|

നുറുങ്ങുവെട്ടം
മലയാളം ഭാഷയോ ഭാഷണമോ?
പ്രൊഫ. പി. നാരായണമേനോൻ
(മലയാളഭാഷയുടെ ദർശനവും വിമർശനവും മൗലികമായ വിചാരങ്ങൾക്ക് വിധേയമാക്കുന്ന ഒരു പംക്തിയാണിത്. ദീർഘകാലത്തെ ഭാഷാധ്യാപനത്തിന്റെയും ചരിത്രപഠനത്തിന്റെയും വെളിച്ചത്തിൽ പ്രൊഫ. പി. നാരായണമേനോൻ പങ്കുവെയ്ക്കുന്ന വിചാരങ്ങളുടെ നുറുങ്ങുവെട്ടങ്ങൾ. കേരളത്തിലെ നവസാമൂഹ്യപ്രസ്ഥാനങ്ങൾക്കെല്ലാം ഊർജ്ജം പകരുന്ന സാംസ്കാരിക സജീവതയുടെ പ്രചോദനകേന്ദ്രമായ പ്രൊഫ. പി. നാരായണമേനോൻ പാഠഭേദം മാസികയുടെ പ്രസാധകനാണ്)
മലയാളഭാഷ ക്ളാസിക്കൽ പദവി അർഹിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ഇല്ല എന്ന ഉറച്ച മറുപടി നല്കാൻ എനിക്ക് ഒട്ടും ആലോചിക്കേണ്ടതില്ല. രണ്ടായിരം കൊല്ലത്തെയെങ്കിലും സാഹിത്യ പാരമ്പര്യമുള്ള ഭാഷകൾക്ക് ക്ളാസിക്കൽ പദവി നല്കി വലിയൊരുതുക സഹായധനം അനുവദിക്കാൻ കേന്ദ്രസർക്കാർ എടുത്ത തീരുമാനം തന്നെ വിമർശന വിധേയമാക്കേണ്ടതാണ്. സഹായധനത്തിന്റെ പ്രലോഭനം കൊണ്ട് ചില ഭാഷാ ലോബികൾ കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തി കാലയളവു ആയിരം കൊല്ലമാക്കി ചുരുക്കി. അങ്ങനെ സംസ്കൃതം, തമിഴ് എന്നീ ഭാഷകളോടൊപ്പം തെലുഗു കന്നട ഭാഷകളും മറ്റും ആ പദവി നേടിയെടുത്തു. പിന്നെ മലയാളം അടങ്ങിയിരിക്കുമോ, രണ്ടായിരം കൊല്ലത്തിലേറെ പഴക്കമുള്ള സാഹിത്യപാരമ്പര്യമുണ്ടെന്നും വരുത്താനുള്ള ഗവേഷണം തുടങ്ങിയിരിക്കയാണ്. ഇന്ത്യയിലെ എല്ലാ അംഗീകൃത ഭാഷകൾക്കും ഒരുപോലെ സഹായധനം നല്കുകയാണ് സർക്കാർ ചെയ്യേണ്ടിയിരുന്നത്.
ഭാഷാ ശാസ്ത്രത്തിൽ മൃതഭാഷകൾ എന്നു മുദ്രകുത്തി ഒഴിവാക്കപ്പെട്ടവയാണ് ക്ളാസിക് ഭാഷകൾ. തമിഴ് മാത്രമാണ് ഇതിന് ഒരു അപവാദം. രണ്ടായിരം വർഷത്തിലേറെ പഴക്കമുള്ള സാഹിത്യസമ്പത്തോടെ ആ ക്ളാസിക് ഭാഷ ഇപ്പോഴും വ്യവഹാരഭാഷയായി നിലനിൽക്കുന്നു.
