|

സാഹിത്യം രംഗമുദ്രകളായപ്പോൾ
അന്താരാഷ്ട്രനാടകോത്സവത്തിന് അരങ്ങുകാഴ്ചകൾ
ടി.ടി. പ്രഭാകരൻ
മഹാകവി കാളിദാസന്റെ പ്രഖ്യാതമായ മാളവികാഗ്നിമിത്രം എന്ന നാടകത്തോടെ ആരംഭിച്ച്, പോളണ്ടിലെ തിയട്രോ ബുയ്‌റോ പെഡ്രോസി അവതരിപ്പിച്ച പവേൽ സ്കോടാക്കിന്റെ നാടകമായ കാർമെൽ ഫ്യൂൺ ബ്രെയിൽ അവസാനിച്ച കേരളത്തിന്റെ നാലാമത് അന്താരാഷ്ട്ര നാടകോത്സവം (കഠഎഛഗ) അക്ഷരാർത്ഥത്തിൽ മീറ്റ് ദ മാസ്റ്റേഴ്സ് എന്ന വിശേഷണത്തെ അന്വർത്ഥമാക്കി. ലോകസാഹിത്യത്തിലെ അതികായരുടെ പേരുകൊണ്ടുതന്നെ നാടകമേളയിലെ പല നാടകങ്ങളും ശ്രദ്ധ പിടിച്ചുപറ്റി. ഹോമറിന്റെ ഗ്രീക്ക് ഇതിഹാസകാവ്യമായ ഓഡീസിയെ ഉപജീവിച്ചെഴുതിയ ഓഡീസിയൂസ് കയോട്ടിക്കസ്, രബീന്ദ്രനാഥടാഗൂറിന്റെ കൃതിയെ ആസ്പദമാക്കി ഉഷാഗാംഗുലി സംവിധാനം ചെയ്ത ചണ്ഡാലിക, ലിയോ ടോൾസ്റ്റോയിയുടെ ക്രൂയ്സ്റ്റർ സൊണാറ്റ എന്ന കൃതിക്ക് സോലിയസ് വർണാസ് എന്ന ലിത്വാനിയൻ സംവിധായകൻ നൽകിയ നാടകാവിഷ്കാരം, ഹെൻട്രിക് ഇബ്സന്റെ പീർജിന്റിന് ദീപൻ ശിവരാമൻ ഒരുക്കിയ രംഗപാഠം, ഹരോൾഡ് പിന്ററിന്റെ ബർത്ത് ഡേ പാർട്ടിയ്ക്ക് തൃശ്ശൂർ സ്കൂൾ ഓഫ് ഡ്രാമയിലെ അദ്ധ്യാപകരും വിദ്യാർത്ഥികളും ചേർന്നൊരുക്കിയ ദൃശ്യാവിഷ്കാരം എന്നിവയെല്ലാം നാലാമത് അന്തർദേശീയ നാടകമേളയ്ക്ക് കൂടുതൽ അർത്ഥവ്യാപ്തി നൽകാൻ സഹായിച്ചു.
മൂന്നാമത് അന്തർദ്ദേശിയ മേളയോടെ സമാപിച്ച 2010നുശേഷം 2011 ൽ നാടകമേളയുണ്ടായില്ല. എന്നാൽ 2012 ന്റെ തുടക്കത്തിൽ തന്നെ, ഫെബ്രു. 1 മുതൽ 8 വരെ, തൃശ്ശൂരിലെ കേരളസംഗീതനാടക അക്കാദമിയുടെ കാമ്പസ്സിൽ നാലാമത് കേരള അന്താരാഷ്ട്ര നാടകോത്സവത്തിന്റെ അരങ്ങുണർന്നു. ഈ വർഷത്തെ മേള ചില പുതുമകൾക്കും ആരംഭം കുറിച്ചു. തൃശ്ശൂരിലെ നാടകോത്സവത്തിനു സമാന്തരമായി തിരുവനന്തപുരത്തും കോഴിക്കോട്ടും റീച്ച് ഔട്ട് ഫെസ്റ്റിവലുകൾ സംഘടിച്ചിച്ചതാണ് അതിൽ മുഖ്യമായ ഒന്ന്. ഇതിന് അനുകൂലമായും പ്രതികൂലമായും വാദഗതികൾ ഉണ്ടായി. തൃശ്ശൂരിലെ അന്താരാഷ്ട്രമേളയുടെ പകിട്ടു കുറയുന്നു എന്താണ് പ്രതികൂലമായി ഉയർന്ന അഭിപ്രായങ്ങളിൽ പ്രധാനപ്പെട്ടത്. ഇക്കാര്യം കണക്കിലെടുത്താവണം അടുത്തവർഷം മുതൽ റീച്ച് ഔട്ട് ഫെസ്റ്റിവലുകൾ തൃശ്ശൂരിലെ അന്താരാഷ്ട്ര നാടകോത്സവത്തിനു ശേഷമായിരിക്കും സംഘടിപ്പിക്കപ്പെടുക എന്ന് തീരുമാനമായിട്ടുണ്ട്. അന്താരാഷ്ട്ര നാടകോത്സവത്തിനെത്തുന്ന ചില നാടകങ്ങളെങ്കിലും മറ്റു ദേശങ്ങളിലുള്ളവർക്ക് കാണാനുള്ള അവസരമാണ് റീച്ച് ഔട്ട് ഫെസ്റ്റിവലിലൂടെ സൃഷ്ടിക്കപ്പെട്ടത്. അത് പൊതുവെ സ്വാഗതം ചെയ്യപ്പെട്ടു.
