|
ഒരമ്മയുടെ കത്തു ഗൃഹപാഠം
എത്രയും പെരിയ ബഹുമാനപ്പെട്ട ഇന്ത്യൻ പ്രധാനമന്ത്രിക്ക് ഇന്ത്യ മഹാരാജ്യത്തിന്റെ തെക്കേ അറ്റത്തുകിടക്കുന്ന കേരളം എന്ന പ്രദേശത്തിലെ ഇടുക്കി ജില്ലയിൽപ്പെട്ട 60 വയസ്സുകഴിഞ്ഞ ഒരമ്മയാണ് ഈ കത്തെഴുതുന്നത്. രണ്ടാൺമക്കളും ഒരു പെൺകുട്ടിയും ഭർത്താവും അടങ്ങുന്ന സന്തുഷ്ടകുടുംബമാണെന്റേത്. ചെറിയ കുടുംബം സന്തുഷ്ടകുടുംബം എന്ന രാഷ്ട്രത്തിന്റെ വികസനസ്വപ്നം പങ്കുകൊണ്ടിട്ടാണ് സന്താനങ്ങളുടെ കാര്യത്തിൽ ഞങ്ങൾ പൂർവ്വികരെ അനുസരിക്കാതെ രാഷ്ട്രത്തിന്റെ ഒപ്പം നിന്നത്. അങ്ങനെ എല്ലാ അർത്ഥത്തിലും ഞാനും എന്റെ കുടുംബവും ഇന്ത്യയിലെ ഉത്തരവാദിത്വബോധമുള്ള പൗരരാണ്. ഞങ്ങൾ കൃത്യമായി നികുതി അടക്കുകയും സർക്കാർ ആവശ്യപ്പെടുന്ന രേഖകൾ ഇപ്പോൾ ആധാർ അടക്കം എല്ലാം സമയാസമയങ്ങളിൽ രേഖാമൂലം ബോധ്യരപ്പെടുത്തുകയും ചെയ്യാറുണ്ട്. ഇപ്പോൾ ഈ കത്തെഴുതുന്നത് ജീവിതത്തിൽ അങ്ങയുടെ ഭരണകാലത്ത് എനിക്കു നേരിട്ട ദു:ഖത്തെ നേരിട്ടുബോധ്യപ്പെടുത്താനും അതിന് പരിഹാരം ലഭിക്കാനുമാണ്. അങ്ങേയ്ക്കും അറിയാവുന്ന കാര്യമാണത്. കേരളത്തിലെ മുല്ലപ്പെരിയാർ പ്രശ്നം സാധാരണഗതിയിൽ രാഷ്ട്രിയ കാര്യങ്ങളിലൊന്നും ഞങ്ങൾ പെണ്ണുങ്ങൾ ഇടപെടാറില്ല. അതൊക്കെ ഞങ്ങളടെ ആണുങ്ങൾ നന്നായി നോക്കിക്കൊള്ളും എന്നൊരു ഉറപ്പായിരുന്നു. എന്നാ ഇപ്പോ നാട്ടിലാകെ ഒരു അങ്കലാപ്പാണ്. മുല്ലപ്പെരിയാർ ഡാം ഇപ്പോ പൊട്ടും ഇപ്പോ പൊട്ടും എന്നുപറഞ്ഞ് ഞങ്ങടെ മന്ത്രിക്കുപോലും ഉറക്കമില്ലാതായിരിക്കുന്നു. ഇവരു പറയുന്നത് കൊല്ലമിത്രയായില്ലേ മനുഷ്യൻ ഉണ്ടാക്കിയ ഡാമല്ലേ പൊട്ടിക്കൂടേ! ഇന്നല്ലെങ്കിൽ നാളെ എന്നാണ്. ഡാം പൊട്ടിയാൽ 30 ലക്ഷം ആളുകൾ രമിക്കും. ഞങ്ങളുടെ സമസ്ഥാനത്തെ 4 ജില്ലകൾ തന്നെ കാണാതാകും എന്നൊക്കെ പത്രക്കാരും , ടിവിക്കാരും, രാഷ്ട്രീയക്കാരും പിന്നെ ഇപ്പോ പുതിയതായി ഉണ്ടായ പരിസ്ഥിതി