FAIL (the browser should render some flash content, not this).

Subscribe to Sradha.Net

Enter your email address:

Delivered by FeedBurner

Previous Next
  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
  • 8
  • 9
  • 10
  • 11
  • 12
തുംഗനാഥിലെ യോഗി
User Rating: / 4
PoorBest 


 

tungnathu


തുംഗനാഥിലെ യോഗി

ഷൗക്കത്ത്‌

 







മഞ്ഞുമലയും പുൽമേടുകളും പൂവനങ്ങളും നിറഞ്ഞ ഹൃദയവാടി. ഹിമാലയയാത്രകളിൽ ഇത്രയും വശീകരിച്ച മറ്റൊരിടമില്ല. ഒരു ഏപ്രിൽമാസത്തിലാണ്‌ ആദ്യമായി ആ പ്രശാന്തിയിലെത്തിയത്‌. പാതിമല കരിങ്കല്ലിട്ട വഴിയിലൂടെ കയറിയെത്തി. ഇനിയങ്ങോട്ട്‌ മഞ്ഞുവീണ്‌ മുട്ടോളം നിറഞ്ഞ വഴി. പാൽവെള്ള വിശുദ്ധി. വടികുത്തി ആഴം നോക്കണം. പിന്നെയേ കാൽവയ്ക്കാവൂ. ഹിമം മൂടിയ ക്ഷേത്രത്തിന്റെ മുകൾതട്ടുമാത്രം കാണാം. അതു കൊള്ളാം. ഹിമത്തോളം മഹത്തായ ക്ഷേത്രം വേറെ ഏതുണ്ട്‌. താഴെനിന്നുതന്നെ കണ്ടു. വെയിൽവീണു മിന്നുന്ന ഹിമക്ഷേത്രം. അപൂർവമായേ സൂര്യൻ വെളിപ്പെടാറുള്ളൂ ഈ മാസങ്ങളിൽ.
വെയിലിൽ വിളങ്ങുന്ന ഹിമം ആശ്ചര്യമാണ്‌. കണ്ണും ഹൃദയവും നനയും.. വിശുദ്ധിയുടെ ശുദ്ധി എത്ര നിർമലമാണെന്ന്‌ അനുഭവിപ്പിക്കും. ഉറയ്ക്കാത്ത മഞ്ഞാണ്‌. കാലു പൂഴ്ന്നു പോകുന്നു. വളരെ ശ്രദ്ധയോടെ വേണം നടക്കാൻ. ഓരോ അടിയും ശ്രദ്ധിക്കണം. ഹിമാലയം ഇങ്ങനെയൊക്കെയാകും ജീവിതം പഠിപ്പിക്കുന്നത്‌. എത്രമാത്രം ശ്രദ്ധയോടെ ജീവിച്ചാലാണ്‌ സമാധാനം നിലനിറുത്താനാവുകയെന്ന്‌ പറഞ്ഞു തരുന്നതുപോലെ
തളർന്നാണ്‌ മുകളിലെത്തിയത്‌. ഒരു ഗുഹ. ജടാധാരിയായ യോഗിയെ കണ്ടപ്പേൾ അങ്ങോട്ടു കയറി. മൂന്നുപേർ. ഗുഹയിൽ അഗ്നികുണ്ഠത്തിൽ വിറകെരിയുന്നു. കയ്യും കാലും തണുത്തുറഞ്ഞുപോയിട്ടുണ്ട്‌. കല്ലുപോലെ ഒരു ഭാരം മാത്രമെ ഉള്ളൂ. അവർ നേരെ തീയുടെ അടുത്തേക്കു ക്ഷണിച്ചു. അതൊരനുഗ്രഹമായി. ഉഴിഞ്ഞുഴിഞ്ഞ്‌ കുറച്ചു നേരംകൊണ്ട്‌ കയ്യും കാലും തിരിച്ചെടുത്തു.
കുറച്ചു പ്രായമുള്ള സ്വാമി ചെറുപ്പക്കാരനായ യോഗിയോട്‌ എന്തോ പറയുന്നു. അതു കേൾക്കാത്ത മട്ടിലിരിക്കുന്ന ചെറുപ്പക്കാരൻ യോഗിയെക്കണ്ട്‌ മുതിർന്ന സ്വാമിയുടെ മുഖം തുടുക്കാൻ തുടങ്ങി. കുറച്ചു കഴിഞ്ഞപ്പോഴാണ്‌ കാര്യം പിടി കിട്ടിയത്‌. മുതിർന്ന സ്വാമി പറയുന്നു: ഇവർ തണുത്തു വിറക്കുന്നു. ഉടൻ ചായ ഇട്ടു കൊടുക്കണം.