മേളയിൽ അവതരിപ്പിക്കപ്പെട്ട ആദ്യനാടകം കാവാലം നാരായണപ്പണിക്കർ സംവിധാനം ചെയ്ത മാളവികാഗ്നിമിത്രം ആയിരുന്നു. അഞ്ച് അങ്കങ്ങളുള്ള കാളിദാസനാടകത്തെ രണ്ടങ്കത്തിലേയ്ക്കു ചുരുക്കിയാണ് കാവാലം അവതരിപ്പിച്ചത്. കാവാലത്തിന്റെ പതിവുനാടകാവതരണശൈലിയെ പിൻപറ്റിക്കൊണ്ടുതന്നെയാണ് മാളവികാഗ്നിമിത്രവും അരങ്ങേറിയത്. മനുഷ്യജീവിതവ്യാഖ്യാനത്തിന് തിര്യക്കുകളെ കൂടി കഥാപാത്രങ്ങളാക്കിക്കൊണ്ട് കാളിദാസന്റെ നാടകത്തിന് പുതിയൊരു അവതരണം സാദ്ധ്യമാക്കുകയാണ് കാവാലം ചെയ്തത്. അശോകവൃക്ഷത്തെ ഒരു സജീവപ്രതീകമാക്കിക്കൊണ്ട് പ്രകൃതിയോടിണങ്ങിയ ഒരു മനുഷ്യജീവിതം ആവിഷ്ക്കരിക്കാനാണ് സംവിധായകൻ തന്റെ വ്യാഖ്യാനത്തിലൂടെ ശ്രമിച്ചത്. അതിന്റെ മൂലധാതുക്കളെല്ലാം കാളിദാസനാടകത്തിലുള്ളവ തന്നെയായിരുന്നുതാനും. പോളണ്ടിലെ തിയോ ബുയ്‌റോ പെഡ്രോസി നാടകസംഘം അവതരിപ്പിച്ച കാർമെൽ ഫ്യൂൺബ്രെ മികച്ച ദൃശ്യകലയുടെ അനുഭവം കാണികൾക്കു കാഴ്ച്ചവെച്ചു. നാല്പത്തഞ്ചു മിനിറ്റു ദൈർഘ്യമുള്ള ഈ പോളിഷ് നാടകം അവതരണത്തിന്റെ തീവ്രതകൊണ്ടും വ്യത്യസ്തതകൊണ്ടും പ്രേക്ഷകശ്രദ്ധ നേടി. തുറന്ന വേദിയിലാണ് നാടകം അരങ്ങേറിയത്. കൂറ്റൻ തടവറയുടെ മുൻവശം മാത്രമാണ് വേദിയ്ക്ക് അഭിമുഖമായി ഉണ്ടായിരുന്നത്. മനുഷ്യജീവിതത്തിലെ ഒടുങ്ങാത്ത യുദ്ധത്തിന്റെയും സഹനത്തിന്റെയും ദുരിതങ്ങളുടേയും പീഡനത്തിന്റെയും കഥ ചുരുളഴിഞ്ഞ ഈ നാടകത്തിൽ സംഭാഷണം ഉണ്ടായിരുന്നില്ല. ഭീഷണമായ രീതിയിൽ വേഷം ധരിച്ച് പൊയ്ക്കാലുകളിലെത്തിയ കൂറ്റൻ മനുഷ്യർ സാധാരണക്കാർക്കുനേരെ നിരന്തരം പീഡനമഴിച്ചുവിട്ടുകൊണ്ടിരിക്കുകയും അവരുടെ ദൈനംദിന ജീവിതത്തെ നരകമാക്കിക്കൊണ്ടിരിക്കുകയും ചെയ്യുന്നു, സാധാരണ മനുഷ്യരെ എല്ലായിടത്തും വേട്ടയാടന്നു. അതിനെതിരെയുള്ള ചെറുത്തുനില്പുകളെ കൊടിയ മർദ്ദനങ്ങൾകൊണ്ട് നേരിടുന്നു.
