|

2012 ജനുവരി 18
ഇന്റർനെറ്റിലെ ഒരു കറുത്ത ദിനം
ജിയാദ് കെ.എം.
അറിവ് സ്വതന്ത്രമല്ലാത്ത ഒരു ലോകത്തെപ്പറ്റി നിങ്ങൾക്ക് ചിന്തിക്കാൻ പറ്റുമോ?ൺ സ്വതന്ത്രമായി അഭിപ്രായം പറയാനുള്ള വേദികൾ ഇല്ലാതെയാക്കുക എന്നത് ജനങ്ങളെ പേടിക്കുന്ന ഭരണകൂടത്തിന്റെ ലക്ഷ്യമാണ്.
സൈബർ ലോകത്തെ അറിവിന്റെ സർവ്വവിജ്ഞാനകോശമായ വിക്കി പീഡിയ ചോദിച്ച ഈ ചോദ്യം 2012 ജനുവരി 18 ബുധനാഴ്ച ലോകമെങ്ങും കേൾക്കുകയായിരുന്നു. യു.എസ്. കോൺഗ്രസ് പാസാക്കാനിരിക്കുന്ന ആന്റി പൈറസി ബില്ലുകളായ സ്റ്റോപ്പ് ഓൺലൈൻ പൈറസി ബില്ലുകളായ സ്റ്റോപ്പ് ഓൺലൈൻ പൈറസി ആക്ട് (സോപ), പ്രോട്ടക്ട് ഐ.പി. ആക്ട് (പിപ) എന്നീ ബില്ലുകൾക്കെതിരെ വിക്കിപീഡിയ പ്രതിഷേധിച്ചത് ഒരു ദിവസം വെബ്സൈറ്റ് പ്രവർത്തിപ്പിക്കാതെ കറുത്ത മൂടുപടമണിഞ്ഞുകൊണ്ട് ബ്ളാക്ക് ഔട്ട് ചെയ്തുകൊണ്ടായിരുന്നു. ലോകമെമ്പാടുമുള്ള ഏഴായിരത്തിലധികം വെബ്സൈറ്റുകൾ ഈ പ്രതിഷേധത്തിൽ കൂട്ടുചേർന്നു. ഗൂഗിൾ, ഫേസ് ബുക്ക് തുടങ്ങിയ അതികായകാരും ഈ ബില്ലിനെതിരെ പ്രതിഷേധം അറിയിച്ചു. ചൊവ്വാഴ്ച അർദ്ധരാത്രി മുതൽ ആരംഭിച്ച ഈ ബ്ളാക്ക് ഔട്ട് പ്രതിഷേധത്തിൽ പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് മലയാളത്തിൽ നിന്നുള്ള പ്രമുഖ സ്വതന്ത്ര സൈറ്റുകളായ നാലാമിടം, മലയാളം, ഡൂൾന്യൂസ് മറുനാടൻ മലയാളി എന്നിവയും പങ്കാളികളായി. ഓൺലൈൻ പൈറസി തടയാൻ ശക്തമായ നിയമങ്ങൾ വേണമെന്ന ആവശ്യത്തിൽ മുമ്പിൽ നിന്നത് ഹോളിവുഡ് ആയിരുന്നു. സാഹിത്യമോഷണങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ വെബ്സൈറ്റുകളിൽ ലഭ്യമാകുന്നത് തടയാൻ ഗ്രന്ഥകർത്താക്കൾക്ക് കോടതിയെ സമീപിക്കാൻ അവസരം നൽകുന്നതാണ് പ്രസ്തുത നിയമം. അമേരിക്കൻ കോപ്പിറൈറ്റ് നിയമം ലംഘിക്കുക, ഹോളിവുഡ് സിനിമകളുടെ വ്യാജ പകർപ്പുകൾ സൃഷ്ടിക്കുക തുടങ്ങിയ അനധികൃത പ്രവൃത്തികൾക്കെതിരെ നടപടിയെടുക്കാനുള്ള നിയമങ്ങളാണ് ഈ ബില്ലിൽ എന്നതാണ് അമേരിക്കൻ ഭാഷ്യം എന്നാൽ ഈ നിയമങ്ങൾ പാസ്സായാൽ സ്വതന്ത്രവും സൗജന്യവുമായ ഇന്റർനെറ്റ് സേവനം ലഭ്യമല്ലാതെ വരുകയും അന്തർദേശീയതലത്തിൽ തന്നെ വെബ്സൈറ്റുകൾ സെൻസർഷിപ്പിന് വിധേയമാക്കുകയും ചെയ്യാം എന്നതാണ് ഈ നിയമത്തെ എതിർക്കുന്നവരുടെ വാദം. തങ്ങൾക്ക് അനഭിമതങ്ങളായ വെബ്സൈറ്റുകളെ ബ്ളാക്ക് ലിസ്റ്റിൽ ഉൾപ്പെടുത്താൻ സഹായകരമാകുന്ന നിയമമാക്കി ഭരണകൂടത്തിന് ഇതിനെ മാറ്റാമെന്നുള്ളതാണ് സ്വതന്ത്ര സൈറ്റുകൾ മുന്നോട്ടു വയ്ക്കുന്ന നിലപാട്. സാഹിത്യമോഷണം തടയാനുതകുന്ന നിയമങ്ങളൊന്നും തന്നെ ഈ ബില്ലിൽ ഇല്ലെന്ന് ഇതിന്റെ ഉപജ്ഞാതാക്കൾ തന്നെ സമ്മതിച്ചതായി വിക്കിപീഡിയ സ്ഥാപകൻ ജിമ്മി