|

കവിതയുടെ പുതുരുചികൾ മായ്ച്ചും വരച്ചും എന്ന ശീർഷകത്തിൽ പ്രസിദ്ധീകരിക്കുന്ന രാധിക സനോജിന്റെ കവിതകൾക്കുള്ള ആമുഖക്കുറിപ്പിൽ നിന്നൊരു ഭാഗം
പച്ചമരത്തിന്റെ പിടച്ചിൽ
വി.ജി. തമ്പി
അകത്തേയ്ക്കും പുറത്തേയ്ക്കും ഒരേസമയം തുറന്നടയുന്ന ഒരു വാതിലാണ് രാധികയുടെ കവിതകൾ. സ്വകാര്യതയുടെ രക്തംകൊണ്ട് ലോകത്തെ വരയ്ക്കുകയും മായ്ക്കുകയും ചെയ്യുന്ന ഈ വരികളിൽ വേദനയുടെ കുറുകലുകൾ, ഏതൊരാനന്ദത്തേക്കാളും മധുരകരമായി അനുഭവപ്പെടും. മാഞ്ഞുപോകുന്ന ജീവിതത്തിന്റെ നിരവധി നിറങ്ങളെ വരച്ചുവെയ്ക്കുവാനുള്ള വെമ്പലുകളാണിത്. സ്വകാര്യതയിലെ ആഴമേറിയ മുറിവുകളും നഷ്ടങ്ങളും, അടർന്നുപോകുന്നവയെ തിരിച്ചുകൊണ്ടുവരുവാനുള്ള ആത്മാവിന്റെ അദമ്യദാഹവും ഈ കവിതകളുടെ സൂക്ഷ്മസത്യം.
പ്രകൃതിയോട്, സൗഹൃദത്തോട്, മരണത്തോട്, ഓർമ്മകളോട്, ഏകാന്തതയോട് നിരന്തരം ആത്മസംവാദത്തിലാണ് കവി. ഒരു സ്ത്രീയായി സമകാലികതയിൽ ജീവിക്കേണ്ടിവരുമ്പോൾ അവളനുഭവിക്കുന്ന അരക്ഷിതാവസ്ഥകളും ഭയങ്ങളും അപമാനങ്ങളും സ്വപ്നച്ഛേദങ്ങളും ഈ കവിതകളുടെ നിലയ്ക്കാത്ത തിരയടികളാണ്. അവയ്ക്കൊപ്പം അതിജീവനത്തിനായുള്ള പ്രാണന്റെ പിടച്ചിലും ശക്തം. സ്വകാര്യരാവുകളിലെ കണ്ണീർത്തടാകങ്ങളിലിരുന്ന് എഴുതി തീർക്കുന്ന ഈ വരികൾ അതെഴുതിയവൾക്ക് തീർച്ചയായും ആത്മശാന്തി പകരാതിരിക്കില്ല. കാരണം കവിതയുടെ ഔഷധശക്തിയാണത്. ആത്മക്ഷതങ്ങളുടെ ശുശ്രൂഷയിലാണ് വാക്കുകളുടെ പുണ്യം. അന്തർമുഖവിഷാദത്തിന്റെ മേഘാവൃതമായ അന്തരീക്ഷം രാധികയുടെ വരികളിലാകെ ചൂഴ്ന്നുനിൽക്കുന്നു. കാമുകിയുടെ, ഭാര്യയുടെ, അമ്മയുടെ, ഹൃദയസങ്കടങ്ങൾക്ക് ഒരു സൂക്ഷ്മഭാഷ നിർമ്മിയ്ക്കുവാനുള്ള കാവ്യപ്രയത്നങ്ങളിൽ, അതിലൂടെ കടന്നുപോകുന്നവരുടെ ആന്തരികതയിലെ ശൂന്യതകളും പൂരിപ്പിക്കുവാനിടയുണ്ട്.
മറക്കാത്തതുകൊണ്ടാണ് ജീവിക്കുന്നത് എന്നൊരുത്തരം കവിതകളിലാകെ ചിറകടിക്കുന്നുണ്ട്. ജീവിക്കുന്നതെന്തുകൊണ്ടാണ് എന്ന ചോദ്യത്തെ പലയാവർത്തി നേരിടുന്നുണ്ട് ഈ കവിതകൾ. എന്നിലൊരു വന്യമൃഗം ഒളിഞ്ഞിരിപ്പുണ്ട് എന്ന അമ്പരിപ്പിക്കുന്ന സ്വകാര്യപ്രസ്താവനയിൽ ഒരു കവിത തുടങ്ങുന്നു. നെഞ്ചിനുള്ളിൽ വനവും വന്യമൃഗവും പ്രകൃതിയും പുറത്തുള്ള കപടവസ്ത്രമണിഞ്ഞ സംസ്കൃതിയുമായി സംഘർഷത്തിലാണ്. പ്രകൃതിയും പരിഷ്കൃതിയും തമ്മിലുള്ള സംവാദമാണ് തന്റെ സ്വത്വമെന്ന് രാധിക തിരിച്ചറിയുന്നുണ്ട്.
