|

2012 ഫെബ്രുവരി മാസത്തിൽ മലയാളത്തിൽ
അസാധാരണമായൊരു പുസ്തകം പുറത്തുവന്നിരിക്കുന്നു.
ഗർഭപാത്രമുള്ള ഒരു പുരുഷന്റെ സാഹസികജീവിതം ഉണ്ണികൃഷ്ണൻ ആവള
എന്ന സ്കൂൾ അദ്ധ്യാപകൻ ഹൃദയഭേദകമായ വൈകാരികാഘാതങ്ങളോടെ
പകർത്തിയെഴുതിയിരിക്കുന്നു. ആദിവാസിയായ രാജുവിന്റെ
ജീവിതമാണ് വിപരീതം എന്ന പേരിൽ
പുസ്തകമായിരിക്കുന്നത്. ഡി.സി. ബുക്സ് പ്രസിദ്ധീകരിച്ചിരിക്കുന്നു.
ശ്രദ്ധയുടെ ഫെബ്രുവരി കവർസ്റ്റോറി
ഉണ്ണികൃഷ്ണൻ ആവള പകർത്തിയെഴുതിയ രാജുവിന്റെ ജീവിതമാണ്.
വിപരീതം എന്ന ശീർഷകത്തിൽ ഒരു പുസ്തകം അവസാനത്തെ താൾ എന്ന ശീർഷകത്തിൽ
ഒരു ഡോക്യുമെന്ററിയും ഈ ജീവിതത്തെ ആസ്പദമാക്കി ഉണ്ണികൃഷ്ണൻ
തയ്യാറാക്കിയിരിക്കുന്നു. രാജുവിന്റെ ശാരീരിക-മാനസിക അസ്വാസ്ഥ്യങ്ങൾ പരിഹരിച്ച്,
അയാളെ സ്വച്ഛജീവിതത്തിലേയ്ക്ക് തിരിച്ചയക്കുവാൻ ഓരോ വായനക്കാരനോടും
സഹായം തേടലാണീ പുസ്കത്തിന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറയുന്നു.
രാജുവിനൊരു കൊച്ചുകുടിൽ പണിതു കൊടുക്കണം. ഉയർന്ന സാംസ്കാരിക ബോധമുള്ള
മലയാളി തിരിച്ചറിയണം ഇങ്ങനെയും ചില ജീവിതങ്ങൾ അരികിലുണ്ടെന്ന്.
രാജുവിന്റെ ജീവിതത്തിനൊരു മുൻകുറിപ്പിങ്ങനെ -
ഉള്ളിലൊരു ഗർഭപാത്രവുമായി ജീവിക്കുന്ന രാജുവിന്റെ ജീവിതത്തിലേയ്ക്ക് വേദനയുടെ ഉൾക്കടലിലേയ്ക്ക് ഉണ്ണികൃഷ്ണൻ ആവല എഴുതിയ കുറിപ്പ്
വിപരീതജീവിതം മഷി നനച്ചെഴുതുമ്പോൾ . . .
ഡോക്ടർ, രണ്ടു മാസമായി എനിക്കു മാസക്കുളിയുണ്ടാവുന്നില്ല- വരി നിന്നു വിയർത്ത് തന്നെ കാണാനെത്തിയ ഒരു ചെറുപ്പക്കാരൻ. നിലമ്പൂർ താലൂക്ക് ആശുപത്രിയിലുണ്ടായിരുന്ന ഡോ. മായാദേവിയോട് ഇങ്ങനെ പറഞ്ഞു. ആദ്യം ഞെട്ടിയ ഡോക്ടർ പിന്നെ മാനസികവിഭ്രാന്തിയാവുമോ എന്നു സംശയിച്ചു. പക്ഷേ, തുടർപരിശോധനകളിലോരോന്നായി അവർക്കു ബോദ്ധ്യമായി ആ ചെറുപ്പക്കാരന് പുരുഷ ജനനേന്ദ്രിയ അവയവവും ഗർഭപാത്രവും ആർത്തവവും ഉണ്ടെന്ന്... അറനാടൻ കോളനിയിലെ സമാനതകളില്ലാത്ത നരകദുരിതങ്ങൾക്കൊപ്പം ജനിച്ചുവളർന്ന രാജു തുടർപരിശോധനകളുടെ റിസൽട്ട് വരുമ്പോഴൊക്കെ സ്വന്തം ശരീരം കൂടി തന്നെ ചതിച്ചുകളഞ്ഞതറിഞ്ഞു കരച്ചിലുപോലും വരാതെ കല്ലിച്ചു നിന്നു. മിശ്ര അവയവഘടനയുള്ള തന്റെ ശരീരത്തിന്റെ കെണിയിൽ നിന്ന് രക്ഷപ്പെടാനുള്ള അയാളുടെ ശ്രമങ്ങൾ വർഷങ്ങളായി തുടരുകയാണ്. തൂങ്ങിമരിക്കാൻ ഉറപ്പുള്ളൊരു മേല്ക്കൂരപോലും തന്റെ കുടിലിനില്ലാത്തതുകൊണ്ട്, നാട്ടു മനുഷ്യരുടെ പരിഹാസച്ചിരികളെ ഭയന്ന്, ആത്മഹത്യ ചെയ്യാൻ കാട്ടിൽ വിഷക്കായകൾ തേടിനടക്കുന്ന ആ രാജുവിന്റെ ദാരുണ ജീവിതമാണ് വിപരീതം. കാലക്കണക്കുകളിൽ കൃത്യതയില്ലെങ്കിലും ഒരു ക്ഷതംപോലുമേറ്റിട്ടില്ലാത്ത അയാളുടെ ഓർമ്മകൾ, അസംതൃപ്തമായ ഒരു വലിയ കാടിനെപ്പോലെ നമ്മെ ഭയപ്പെടുത്തും.