വെയിൽസ് മാധ്യമങ്ങളോട് പറയുകയും ചെയ്തു. ഈ വിഷയത്തിൽ വിക്കിപീഡിയ വളരെ ശക്തിയായി പ്രതികരിച്ചു. ഓരോരുത്തർക്കും സ്വതന്ത്രമായി ചിന്തിക്കുവാനും സ്വതന്ത്രമായി ആശയങ്ങൾ പ്രകടിപ്പിക്കാനുമുള്ള സ്വാതന്ത്ര്യത്തെ തങ്ങൾ പിന്താങ്ങുന്നു. വിദ്യാഭ്യാസപരമായും വിവിധ വിഷയങ്ങളിലുള്ള അറിവുകൾ എല്ലാവർക്കും സൗജന്യമായി ലഭ്യമാകണം. ഇപ്പോൾ ചർച്ചയിലിരിക്കുന്ന സോപ, പിപ ബില്ലുകൾ അറിവുകളുടെ ലഭ്യത പരിമിതപ്പെടുത്തും. ഇന്റർനെറ്റ് എപ്പോഴും എല്ലായിടത്തും സൗജന്യവും മറ്റ് നിയന്ത്രണങ്ങൾ ഇല്ലാത്തതുമാകണം. സ്വതന്ത്രമായി അഭിപ്രായം പറയാനുള്ള വേദികൾ ഇല്ലാതെയാക്കുക എന്നത് ജനങ്ങളെ പേടിക്കുന്ന ഭരണകൂടത്തിന്റെ ലക്ഷ്യമാണ്. ടൂണിഷ്യയിലും ഈജിപ്തിലും ആഞ്ഞടിച്ച ഓൺലൈൻ ശബ്ദങ്ങൾ അറബ്‌വസന്തത്തിന്റെ കാഹളമൂത്തുകാരായി മാറിയത് ചരിത്രത്തിന്റെ ഭാഗമാണ്. സ്വേച്ഛാധിപതികളായ ഭരണകർത്താക്കളെ തൂത്തെറിയാൻ കരുത്ത് പകർന്നത് ഇന്റർനെറ്റിലൂടെ പങ്കുവെക്കപ്പെട്ട ആശയങ്ങളിലൂടെയാണ്. അറബ് വസന്തങ്ങളുടെ പ്രകമ്പനം ഒക്കുപ്പൈ വാൾസ്ട്രീറ്റ് (വാൾസ്ട്രീറ്റ് കൈയടക്കൽ) എന്ന രൂപത്തിൽ അമേരിക്കക്ക് തലവേദനയുണ്ടാക്കിയതും ഇന്റർനെറ്റിന്റെ സ്വാധീനത്താലാണ്. ഈ കാരണങ്ങൾ കൊണ്ടുതന്നെ മിക്ക രാജ്യങ്ങളിലും ഭരണകൂടം സ്വതന്ത്രവെബ്സൈറ്റുകൾക്കും, സോഷ്യൽ മീഡിയാസൈറ്റുകൾക്കും എതിരായി രംഗത്ത് വന്നു. ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഇന്ത്യയിൽപ്പോലും വൈബ്സൈറ്റുകൾക്ക് കടിഞ്ഞാണിടാനുള്ള നീക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു. ഉള്ളടക്കത്തിന്റെ പേരിൽ ഗൂഗിൾ, ഫേസ് ബുക്ക്, യാഹു തുടങ്ങിയ 21 വെബ്സൈറ്റുകൾക്കെതിരെ ഇന്ത്യയിൽ സർക്കാർ നിയമനടപടികളുമായി മുന്നോട്ടു പോയിക്കഴിഞ്ഞു. ശക്തമായ പ്രതിഷേധങ്ങൾക്കൊടുവിൽ അമേരിക്കൻ ഭരണകൂടം ആന്റിപൈറസി ബില്ലുകൾ അവതരിപ്പിക്കുന്നത് അനിശ്ചിത കാലത്തേക്ക് നീട്ടിവച്ചു. എങ്കിലും ഇതിനേക്കാൾ ശക്തമായി തിരിച്ചുവരുക തന്നെ ചെയ്യും എന്നത് ഉറപ്പാണ്. ഭരണകൂടത്തിനെതിരായ സാധാരണ ജനങ്ങളുടെ പ്രതിഷേധങ്ങളെ ഇല്ലായ്മ ൺചെയ്യാനുള്ള ഏറ്റവും എളുപ്പമായ വഴി ജനങ്ങൾക്ക് ലഭിക്കുന്ന അറിവിനെ പരിമിതപ്പെടുത്തുക എന്നതാണ്. കോളനിവൽക്കരണത്തിൽ നിന്നും അടിമത്തത്തിൽ നിന്നുള്ള മോചനത്തിനായി വിദേശ ശക്തികൾക്കെതിരെ നടത്തേണ്ടി വന്ന സമരങ്ങളും, പ്രക്ഷോഭങ്ങളും, യുദ്ധങ്ങളുമാണ് കഴിഞ്ഞ നൂറ്റാണ്ടിന്റെ ചരിത്രം. എന്നാൽ ഇനി വരും നാളുകളിലെ പ്രക്ഷോഭങ്ങളും സമരങ്ങളും യുദ്ധങ്ങളും സ്വതന്ത്രമായ ആശയവിനിമയത്തിനും അറിവിന്റെ ലഭ്യതക്കുവേണ്ടിയും സ്വന്തം രാജ്യത്തോടാവാനേ തരമുള്ളൂ.
|