വല്ലാതെ ബുദ്ധിമുട്ടുമ്പോൾ തൃക്കാക്കര തേവരും ഉണ്ടാവില്ല ആരും ഉണ്ടാവില്ല.
രണ്ടുമൂന്നു മാസം കഴിഞ്ഞ് കൂറ്റനാട് ഉപജില്ലാ കലോത്സവത്തിന്റെ വിധി നിർണയത്തിന് ഞാൻ പോയിരുന്നു. കൂറ്റനാടു ടൗണിൽവെച്ച് ഒരാൾ പൊടുന്നനെ എന്റെ കൈ പിടിച്ചു. ങാ ഇവിടെ വന്നിട്ട് എന്റെ വർക്ഷോപ്പിൽ വരാതെ പൂവ്വേ? വല്ലാത്ത പരിഭവത്തോടെ മണിയേട്ടൻ ചോദിച്ചു. യുവജനോത്സവത്തിനു വന്നതാണെന്നും അങ്ങോട്ടു പോവുകയാണെന്നും പറഞ്ഞു. തിരികെ വരുമ്പോൾ തീർച്ചയായും വർക്ഷോപ്പിൽ കയറാമെന്ന് ഉറപ്പു കൊടുത്തു. അപ്പോൾ മാത്രമാണ് മണിയേട്ടൻ എന്റെ കൈ വിട്ടത്. അന്നു വൈകീട്ട് ഞാനവിടെ ചെന്നപ്പോൾ മണിയേട്ടന്റെ കസേര ഒഴിഞ്ഞു കിടക്കുന്നു. ഏതോ രോഗിയുടെ ചികിത്സയുമായി ബന്ധപ്പെട്ട് സഹായത്തിന് പോയിരിക്കുകയാണെന്നറിയാതെ ഞാൻ കുറേ കാത്തു നിന്നു. രോഗികളേയും വേദനിക്കുന്നവരേയും അകമഴിഞ്ഞ് സഹായിക്കുന്ന ശീലം മണിയേട്ടന്റെ സ്വഭാവത്തിന്റെ ഭാഗമായിരുന്നു. വർക്ഷോപ്പിലെ പയ്യനോട് ഞാൻ പറഞ്ഞു ഒരാൾ ഇവിടെ വന്നിരുന്നു എന്ന് മണിയേട്ടനോട് പറയണം. രാവിലെ കണ്ടയാൾ എന്നുപറഞ്ഞാൽ മതി. അതവൻ പറഞ്ഞിരിക്കുമോ എന്നറിയില്ല. ഞാൻ വാക്കു പാലിച്ചില്ലെന്നാവും മണിയേട്ടൻ ഒരു പക്ഷേ വിചാരിച്ചിരിക്കുക അടുത്ത തവണ കാണുമ്പോൾ എന്തു തിരക്കുണ്ടെങ്കിലും കൂടുതൽ നേരം സംസാരിച്ചിരിക്കണം. ഞാൻ വിചാരിച്ചു.
ഓണാഘോഷത്തിന്റെ ആവേദകരെ തേടി എന്റെ അടുത്ത യാത്ര ആലോചിച്ചിരിക്കുമ്പോൾ ഒരു ദിവസം പൊടുന്നനെ കഥാകൃത്ത് പ്രദീപ്കുമാർ ഫോണിൽ ഗണേഷ്, നിനക്ക് മണിയേട്ടനെ ഓർമ്മയില്ലേ, കൂറ്റനാട്ടെ. പിന്നില്ലാതെഞാൻ പറഞ്ഞു. ഞങ്ങൾ എത്രനേരം സംസാരിച്ചിരുന്നിട്ടുണ്ടെന്നോ. കഴിഞ്ഞ തവണ വന്നപ്പോഴും കണ്ടിരുന്നു. പക്ഷേ സംസാരിക്കാൻ പറ്റിയില്ല. ആ കടം അ‍്ത്ത തവണ വീട്ടണം. ഞാൻ പറഞ്ഞു. ഇല്ലഅതിനു കഴിയില്ലമണിയേട്ടൻ ആത്മഹത്യ ചെയ്തു. ഞാനും സുബൈറും അങ്ങോട്ടു പോവുകയാണ് അതെ ഓണത്തെ വിഷാദത്തിൽ ഉൾക്കൊണ്ട ആ മനുഷ്യൻ വിഷാദമില്ലാത്ത ലോകത്തേക്കു യാത്രയായി കഴിഞ്ഞിരിക്കുന്നു. ഞാൻ കരഞ്ഞില്ലഅഭിമുഖമെടുത്ത് ഒന്നു കൂടി വായിച്ചു. അതിലെ വരികൾ എന്റെ കാതിൽ പ്രതിധ്വനിച്ചു. വല്ലാതെ ബുദ്ധിമുട്ടുമ്പോൾ തൃക്കാക്കര തേവരും ഉണ്ടാവില്ല ആരും ഉണ്ടാവില്ല.
|