സ്വതന്ത്രയായ ഒരു പെൺമനസ്സിനുമാത്രം പാടാൻ കഴിയുന്ന സ്വകാര്യതകളിൽ മാത്രം കേൾക്കാൻ കഴിയുന്ന ഗാനങ്ങളാണ് രാധികയുടെ കവിതകൾ. സഹശയനവേളകൾ വേദനയുടെ ഉടൽച്ചെടിപ്പുകളാകുന്നതിനെക്കുറിച്ചും പെണ്ണുടലിൽ മാത്രം സംഭവിക്കുന്ന ചുകന്ന നോവുകളും ജ്വലിത പീഡയും ഉദരസംഭ്രമവും സ്ത്രൈണസത്യങ്ങളായി കവിതകളിലാവർത്തിക്കുന്നു. പതുപതുത്ത പെണ്ണിന്റെ മൃദുലതകളെ സ്നേഹിച്ചൊടുവിൽ ചാക്കുചുമന്നു കഴിയുന്ന അതേ പെൺമുതുകിൽ വീണുമരിച്ചുപ്പോയ ഒരുവനെക്കുറിച്ചുമൊരു കവിതയുണ്ട്. പ്രണയദിനത്തെ ഓർക്കുമ്പോൾ കുഞ്ഞുങ്ങളെ കുളിപ്പിച്ച് തുണികൾ തോരാനിട്ട് നെറ്റി വടിച്ചു കുടഞ്ഞ് കറിയ്ക്കരിയാനിരിക്കുന്ന പ്രകൃതിയെയാണ് അവൾ നോക്കിയിരിക്കുന്നത്. തുമ്പയും റോസും മുക്കുറ്റിയും വരികൾക്കിടയിൽ പലപ്പോഴും വിരിഞ്ഞു കരിയുന്നുണ്ട്. പൂക്കൾക്കുമുണ്ട്, ദുരിതങ്ങളുടെയും നഷ്ടങ്ങളുടെയും കഥകൾ. അവയെ നിവർത്തി വായിക്കുമ്പോൾ കവി തന്റെ തന്നെ ആന്തരിക ശൂന്യതകളെ തിരിച്ചറിയുകയാണ്.
പലപ്പോഴും രാധികയ്ക്ക് അലസരാത്രികളിലെ ശ്രദ്ധയാണ് കവിതകൾ. സാധാരണ നിമിഷങ്ങൾ നെയ്തെടുക്കുന്ന സ്വാതന്ത്ര്യത്തിന്റെ ചിറകുകൾ. ഉപ്പ് കുറുക്കുംപോലെ, കല്ലിനെ മിനുക്കി മിനുക്കി വജ്രമാക്കും പോലെ, മറവികളെ കടഞ്ഞു കടഞ്ഞ് ഓർമ്മകളുടെ തീയെരിയിക്കുംപോലെ കവിതകളിൽ ചില രൂപാന്തരങ്ങൾ നടക്കുന്നുണ്ട്. എത്ര കഴുകിയിട്ടും മായാത്ത ഹൃദയത്തിലെ കറകൾ വാക്കുകളിൽ ചിത്രശലഭങ്ങളായി വിരിഞ്ഞിറങ്ങുകയാണ്. മരണമാണ് ഈ കവിയുടെ ഇഷ്ടപ്രമേയം. അവസാനം എല്ലാം ഒരിലമാത്രമാവും. ചീന്തിയ നിറം മങ്ങിയ ഒരു വാഴയില. കണ്ണുവരച്ച രണ്ട് തേങ്ങാമുറികൾ മൂലയിലിരുന്ന് ഓണക്കഥ പറഞ്ഞുകരയും. എഴുതിത്തള്ളുന്നത് എന്ന കവിതയിൽ രാക്ഷസത്തിരയുമായി വരുന്ന മരണത്തെക്കുറിച്ചുള്ള ഭയസൗന്ദര്യം. മായാതിരിക്കുവാൻ എന്ന കവിത ഉറ പൊഴിച്ചിഴയുന്ന നാഗമായി പുതിയൊരു തെളിമയിൽ പുനർജനിക്കുവാനുള്ള മോഹസൗന്ദര്യം. രണ്ട് സമാന്തരങ്ങൾക്കിടയിൽ സന്ധ്യ ചതഞ്ഞു മരിയ്ക്കുന്നു എന്നും ചുവന്ന രക്തക്കുഴലിലേയ്ക്ക് ഞാൻ മരണമെഴുതുന്നു എന്നും കുറിച്ചിട്ട് മൃത്യദേവതയുമായുള്ള ദുരന്തസല്ലാപങ്ങൾ പലയിടത്തും മുഴങ്ങുന്നു. ശവമലിഞ്ഞു ചേർന്ന മണ്ണിൽ ഒരു കഷ്ണം അസ്ഥിയിൽ നിന്നും മുളയ്ക്കുന്ന പനിനീർച്ചെടിയുടെ സ്വപ്നം പകർത്തിവെച്ചിരിക്കുന്നു. വാക്കുകളുടെ രാത്രിയാത്രകളാണിവ.