ഇസ്രായേലിലെ രാഷ്ട്രഭാഷ ഹീബ്രുവാണല്ലോ. സഹസ്രാബ്ദങ്ങളുടെ പഴക്കമുള്ള ആ ക്ളാസിക് ഭാഷ എങ്ങനെ രാഷ്ട്രഭാഷയായിത്തീർന്നു? (സ്വതന്ത്രഭാരതത്തിൽ സംസ്കൃതം രാഷ്ട്രഭാഷയാക്കണമെന്ന വാദിച്ചിരുന്ന പല സംസ്കൃത പണ്ഡിതാരെയും എനിക്കറിയാം.) 1949 ൽ ഇസ്രായേൽ രാഷ്ട്രം ജനിക്കുമ്പോൾ ലോകമെമ്പാടുമുള്ള യഹൂദാർ അവിടെ കുടിയേറി. വിവിധ ഭാഷകൾ സംസാരിച്ചിരുന്ന അവർക്ക് തങ്ങളുടെ ആത്മീയഭാഷയായ ഹീബ്രു രാഷ്ട്രഭാഷയാക്കണമെന്നുണ്ടായിരുന്നു. എന്നാൽ അതിന്റെ അപ്രായോഗികതയെപ്പറ്റി തികച്ചും ബോധവാാരായിരുന്ന അവർ ഭാഷാശാസ്ത്രജ്ഞാരുടെ സഹായത്തോടെ, ഹീബ്രുവിനോട് വിദൂരസാദൃശ്യമുണ്ടായിരുന്നു. ഇസ്രായേലിലെ ഒരു ഗോത്രവർഗ്ഗഭാഷയെ നവീകരിക്കുകയാണ് ചെയ്തത്. തികഞ്ഞ ഇച്ഛാശക്തിയും നിശ്ചയദാർഢ്യവുമുള്ള ഇസ്രായേലികൾക്ക് ചുരുങ്ങിയ കാലംകൊണ്ട്, പേരോ ലിപിയോ പോലുമില്ലായിരുന്ന ആ പ്രാകൃത ഭാഷയെ ഒരു വികസിത ഭാഷയാക്കി മാറ്റാൻ കഴിഞ്ഞു.
അസാമാന്യപ്രതിഭാശാലികൾ നിറഞ്ഞ യഹൂദ ഭരണകൂടം ഹീബ്രു രാജ്യത്തെങ്ങും പ്രചരിപ്പിക്കുന്നതിനും അംഗീകരിക്കപ്പെടുന്നതിനും വരും തലമുറകളുടെ മാതൃഭാഷയാക്കിത്തീർക്കുന്നതിനും സ്വീകരിച്ച വഴി ശ്രദ്ധേയമാണ്. പല രാജ്യങ്ങളിൽ നിന്നും വന്ന യഹൂദ ജനതയെ വിഭിന്ന പ്രദേശങ്ങളിലാണ് അധിവസിച്ചിത്, ഒരു കുടുംബത്തിനും സ്വന്തം ഭാഷ സംസാരിക്കുന്ന ഒരു അയൽപക്കക്കാരനെ സമീപപ്രദേശങ്ങളിൽ കണ്ടുകിട്ടാൻ കഴിയാത്ത വിധത്തിൽ ആശയവിനിമയത്തിന് എല്ലാവർക്കും ഹീബ്രുതന്നെ ഉപയോഗിക്കേണ്ടിവന്നു. കേരളത്തിൽ നിന്നുപോയ യഹൂദരിൽ മുതിർന്നവർ വീടിനകത്ത് മലയാളം സംസാരിക്കുമെങ്കിലും അവിടെ ജനിച്ച മക്കളുടെ മാതൃഭാഷ ഹീബ്രുവാണ്.
തമിഴ് ഒഴികെയുള്ള ക്ളാസിക് ഭാഷകളെ ആധുനിക ഭാഷാശാസ്ത്രം മൃതഭാഷകളായി ഒഴിവാക്കിയതിന്റെ പിന്നിൽ ഒരു ഹിഡൻ അജണ്ടയുണ്ട്. 19-ാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിലാണല്ലോ മറ്റെല്ലാ ശാസ്ത്രശാഖകളിലുമെന്നപോലെ ഭാഷാശാസ്ത്രരംഗത്തും ഒരു കുതിച്ചുകയറ്റമുണ്ടാകുന്നത്. അന്നത്തെ യുദ്ധകാലാന്തരീക്ഷമാണ് ശാസ്ത്രപുരോഗതി അനിവാര്യമാക്കിയത്. പല കണ്ടുപിടുത്തങ്ങളും ശത്രുവിന്റെ മേൽ വിജയം ഉറപ്പിക്കുന്നതിനുള്ള അന്വേഷണത്തിന്റെ സന്തതികളായിരുന്നു. രാഷ്ട്രീയനേതൃത്വം ഭാഷാശാസ്ത്രത്തെയും ഇതിന് ഒരു ഉപകരണമാക്കി.