പ്രവർത്തനക്കാരും ഒക്കെ പറയുന്നു. ഞാനും എന്റെ മക്കളും അവരുടെ മക്കളും പേടിച്ചിരിക്കയാണ്. ഞങ്ങളെ രക്ഷിക്കണം! അങ്ങനെ പറയുമ്പോൾ തന്നെ ഇപ്പോ നാട്ടിൽ പറഞ്ഞുകേൾക്കുന്ന പരിഹാരവും എന്നെ വേദനിപ്പിക്കുന്നു. കാരണം എനിക്കു രണ്ട് ആൺമക്കളാണെന്നു പറഞ്ഞല്ലോ. ഞങ്ങൾ തലമുറകളായി മണ്ണിൽ അദ്ധ്വാനിച്ചു ജീവിക്കുന്നവരാണ്. കുടുംബസ്വത്ത് വളരെ കുറവായതിനാൽ ഒരു മകൻ കൃഷിചെയ്യുന്നത് തമിഴ്നാട്ടിലെ ദിണ്ഡികൽ ജില്ലയിലാണ്. ഇവിടെ ഡാം പൊട്ടാതിരിക്കാൻ വെള്ളത്തിന്റെ അളവ് കുറച്ചാൽ അഥവ പുതിയ ഡാം പണിയാൻ എടുക്കുന്ന കാലതാമസം കൊണ്ടും ദിണ്ഡികൽ ജില്ലയിലുള്ള കുടിക്കാൻപോലും വെള്ളമില്ലാതെ അവർ ചത്തുപോകുമത്രേ. ഞാൻ എന്തു ചെയ്യും. ഈ രണ്ടുമക്കളും ഒരമ്മയ്ക്ക് ഒരുപോലെ തന്നെയല്ലേ. അവരുടെ സങ്കടങ്ങൾ എന്നോടല്ലാതെ അവർ മറ്റാരോടുപറയും. ഇപ്പോൾ വീട്ടിലെ സ്ഥിതിപോലും കഷ്ടമാണ്. രണ്ടുസഹോദഹങ്ങൾ രണ്ടുചേരിയിലാണ്. ഒരാൾ കേരളത്തിന്റെ കൂടെയും മറ്റൊരാൾ തമിഴ്നാടിന്റെ കൂടെയും ഞാൻ എന്തുചെയ്യണം. എന്റെ അപ്പൻ നാടിനുവേണ്ടി ജീവൻ ബലിയർപ്പിച്ച നല്ലൊരു ജവാനായിരുന്നു. ഇന്ത്യയെന്നന വികാരം, അഖണ്ഡഭാരതം അതെല്ലാം എന്റെയും രക്തത്തിലുണ്ട്. (ജനങ്ങളിൽ മരണഭയം വളർത്തിക്കൊണ്ടാണോ) നമ്മുടെ വികസനത്തിനുവേണ്ടി നമ്മളുണ്ടാക്കിയ ദുരന്തത്തിനു വലിയ കാര്യങ്ങൾ പരിഹാരം കാണേണ്ടത്. ഞങ്ങൾക്കൊന്നും മനസ്സിലാകാത്ത മുൻകൂട്ടികാണാനും പരിഹാരം ഉണ്ടാക്കാനുമല്ല സർ അത് എല്ലാം പഠിക്കാനും ചിന്തിക്കാനും പരിഹാരം കണ്ടെത്താനും ഞങ്ങളുടെ അധ്വാനത്തിന്റെ ഫലം (നികുതി) നല്കി തൽസ്ഥാനങ്ങളിൽ അിറവുള്ളവരെ നമ്മൾ പ്രതിഷ്ഠിച്ചിട്ടുള്ളത്. ഒരാവശ്യം വന്നപ്പോ അവരെയൊന്നും കാണാനില്ല. ഈ പാപം ഞങ്ങളെ തെരുവിലാക്കി മെഴുകുതിരി കത്തിച്ചും പ്രാർത്ഥിച്ചും ഇത് പരിഹരിച്ചുതരണേ എന്നു നിലവിളിപ്പിക്കുന്നത് എന്തൊരു ന്യായമാണ്.
|