ദൃശ്യാനുഭവം മാത്രമായി നാടകത്തെ കാണികൾക്കു മുന്നിലെത്തിക്കുന്നതിലൂടെ ഈ നാടകമേളയിലെ തന്നെ ഏറ്റവും മികച്ച അവതരണങ്ങളിലൊന്നാക്കി മാറ്റുകയാണ് ശങ്കർ വെങ്കിടേശ്വരൻ എന്ന മലയാളി സംവിധായകൻ ദ വാട്ടർ സ്റ്റേഷൻ എന്ന നാടകത്തിലൂടെ ചെയ്തത്. രണ്ടുമണിക്കൂർ നീണ്ട ഈ നിശ്ശബ്ദനാടകം ശ്വാസമടക്കിപ്പിടിച്ചുകൊണ്ടാണ് പ്രേക്ഷകർ ആസ്വദിച്ചത്. മൂന്നാമത് അന്താരാഷ്ട്ര നാടകമേളയിൽ ശങ്കർ വെങ്കിടേശ്വരന്റെ ക്വിക്ഡെത്ത് എന്ന നാടകം അതിന്റെ ചലനംകൊണ്ടും വേഗതകൊണ്ടും നിരന്തരം മാറുന്ന ദൃശ്യങ്ങളുടെ ചടുലതകൊണ്ടും സംഗീതത്തിന്റെ ശബ്ദായമാനതകൊണ്ടും പ്രകാശത്തിന്റെ അനുപമമായ വിന്യാസംകൊണ്ടും മറ്റുമാണ് ശ്രദ്ധിക്കപ്പെട്ടതെങ്കിൽ ചടുലതയ്ക്കു വിപരീതമായ വിധം നിശ്ചലതയോടടുത്തുനിൽക്കുന്ന രീതിയലാണ് ദ വാട്ടർ സ്റ്റേഷൻ സങ്കല്പനം ചെയ്തിരിക്കുന്നത്. ചിത്രങ്ങൾ പോലെയോ ശില്പങ്ങൾപോലെയോ സ്വയം പൂർണ്ണത പ്രഖ്യാപിക്കാവുന്ന വിധം ഓരോ നിമിഷത്തിനും അനന്യമായ ദൃശ്യചാരുത നൽകാൻ സംവിധായകനു സാധിച്ചിട്ടുണ്ട്. അഭിനേതാക്കളാവട്ടെ അസാമാന്യമാംവിധം സ്വന്തം ചലനങ്ങളെ നിയന്ത്രിച്ചുകൊണ്ട് പൂർണ്ണതയോടെയാണ് ഓരോ ചുവടും വെച്ചത്. അതിനനുസൃതമായ പശ്ചാത്തലസംഗീതം നാടകത്തിനു കൂടുതൽ സാന്ദ്രത നൽകി. മനുഷ്യനെ നിശ്ശബ്ദതയിലേയ്ക്കും മൗനത്തിലേയ്ക്കും ശോകത്തിലേയ്ക്കും എത്തിക്കുന്ന ഭാവങ്ങളുടെ പ്രകാശനം കൊണ്ട് വാട്ടർസ്റ്റേഷൻ ശ്രദ്ധേയമായി. ജലത്തിനും അന്നത്തിനും അഭയത്തിനുമായി ചരിത്രത്തിലൂടെ മനുഷ്യർ നടത്തിയ പ്രയാണങ്ങളെയും പലായനങ്ങളെയും അതിനിടയ്ക്ക് നേരിടേണ്ടിവരുന്ന പോർമുഖങ്ങളേയും ഈ നാടകം ചിത്രീകരിച്ചു. 1960 കളിൽ ജപ്പാനീസ് നാടകവേദിയെ പ്രതിസംസ്കൃതിയുടെ മൂലകങ്ങൾ കൊണ്ട് നവീകരിച്ച ഷോഗോ ഓഹ്ത്തായുടെ സ്റ്റേഷൻ ട്രിലജി (സ്റ്റേഷൻ ത്രയം) യിൽ പെടുന്ന നാടകമാണ് ദ വാട്ടർ സ്റ്റേഷൻ. ദ എർത്ത് സ്റ്റേഷൻ, ദ വിൻഡ് സ്റ്റേഷൻ എന്നിവയാണ് ഈ ഗണത്തിൽപെടുന്ന മറ്റു രണ്ടെണ്ണം.