മുമ്പ് പലപ്പോഴായ് നിലമ്പൂരങ്ങാടിയിൽ നിന്ന് ഞാൻ രാജുവിനെ കണ്ടിട്ടുണ്ട്. മാധ്യമപ്രവർത്തകരായ വി.കെ. ഷാനവാസിന്റെയും ഷബ്നയുടെയും ഒപ്പമായിരുന്നു ആദ്യമായി രാജുവിന്റെ വീട്ടിൽപോയത്. പിന്നെ മൂനാലുതവണ നിലമ്പൂരങ്ങാടിയിൽവെച്ച് കണ്ട് സസാരിച്ചപ്പോഴാണ് രാജുവിന്റെ ജീവിതത്തെ കൂടുതൽ മനസ്സിലാക്കിയത്. അങ്ങനെയാണ് വിപരീതം എന്ന ജീവിതമെഴുത്ത് ആരംഭിക്കുന്നതും... വേദനയുടെ ഒരു വലിയ പ്രദേശമാണ് രാജുവിന്റെ ശരീരം... ആദ്യം രാജുവിനെ കണ്ടപ്പോഴെല്ലാം, തുറന്നുപറയാത്ത ഏതൊക്കെയോ സങ്കടങ്ങളെയും ഭയത്തെയും അയാൾ ഉള്ളിൽ ചിട്ടിപ്പിടിക്കുന്നുണ്ടെന്ന് എനിക്കുറപ്പായിരുന്നു... പച്ചവെള്ളംമാത്രം കുടിച്ച്-കഴിച്ചുകൂട്ടിയ ഒരു മാസക്കുളിയുടെ ഏഴു ദിവസങ്ങൾ കഴിഞ്ഞ്, പെലയറുത്ത് വിശന്നു വിറച്ചിരിക്കുകയായിരുന്നു, ഒരു ദിവസം അവിചാരിതമായി ഞങ്ങൾ കയറിച്ചെല്ലുമ്പോൾ രാജു ഞങ്ങൾ കഴിക്കാൻ കൊണ്ടുപോയ ദോശ, വിശപ്പിന്റെ ഊക്കിൽ അയാൾ വാങ്ങിക്കഴിച്ചു. പ്രാണനുരുകുന്ന വിശപ്പിനെ ശമിപ്പിക്കാൻ രാജു മുറിച്ചുതിന്ന ആ ദോശയുടെ വിശ്വാസത്തിലാണ് മിണ്ടാതിരുന്നത്... പിന്നെയൊന്നും അയാൾ പഴുത്ത് ചലംകെട്ടിയ കുരുവിലേക്ക് ഒരു മുള്ളിൻതെമ്പ് പതിയുംപോലെ എന്റെ സംശയച്ചോദ്യങ്ങൾക്കുമുന്നിൽ രാജുവിന്റെ അനുഭവങ്ങൾ പൊട്ടിയൊലിച്ചു വന്നു...