ഏകാന്തതയിലെ പതിഞ്ഞ വായനകളായി ഒരു പുഴയുടെ നിഗൂഢപ്രവാഹത്തിലെന്നവണ്ണം ഈ കവിതകൾക്കൊരു സങ്കടം നിറഞ്ഞ ഒഴുക്കുണ്ട്. അനുഭവങ്ങൾക്ക് ദീർഘമായ ആഖ്യാനങ്ങളോ അലങ്കാരങ്ങളോ ഇല്ല. സംക്ഷിപ്തവും സാന്ദ്രവുമായ ആറ്റിക്കുറുക്കലിന്റെ അർത്ഥനിർഭരതയാണ് രാധികയുടെ കവിതകളെ വേറിട്ടു നിർത്തുന്നത്. സ്ത്രൈണഭാവത്തിന്റെ പുതുവായനകൾക്ക് ഈ പുസ്തകം പ്രചോദനമാകും. നീ വിഴുങ്ങുന്ന ചീളുകൾക്കെല്ലാം പച്ചമരത്തിന്റെ പിടച്ചിലാണ്. വെട്ടിവീഴ്ത്താൻ വരുന്ന മഴുവിനോടാണ് കവി പറയുന്നത്. തീർച്ചയായും പച്ചമരത്തിന്റെ ഈ പിടച്ചിലുകളാണ് രാധികയുടെ കവിതകളിലെ ഉൾപ്പൊരുൾ.
ആഗസ്റ്റ്
നിന്റെ ചുണ്ടുകൾ എന്റെ ഹൃദയത്തിൽ പതിപ്പിച്ച ദേശ് രാഗമാണ് നമ്മുടെ പ്രണയം നീയെന്റെ നെഞ്ചിൽ ചിറകടിച്ച അന്നുമുതൽ സ്വാതന്ത്ര്യമെന്ന വാക്കിന്റെയർത്ഥം ഞാനറിഞ്ഞു.
വീട്
അകത്തും പുറത്തും ശ്വാസകോശമില്ലാത്ത ഒരു ശവശരീരം അതിന് പനി പിടിക്കില്ല. ചോര വറ്റിയതുകൊണ്ട് മുറിച്ചാൽ ചുവപ്പ് പൊടിയില്ല
അവയവങ്ങളെല്ലാം സന്ധി വിട്ടവയായതിനാൽ ഒന്നിന്റെ വേദന മറ്റൊന്നിനെ ബാധിക്കില്ല.
ബന്ധമുള്ളവയ്ക്കാണെങ്കിൽ താമസിയാതെ പിരിയേണ്ടതുണ്ട്.
തലയോട്ടിയും എല്ലുകളും സമൃദ്ധിയായുള്ളതുകൊണ്ട് ഒരു പക്ഷേ, തീയിലിട്ടാൽ പൊട്ടിത്തെറിച്ചെന്നുവരും.
ഞാനീ വീടിന്റെ ഒരു ജനവാതിലിനുള്ള വളഞ്ഞുപോയ കൊളുത്തുമാത്രം.
നിർവചനങ്ങൾ
നിസ്സംഗത മുനിയുടെ വാചാലത
വിവാഹം
കണ്ണിൽ കണ്ണിൽ നോക്കിയിരിക്കാൻ ആശിപ്പവർക്ക് പറയാത്തത്.
ഭക്തി
ആസക്തി കൂടുമ്പോൾ ജനിക്കുന്നത്
പ്രണയം
ഒരൊട്ടകക്കുഴലിലൂടെ കടന്നുപോയിരുന്നു എന്ന ഓർമ്മ പൂക്കൾക്ക് നിറമുണ്ടായിരുന്നു എന്ന തിരിച്ചറിവ്.
രതി
കടലിന്റെ ഉപ്പ് കരയിൽ കലരുന്നത്.
|