ഇസ്രായേലിൽ നിന്നുള്ള ഒഡീസിയൂസ് കയോട്ടിക്കസ് ആയിരുന്നു നാടകമേളയെ അർത്ഥപൂർണ്ണമാക്കിയ മറ്റൊരു അവതരണം. മാഷാനെമിറോവ്സ്കി സംവിധാനം ചെയ്ത ഈ നാടകത്തിൽ മൂന്നു കഥാപാത്രങ്ങൾ മാത്രമാണുള്ളത്. ഹോമറിന്റെ ഒഡീസി എന്ന ഗ്രീക്ക് ഇതിഹാസത്തെ ഒരു സാധാരണ കുടുംബജീവിതത്തിലേയ്ക്ക് നാടകീയമായി സന്നിവേശിപ്പിച്ചുകൊണ്ട് അതിൽനിന്നുണ്ടാകുന്ന ഹാസ്യാത്മകമായ ജീവിതാവസ്ഥകളെ പ്രേക്ഷകരിലേയ്ക്കെത്തിക്കുകയാണ് ഒഡിസിയൂസ് കയോട്ടിക്കസിൽ ചെയ്യുന്നത്. കുടുംബജീവിതം നയിക്കുന്ന സാധാരണക്കാരനായ ഓഡി, വിരസമായ ജീവിതയാഥാർത്ഥ്യങ്ങളിൽ നിന്നകലെ ഇത്താക്കയിലെ ഒഡിസിയൂസ് രാജാവാണെന്ന നിനവിൽ ഭാവനാസഞ്ചാരം നടത്തുന്നു. ട്രോജൻ യുദ്ധം ജയിച്ച് സ്വന്തം സാമ്രാജ്യത്തിൽ തിരിച്ചെത്തി സ്നേഹമയിയായ ഭാര്യ പെനിലോപ്പുമായി ഒത്തുചേരാനാഗ്രഹിക്കുന്നു ഒഡിസിയൂസ്. പക്ഷേ തിരിച്ചുവരവ് പല പ്രാതികൂല്യങ്ങളെയും നേരിട്ടുകൊണ്ട് പത്തുവർഷം നീണ്ടുനിന്നു. ഭയജനകവും എന്നാൽ അത്ഭുതവുമായ ഒഡിസിയൂസിന്റെ യാത്രയിൽ ദൈവങ്ങൾ, മനുഷ്യർ, ചെകുത്താാർ, വിചിത്രജീവികൾ എന്നിവരുമായിട്ടെല്ലാം ഏറ്റുമുട്ടേണ്ടിവരുന്നു. എങ്കിലും ഒടുവിൽ വീട്ടിലെത്തുന്നു. ഈ യാത്ര ഓഡിയുടെ ജീവിതത്തിലും പകർത്തിക്കൊണ്ട് സംവിധായിക ഹാസ്യം സൃഷ്ടിക്കുന്നു. അസാമാന്യമായ മെയ്‌വഴക്കവും ദ്രുതചലനങ്ങളും കൊണ്ടും നിമിഷാർദ്ധത്തിൽ സ്വയം രൂപപരിണാമം വരുത്തി മറ്റൊരു വ്യക്തിത്വം സ്വീകരിച്ചുകൊണ്ടും രംഗത്തുപ്രത്യക്ഷപ്പെട്ടു മൂന്നുപേരും (രണ്ടു നടാരും, ഒരു നടിയും) ഒഡിസിയിലെ കഥാപാത്രങ്ങളും അതേസമയം ആധുനിക ജീവിതത്തിലെ സാധാരണ കഥാപാത്രങ്ങളുമായി മാറി മാറി നാടകം ഭംഗിയായി അവതരിപ്പിക്കുകയും ചെയ്യുന്നു.