ഏകദേശം പത്തു മുപ്പത്തെട്ടു കൊല്ലം പഴക്കമുള്ള തന്റെ ജീവിതത്തെ, തീയതിയോർമ്മയില്ലാത്ത ഒരു വെള്ളിയാഴ്ചയുണ്ടായ നാഭിക്കടച്ചിൽ എങ്ങനെ അട്ടിമറിച്ചുകളെഞ്ഞെന്ന് രാജു വിശദീകരിക്കുന്നതു നോക്കിയിരിക്കുമ്പോൾ എനിക്കു തോന്നാറുണ്ട്. ഉള്ളിലുള്ള അസ്വസ്ഥതകളെല്ലാം ഒരിക്കലെങ്കിലും ആരോടെങ്കിലും പറഞ്ഞു കുടഞ്ഞുകളഞ്ഞ് സ്വാസ്ഥ്യത്തിന്റെ ഒരു ദീർഘനിശ്വാസം വിടാൻ അയാൾ കാത്തിരിക്കുകയായിരുന്നുവെന്ന്. പിടഞ്ഞുമരിച്ച അമ്മയെ... ആദ്യ ആർത്തവത്തിന്റെ വേദനച്ചോരയെ... ആദ്യമായി ബലാത്സംഗം ചെയ്യപ്പെട്ട പകലിനെ... ഉള്ളിലൊരു ഗർഭപാത്രം അതിന്റെ ജോലിചെയ്യുന്നുണ്ടെന്നു തിരിച്ചറിഞ്ഞ നിമിഷത്തിന്റെ ക്രൂരതയെ... പെണ്ണായിമാറാൻ ശസ്ത്രക്രിയടേബിളിൽ കത്തിയനക്കങ്ങൾ കാത്തിരിക്കുമ്പോൾ അയാളുടെ ഉള്ളിലെ ആണിന് പേടിച്ചു നിലവിളിക്കാൻ തോന്നിയ സെക്കന്റിനെ... മതംമാറിയാലെങ്കിലും തെന്നെയാരെങ്കിലും നോക്കാനുണ്ടാവുമെന്ന പ്രതീക്ഷയെ... കേട്ടെഴുതുമ്പോഴൊക്കെ ഞെട്ടുകയായിരുന്നു ഞാൻ. പഴയ ഞെട്ടലിനെ ഒന്നുമല്ലാതാക്കിക്കളയുന്ന പുതിയ വെളിപ്പെടുത്തലുകൾ ഓരോ സംഭവപ്പറച്ചിലിലും പ്രതീക്ഷിച്ച് എനിക്കു ശീലമായി. ഹോട്ടലിലെ വിറകുകീറുമ്പോൾ കാടിനെയും അമ്മയെയും ഓർമ്മവന്ന് കണ്ണുനനയുന്ന രാജുവിന്റെ മനസ്സ് ഞാൻ വായിച്ചത്, ഒരു സഹജീവിയോടുള്ള സ്നേഹം ഉപയോഗിച്ചുകൊണ്ടുമാത്രമാണ്. അല്ലാതെ ഒരു മാധ്യമപ്രവർത്തകന്റെ ആവേശത്തോടെയോ, വായനക്കാരനോടുള്ള പ്രതിബദ്ധതകൊണ്ടോ അല്ല. ആത്മരഹസ്യങ്ങൾ പലതും ആവേശത്തോടെ പറഞ്ഞുകഴിയുമ്പോൾ, ഇത്തിരി നിശ്ശബ്ദനായി കണ്ണിലുറ്റുനോക്കി രാജു പറയും-അതെഴുതിയാ ഓലെന്നെ തച്ചുകൊല്ലും. അതുകൊണ്ടത് എയ്തണ്ട. അതുകൊണ്ടുതന്നെ രാജുവിന് സമ്മതമില്ലാത്തതൊന്നും ഞാനിതെലെഴുതിയിട്ടില്ല.
രമിച്ചവീട്ടിലെ കരച്ചിലുപോലെ പെയ്യുന്ന മഴയത്ത്... സംസാരിച്ചിരിക്കെ ആത്മവിശ്വാസം കിട്ടാൻ പലതവണ രാജു ചോദിച്ചുകൊണ്ടിരുന്നു- ഓപ്പറേശൻ കയിഞ്ഞി കിട്ടിയാൽ- ഞാൻ ക്ളിയറാവ്വ്വോ? ഒന്നു ബട്ടണമർത്തിയാൽ മതി. റെക്കോർഡ് ചെയ്ത രാജുവിന്റെ സംസാരത്തിനിടയിലൂടെ വർഷങ്ങൾക്കുശേഷം ഇപ്പോഴും പെയ്യും, മരണരാഗത്തിലു ആ മഴ മനസ്സിനെ പൊള്ളിച്ച് മുളപ്പുരയ്ക്കുള്ളിൽ രണ്ടു പട്ടികളുടെ കാവലിൽ അയാൾ ഉറങ്ങിയുണരുന്നതു മൂർച്ചയുള്ള ഒരു അരിവാളിനെമാത്രം വിശ്വസിച്ചാണ്. അല്ലാതെ ഒരു മനുഷ്യനും സംരക്ഷിക്കുമെന്ന പ്രത്യാശയിലല്ല. മുഖത്ത് രോമം വരാതിരിക്കാനുള്ള മരുന്നും പുരട്ടി, അടുത്ത നാഭിക്കടച്ചിലിന്റെ ദിവസംവരുന്നതും പേടിച്ചിരിക്കുന്ന രാജുവിന്റെ ജീവിതം ആത്മഖേദങ്ങളോടെയല്ലാതെ ഒരു മനുഷ്യനും വായിച്ചുപോകാനാവില്ല. ഏറ്റവും പുതിയ നാപ്കിനുകളുടെ സൗകര്യത്തെക്കുറിച്ചു ചർച്ചചെയ്യുന്ന ആധുനിക ജീവിതങ്ങൾക്ക് ഇത് യഥാർത്ഥ ജീവിതം തന്നെയോയെന്നു ചിലപ്പോൾ സംശയവും തോന്നിയേക്കാം...
|