|
വാസ്തുവിശേഷം
ഈ ഭൂമി നമ്മുടേത് മാത്രമല്ലല്ലോ
ഹരിത
തൊടിയിൽ നാം പുതുതായി ഒരു വീടുവെക്കുന്നു. അപ്പോൾ അതുവരെ അവിടത്തെ താമസക്കാരായിരുന്ന പക്ഷികളും പുഴുവും പൂമ്പാറ്റയും ചിതലുമൊക്കെ എവിടേക്കു പോവും? ച്ചിരിപ്പിടിയോളം വരുന്ന ഭൂമിയിൽ മനുഷ്യർക്കു മാത്രമല്ല സർവ്വചരാചരങ്ങൾക്കും അവകാശമുണ്ടെന്ന് നമ്മെ ഓർമ്മപ്പെടുത്തിയത് വൈക്കം മുഹമ്മദ് ബഷീറാണ്. ഭൂമിയുടെ അവകാശികൾ എന്ന പഴയ കഥ ഓർക്കുക. പരമ്പരാഗത രീതിയിൽ പെരുന്തച്ചൻമാർ വീടുകൾക്കു സ്ഥാനം കാണുന്നതിനു മുമ്പ് പറമ്പിലെ മരങ്ങളോടും കിളികളോടുമെല്ലാം അനുവാദം ചോദിച്ചിരുന്ന ഒരു ചടങ്ങുണ്ടായിരുന്നു. ഏത് പുതിയ ശാസ്ത്രസാങ്കേതിക വിദ്യയുടെ യുക്തി അടിസ്ഥാനപ്പെടുത്തിയാണെങ്കിലും ഈ പൂജാവിധികളിലെ/വിശ്വാസങ്ങളിലെ ഉദ്ദേശശുദ്ധി കണ്ടില്ലെന്ന് നടിക്കാൻ വയ്യ. ആകാശവും മണ്ണും വെള്ളവും എങ്ങനെ നമ്മുടേത് മാത്രമാവും?
ഗ്ളാസുകൊണ്ടു പണിതുയർത്തിയ ബഹുനില കെട്ടിടങ്ങളിൽ കൂട്ടിയിടിച്ച ചിറകറ്റു കുഴഞ്ഞു വീഴുന്ന പക്ഷികളുടെ എണ്ണം കോടിക്കണക്കിനാണ്. മനുഷ്യനുമാത്രം സുഖമായി ജീവിക്കാൻ ഒരു മുറിയല്ല, ഒരു കെട്ടിടമല്ല, ഒരു നഗരം തന്നെ ശീതീകരിച്ച അന്തരീക്ഷമാക്കാനുള്ള വിദ്യകളെല്ലാം ഉദ്ദേശിക്കുന്നത് ബുദ്ധിശാലികളായ എഞ്ചിനീയർമാരുടെ തലയിൽ തന്നെ! കിളികളേയും പൂമ്പാറ്റകളേയുമൊക്കെ പരിഗണിക്കുന്ന, അവരുടേതു കൂടിയായ ഒരു തുറന്ന ആർക്കിടെക്ചറിനെക്കുറിച്ച് നമുക്ക് ചിന്തിച്ചു കൂടെ? ഒരു മരത്തിന്റെ കൊമ്പെന്നു കരുതി താഴെയിറങ്ങി വന്ന് കൂടുണ്ടാക്കാൻ ഒരു കിളിക്കു തോന്നുന്ന തരം മേൽക്കൂരകൾ... പ്രകൃതിയോടിണങ്ങുന്ന കളർ സ്കീമുകൾ... നമ്മുടെ സ്വപ്നഭവനങ്ങൾ, പ്രകൃതിയിലെ നമ്മുടെ സഹജീവികൾക്കും ഒരു കൂടാവണം. ഏറ്റവും ചുരുങ്ങിയത് അവയെ പേടിപ്പിച്ചോടിക്കാത്തതോ അപായപ്പെടുത്താത്തതെങ്കിലുമാവണം.
Owiyam Photos
      
മണ്ണുകൊണ്ടുള്ള വാസ്തുകലയിൽ ഒരുപാട് പരീക്ഷണങ്ങൾ നടത്തിയ ആർക്കിടെക്ട് ആണ് യൂജിൻ പണ്ടാല. മണ്ണ് എന്ന ഊർജ്ജം ലാഭിക്കുന്നതും പ്രകൃതിക്കിണങ്ങുന്നതുമായ മാധ്യമം വളരെയധികം സർഗ്ഗശേഷിയോടുകൂടി ഉപയോഗിച്ചു എന്നതിനുമപ്പുറം അദ്ദേഹത്തിന്റെ സൃഷ്ടികൽ എന്നെ ആകർഷിച്ചത് പ്രകൃതിയോടുള്ള ആ കെട്ടിടങ്ങളുടെ ഇഴുകിച്ചേരൽ കൊണ്ടുതന്നെയാണ്. ഒരു കിളി വെക്കുന്ന കൂട് പോലെ, മഴയുള്ള രാത്രിയിലെ ഇടിവെട്ടിൽ പാറപ്പുറത്ത് പൊട്ടിമുളച്ച ഒരു കൂൺപോലെ, വീടേത്, പ്രകൃതിയേത് എന്നു തിരിച്ചറിയാൻ പറ്റാത്തവിധത്തിലുള്ള ഒരു ഡിസൈനാണ് മറവത്തൂരിൽ ഒരു കൂട്ടം ചിത്രകാരാർക്കായി അദ്ദേഹം പണിത ഓവിയം എന്ന പ്രോജക്ട്. നിയതമായ ഒരു വരയിലൊതുങ്ങാതെ ഒരിടത്തുനിന്നും മറ്റൊരിടത്തേക്കൊഴുകുന്ന സ്പെയ്സ് ആണിതിന്റെ സവിശേഷത. ഏഴ് ഏക്കറോളം വരുന്ന സ്ഥലത്ത് ആയിരം സ്ക്വയർ ഫീറ്റിൽ പണിത ഈ പ്രോജക്ടിന് പ്രകൃതിയോടിണങ്ങുന്ന ഏറ്റവും നല്ല ഡിസൈനുള്ള 2007-ലെ ഇൻസൈഡ് ഔട്ട്സൈഡ് അവാർഡും ലഭിച്ചിരുന്നു.
|