ഹരോൾഡ് പിന്ററുടെ ബർത്ത് ഡേ പാർട്ടി, തൃശ്ശൂർ സ്കൂൾ ഓഫ് ഡ്രാമയിലെ അദ്ധ്യാപകരും വിദ്യാർത്ഥികളും സംവാദത്തിലൂടെ രൂപപ്പെടുത്തി മലയാളത്തിൽ അവതരിപ്പിച്ച നാടകമാണ്. സീനോഗ്രാഫി, സംഗീതം, അഭിനേതാവിന്റെ ശരീരം എന്നിവയിലൂടെയാണ് നാടകം സാക്ഷാത്ക്കരിക്കപ്പെടുന്നത്. പ്രൊസീനിയം സ്റ്റേജിൽനിന്നു പുറത്തുകടന്ന് പ്രേക്ഷകന്റെ മുന്നിലുള്ള സ്ഥലരാശിയിലേക്ക് നാടകം വ്യാപിക്കുന്നു. ദീപൻ ശിവരാമൻ സംവിധാനം ചെയ്തവതരിപ്പിച്ച ഇബ്സന്റെ പീർജിന്റ് എന്ന നാടകത്തിൽ പിശാചും ദൈവവും സത്യവും മിഥ്യയും യാഥാർത്ഥ്യവും ഫാന്റസിയുമെല്ലാം മാറി മാറി വരുന്നതോടൊപ്പം സമകാലിക ഇന്ത്യൻ-ലോക യാഥാർത്ഥ്യങ്ങളെ വിമർശവിധേയമാക്കുകയും ചെയ്യുന്നുണ്ട്. അവതരണത്തിലെ പരീക്ഷണാത്മകതകൊണ്ട് ശ്രദ്ധിക്കപ്പെട്ട ഈ നാടകത്തിൽ മനുഷ്യന്റെ ജനനം, ജീവിതത്തിലെ പ്രധാനസംഭവങ്ങൾ, മരണം എന്നിവയെല്ലാം സൂക്ഷ്മമായ അന്വേഷണത്തിനു വിധേയമാകുന്നു. നേരത്തെ ഇറ്റ്ഫോക്കിൽ സ്പൈനൽകോഡ് എന്ന നാടകമവതരിപ്പിച്ചു ശ്രദ്ധ നേടിയിട്ടുള്ള ദീപൻ ശിവരാമൻ ഈ നാടകത്തിലും ആകർഷകമായ രംഗങ്ങളൊരുക്കുന്നതിൽ വിജയിച്ചു. ജീവിതാസക്തിയും പണത്തോടും അധികാരത്തോടുമുള്ള ആരാധനാ മനോഭാവവുമെല്ലാം പീർജിന്റിന്റെ ജീവിതത്തെ എങ്ങനെ മാറ്റിമറിക്കുന്നു എന്ന അന്വേഷണം നാടകത്തിന്റെ ഉള്ളടരായി കിടക്കുന്നുണ്ട്. കാറ്റലോണിയൻ നാടകസംഘമായ ഇ.എഫ്. എസിനുവേണ്ടി അലക്സ് നഹരോ സംവിധാനം ചെയ്ത ഹ്യൂമോർട്ടൽ തെരുവുനാടക സങ്കേതത്തിലാണ് അവതരിപ്പിക്കപ്പെട്ടത.് ജീവിതവും മരണവും ഒരു കോമാളിക്കളിയാക്കിത്തീർത്തുകൊണ്ടും മരണത്തിന്റെ പ്രശ്നങ്ങളെ ചിരികൊണ്ട് നേരിട്ടുകൊണ്ടും കാഴ്ചക്കാരിലേക്കിറങ്ങി വരികയായിരുന്നു നാലംഗ നാടകസംഘം. ജൂൾസ് വേണിന്റെ 20,000 ലീഗ്സ് അണ്ടർദ സീ എന്ന നോവലിന്റെ നാടകാവിഷ്കാരം ഇറ്റലിയിലെ തിയറ്റർ പൊട്ലാഷിനുവേണ്ടി പിനോ ദി ബുദുവോ സംവിധാനം ചെയ്തവതരിപ്പിക്കുകയുണ്ടായി. നൂതന സാങ്കേതികവിദ്യകൊണ്ട കടലിനടിയിലെ വിസ്‌മയലോകത്തെ രംഗത്ത് അവതരിപ്പിക്കാനുള്ള ശ്രമം അഭിനന്ദനവും വിമർശവും പിടിച്ചുപറ്റി. സാങ്കേതിവിദ്യയുടെ അമിതോപയോഗം നാടകത്തെ അതല്ലാതെയാക്കിത്തീർക്കുമോ എന്ന് ചിലരെങ്കിലും ഭയപ്പെടുന്നുണ്ട്.