യുദ്ധത്തിൽ ജയിക്കുന്നതിന് ശത്രുവിന്റെ ജൈവബലവും സൈന്യബലവും പടനീക്കങ്ങളും മറ്റു സജ്ജീകരണങ്ങളുമെല്ലാം അതിസൂക്ഷ്മമായി, ഗാഢമായി നേരത്തേ അറിഞ്ഞിരിക്കണമല്ലോ. അതിനുംവേണ്ടി ചാരാരെ നിയോഗിക്കുന്ന ഏർപ്പാട് പണ്ടുതൊട്ടേ ഉണ്ടായിരുന്നുവെങ്കിലും ആധുനിക യുഗത്തിലാണ് ചാരവൃത്തി അതീവസങ്കീർണ്ണമായിത്തീരുന്നത്. ശത്രുരാജ്യത്തു ചാരപ്രവർത്തനം നടത്തുന്നവർ പിടിക്കപ്പെടാതിരിക്കണമെങ്കിൽ അവിടെയുള്ളവർ സംസാരിക്കുന്ന ഭാഷ അവർ ഉച്ചരിക്കുന്ന രീതിയിൽ തന്നെ പറയുവാൻ കഴിവുള്ളവരായിരിക്കണം. മറിച്ചായാൽ തല പോയതുതന്നെ. അതുകൊണ്ട് വ്യവഹാരഭാഷയ്ക്ക്, ഭാഷണത്തിന് പ്രാധാന്യം നൽകി ഏകകാലികമായ അപഗ്രഥനത്തിലൂടെ ഭാഷാഭേദങ്ങളും അവയിലെ ഉച്ചാരണപരമായ സവിശേഷതകളും വിശകലനം ചെയ്യുന്ന ഒരു തലത്തിലേയ്ക്ക് ആധുനിക ഭാഷാശാസ്ത്രം വികസിക്കുകയാണുണ്ടായത്. അപ്പോൾ വ്യവഹാരദശയിലില്ലാത്ത ഭാഷകൾ തീരെ പരിഗണിക്കപ്പെടേണ്ടതില്ല. അതിനുവേണ്ടിയാണ് അവയെ മൃതഭാഷകൾ എന്നു മുദ്രകുത്തിയത്.
രണ്ടുമൂന്നു പതീറ്റാണ്ടുകാലമായി സ്പോക്കൺ ഇംഗ്ളീഷ് പരിശീലനസ്ഥാപനങ്ങൾ കേരളത്തിൽ വർദ്ധിച്ചു വരുന്നത് ഒരു പാർശ്വഫലമാണ്. ഒരു പക്ഷേ കേരളത്തിൽ ചാരപ്പണി നടത്തുന്നവരുണ്ടെങ്കിൽ അവർ സ്പോക്കൺ മലയാളം രഹസ്യമായി പഠിച്ചിട്ടുണ്ടാകാം. അതിനുള്ള സൗകര്യമെല്ലാം നമ്മുടെ ഭാഷാശാസ്ത്രജ്ഞർ അറിയാതെയാണെങ്കിലും ഒരുക്കിവെച്ചിട്ടുണ്ട്. മലയാളത്തിലെ ഭാഷാഭേദങ്ങളെപ്പറ്റി ദീർഘകാലം ഗവേഷണം നടത്തി പ്രബന്ധങ്ങളും പുസ്തകങ്ങളും രചിക്കപ്പെട്ടിട്ടുണ്ട്. ഭൂപടം വരച്ച് കേന്ദ്രമേഖലയും അവശിഷ്ടമേഖലയുമെല്ലാം കൃത്യമായി രേഖപ്പെടുത്തിവെച്ചിട്ടുള്ളതും ഓർമ്മിക്കാം.
ഭാഷയേക്കാൾ ഭാഷണത്തിനു പ്രാധാന്യം നൽകി, ഭാഷാഭേദ വിജ്ഞാനീയം എന്ന ഒരു ഉപശാഖയ്ക്കു രൂപം നല്കിക്കൊണ്ടുള്ള ആധുനിക പാശ്ചാത്യ ഭാഷാശാസ്ത്രസമീപനത്തോട് എനിക്ക് യോജിപ്പില്ല.
|