ചെറുപ്പക്കാരൻ: വന്നിട്ടല്ലേയുള്ളൂ. ഒന്നിരിക്കട്ടെ.
ഇവരുടെ മൗനയുദ്ധംകണ്ട്‌ മുഖ്യസ്വാമി മൗനമന്ദഹാസത്തിലാണ്‌. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ചായ കൊടുത്താൽ കൊള്ളാം. അല്പം വൈകിയാലും പ്രശ്നമില്ല. ഒരുതരം നടുനില. സംഭവിക്കാനായി വിട്ടു കൊടുത്തതുപോലെ.
ചെറുപ്പസ്വാമി നല്ലവൻ തന്നെയാണ്‌. അദ്ദേഹം ഒരു പണി ചെയ്തുകൊണ്ടിരിക്കുന്നതിനിടയിൽ കയറി പറഞ്ഞതിലുള്ള ദേഷ്യമാണ്‌. ഞങ്ങളെനോക്കി ചിരിച്ചിട്ടു പറഞ്ഞു: ഇതൊന്നു കഴിയട്ടേ..
ഒപ്പം പ്രായമായ സ്വാമിയെ രൂക്ഷമായി ഒന്നു നോക്കുകയും ചെയ്തു. അതോടെ സീനിയോറിറ്റി ഉണർന്നു. എന്നാൽ രണ്ടുപേരും പീഠത്തിലിരിക്കുന്ന മുഖ്യസ്വാമിയെ നോക്കുന്നുപോലുമില്ല. അദ്ദേഹം മന്ദഹാസത്തിൽ തന്നെ. ഇടക്ക്‌ ഞങ്ങളെ നോക്കി ഒന്നു പുഞ്ചിരിച്ചു. അതോടെ ഞങ്ങളുടെ ആവലാതി ആവിയായി.
കുറച്ചു കഴിഞ്ഞപ്പോൾ ചായ കിട്ടി. നല്ല ചായ. വളരെ സ്നേഹപൂർവ്വമാണ്‌ യുവയോഗി ചായയിട്ടത്‌. അഞ്ചുപേർക്കും വിനയപൂർവ്വം കൊണ്ടുതന്നു. ഭക്തിപൂർവ്വം മുഖ്യസ്വാമി ചായ വാങ്ങി. അതുകണ്ടാൽതോന്നും യുവയോഗിയാണ്‌ ഗുരുവെന്ന്‌. അന്നത്തോടുള്ള ഇവരുടെയെല്ലാം ഭക്തി എത്ര സ്നേഹമസൃണമാണ്‌. വിനയാന്വിതമാണ്‌.
സ്നേഹത്തിന്റെ വികാര-വിചാര-വിവേക ഭാവങ്ങൾ മൂന്നു യോഗികളിലൂടെ പഠിപ്പിച്ചു തരുന്നതുപോലെയാണ്‌ തോന്നിയത്‌. കുറച്ചുനേരം മുഖ്യസ്വാമി സംസാരിച്ചു.ആ നിസ്സംഗവും കരുണാർദ്രവുമായ മനോഭാവവും അതിഥി, ആതിഥേയൻ എന്നുള്ള ചിന്തയില്ലായ്മയും ഞങ്ങളെ വല്ലാതെ സ്പർശിച്ചു. കൗതുകത്തോടെ ഞങ്ങൾ സ്വാമിയെ കേട്ടിരുന്നു.
കുറച്ചുനേരമേ അവിടെ ഇരുന്നുള്ളൂ. അധികമൊന്നും സംസാരിച്ചില്ല. എന്നിട്ടും പുറത്തിറങ്ങിയപ്പോൾ ഹൃദയത്തിലൊരു ഭാരം. തിരിഞ്ഞു നോക്കിയപ്പോൾ മുഖ്യസ്വാമി ചിരിച്ചുകൊണ്ടിരിക്കുന്നു. മെല്ലെ കണ്ണുകൾ അടച്ച്‌ മുകളിൽ പോയി തിരിച്ചു വാ എന്ന്‌ കെകൊണ്ട്‌ ആംഗ്യം കാണിച്ചു. യാതൊരു പ്രകടനവുമില്ലാത്ത ആ മൗനസ്നേഹം ഇന്നും ഹൃദയത്തിൽ മായാതെ നില്ക്കുന്നു.