തമിഴ് നാടക സംഘം ദളിത് സാഹിത്യകാരി ഭാമയുടെ ഒരു ചെറുകഥയെ ആസ്പദമാക്കി അവതരിപ്പിച്ച മൊളഗാപ്പൊടി, ലിഗം-ജാതി-വർഗ്ഗ വിവേചനത്തെ പ്രശ്നവൽക്കരിക്കുന്നു എന്നതൊഴിച്ചാൽ അവതരണത്തിൽ പുതുമയുള്ളതായിരുന്നില്ല. അതേസമയം സമകാലികമായ ഒരു പ്രമേയത്തെ സമർത്ഥമായാവിഷ്ക്കരിച്ച ഇന്റർവ്യൂ പ്രേക്ഷകരുടെ പ്രശംസ പിടിച്ചുപറ്റി. സിദ്ധാർത്ഥകുമാർ എന്ന നാടകനടന്റെ ഈ ആദ്യനാടകം ആകർഷ്‌ഖുറാന സംവിധാനം ചെയ്ത് മുംബൈയിലെ അക്വാരിയസ് പ്രൊഡക്ഷൻസ് വേദിയിലവതരിപ്പിച്ചു. എന്നാൽ തീവ്രമായ ഒരു പ്രശ്നത്തെ അവതരിപ്പിച്ച അഭിഷേക് മജ്ജുംദാറിന്റെ ദ ആഫ്റ്റർ ലൈഫ് ഓഫ് ബേർഡ്സ് അവതരണത്തിലെ അനാകർഷകത്വം കൊണ്ട് പാളിപ്പോയി. അരുന്ധതി നാഗ്, രേവതി എന്നിവരുടെ അഭിനയം ശ്രദ്ധേയമായിരുന്നുവെങ്കിലും പ്രമേയത്തിന്റെ തീക്ഷ്ണതയ്ക്കൊത്ത രംഗാവതരണം സാദ്ധ്യമാവാത്തതിനാൽ പരാജയപ്പെട്ടു. കെന്റ് യൂണിവേഴ്സിറ്റിക്കുവേണ്ടി റിച്ചാർഡ് ഷെഹ്നർ സംവിധാനം ചെയ്തവതരിപ്പിച്ച ഇമാജിനിങ് ഒ, രംഗകർമിക്കുവേണ്ടി ഉഷാഗാംഗുലി സംവിധാനം ചെയ്തവതരിപ്പിച്ച രബീന്ദ്രനാഥ ടാഗോറിന്റെ ചണ്ഡാലിക, യു.കെ.യിലെ ആക്ടേഴ്സ് ടൂറിങ് കമ്പനിക്കുവേണ്ടി റാമിൻഗ്രേ സംവിധാനം ചെയ്തവതരിപ്പിച്ച ഗോൾഡൻ ഗ്രാഡൺ, ഫിറോസ്ഖാൻ സംവിധാനം ചെയ്ത് അനുപംഖേർ എന്ന ഹിന്ദിനടൻ ഏകാംഗമായി രണ്ടുമണിക്കൂർ നേരം വിഭിന്നവേഷങ്ങളിലെത്തി അരങ്ങുതകർത്തഭിനയിച്ച കുഛ് ഭി ഹോ സക്താ ഹേ - ഇങ്ങനെ ഇനിയും പറയേണ്ടവയായി നാടകങ്ങളുണ്ട്.
ഏഴു രാജ്യങ്ങളിൽ നിന്നായി പതിനാറോളം നാടകങ്ങളെത്തിയ നാലാമത് കേരള അന്താരാഷ്ട്ര നാടകോത്സവം നാടകാസ്വാദകരെ പൂർണ്ണമായി തൃപ്തിപ്പെടുത്തി എന്നുപറഞ്ഞുകൂടെങ്കിലും കുറെ നല്ല നാടകങ്ങൾ കാണാനുള്ള അവസരം കൊണ്ട് അർത്ഥപൂർണ്ണമായി.
|