FAIL (the browser should render some flash content, not this).

Subscribe to Sradha.Net

Enter your email address:

Previous Next
  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
  • 8
  • 9
  • 10
  • 11
  • 12
User Rating: / 2
PoorBest 

pina Wim venders-1



ഒരു വേർപാടിന്റെ പശ്ചാത്തലത്തിൽ


ഐ. ഷണ്മുഖദാസ്‌






കേരളത്തിന്റെ പതിനാറാമത്‌ അന്താരാഷ്ട്രചലച്ചിത്രമേള കഴിഞ്ഞ്‌ തിരുവനന്തപുരത്തു നിന്നു മടങ്ങിയെത്തിയപ്പോൾ ഓർമ്മയിൽ മികച്ചത്‌ എന്നുതോന്നിയ അഞ്ചു ചിത്രങ്ങളെങ്കിലും ബാക്കി നില്ക്കുന്നുണ്ടായിരുന്നു. തുർക്കിക്കാരനായ ജെയ്‌ലന്റെ അനറ്റൊലിയയിൽ പണ്ടൊരിക്കൽ(Once upon a time in Anatoliya), വിം വെന്റേസിന്റെ പിന(Pina), സ്പാനിഷ്‌ ചിത്രമായ മഴപോലും(Even the Rain) , ചിലിയൻ ചിത്രമായ ചിത്രകലാപാഠം (The Painting Lesson), ഇറാനിയൻ ചിത്രമായ ഒരു വേർപെടൽ(A separation) എന്നീ ചിത്രങ്ങൾ ആണ്‌ സിനിമയിലുള്ള പ്രതീക്ഷ തീർത്തും അവസാനിക്കാറായിട്ടില്ല എന്ന്‌ ഈ ഡിസംബർ ബോദ്ധ്യപ്പെടുത്തിയത്‌.
ഈ വർഷത്തെ ബെർലിൻ ചലച്ചിത്രമേളയിൽ മികച്ച ചിത്രത്തിനുള്ള സുവർണ്ണകരടി
(Golden Bear) ഒരു വേർപാടിനാണ്‌ ലഭിച്ചിട്ടുള്ളത്‌. മികച്ച സംവിധായകനുള്ള വെള്ളിക്കരടിക്ക്‌ ഈ ചിത്രത്തിന്റെ സംവിധായകനായ അഷ്ഗർ ഫർഹാദി (Ashgar Farhadi) അർഹനായി. പുരസ്കാരം സ്വീകരിച്ചുകൊണ്ട്‌ നടത്തിയ പ്രസംഗത്തിൽ ഇറാനിൽ തടവിൽ കഴിയുന്ന ജാഫർ പനാഹിയെ പ്രത്യേകം പരാമർശിച്ചുകൊണ്ട്‌ എല്ലിയെക്കുറിച്ച്‌ എന്ന ചിത്രത്തിന്റെയും സംവിധായകനായ ഫർഹാദി പറഞ്ഞത്‌, അടുത്തവർഷം ഇതേ വേദിയിൽ പനാഹി ഉണ്ടായിരിക്കട്ടെ എന്നായിരുന്നു (ജൂറിമാരിൽ ഒരാളായി പനാഹിയെ തെരഞ്ഞെടുത്തിരുന്നു എങ്കിലും തടവിലായ സംവിധായകന്‌ എത്താൻ ൺകഴിയുകയുണ്ടായില്ല. പ്രതീകാത്മകമായി ആ കസേര ഒഴിച്ചിടുകയാണുണ്ടായത്‌.)
മകളുടെ ഭാവി ശോഭനമാക്കാനായി കുടുംബം ഇറാനിൽ നിന്നു പുറത്തേയ്ക്കു പോകണമെന്ന നിശ്ചയവുമായി ഭാര്യ സിമിൻ, മറവിരോഗിയായ അച്ഛനെ നോക്കേണ്ടതുകൊണ്ട്‌ നാടുവിടാനാവില്ല എന്നു തീരുമാനിച്ചിരിക്കുന്ന ഭർത്താവ്‌ നാദെർ, അവരുടെ പതിനൊന്നുകാരിയായ മകൾ എന്നിവരുടെ കഥയാണ്‌ ഒരു കുടുംബകോടതിയിൽ നടക്കുന്ന വിവാഹമോചനക്കേസിന്റെ പശ്ചാത്തലത്തൽ ഒരു വേർപാട്‌ അവതരിപ്പിക്കുന്നത്‌. മറവിരോഗക്കാരനായ വൃദ്ധനെ നോക്കാനെത്തുന്ന ഗർഭിണിയായ ഒരു ആയയുടെയും കടം മേടിച്ച പണം തിരിച്ചുകൊടുക്കാനാകാതെ ജെയിലിൽ കഴിയുന്ന അവരുടെ ഭർത്താവും എട്ടുവയസ്സായ മകളും ഈ കഥയിലേയ്ക്ക്‌ കണ്ണിച്ചേർക്കപ്പെടുന്നു. വിവാഹമോചനത്തിന്റെയും മറവിരോഗക്കാരനായ വൃദ്ധന്റെയും ശോഭനമായ ഭാവിപോലെ മാതാപിതാക്കൾ തമ്മിലുള്ള ബന്ധവും പ്രധാനം എന്നു കരുതുന്ന മകളുടെയും കഥയിൽ ജീവിതത്തിന്റെ അടിസ്ഥാന പ്രശ്നങ്ങളുമായി മല്ലടിക്കുന്ന മനുഷ്യരുടെ കഥയും ഇടകലരുന്നതോടെ പരിചരണശൈലിയിൽ യഥാതഥം തന്നെയായ ഈ സിനിമ, സത്യത്തിന്റെ, യാഥാർത്ഥ്യത്തിന്റെ വ്യത്യസ്തതലങ്ങളുടെ അപഗ്രഥനവും ആവിഷ്ക്കാരവുമായി മാറുന്നു. പരമ്പരാഗത ഇറാനും ആധുനിക ഇറാനും സമ്പന്നമായ ഇറാനും ദരിദ്രമായ ഇറാനും, മതവും വിശ്വാസവും, പ്രമേയതലത്തെ സൂക്ഷ്മവും സങ്കീർണ്ണവുമാക്കുന്നു. സത്യം എന്നത്‌, നുണ എന്നത്‌, കോടതിയിലും ജീവിതത്തിലും എത്ര വ്യത്യസ്തം എന്ന്‌
A seperation എന്ന ഈ ചിത്രം നമ്മെ ബോദ്ധ്യപ്പെടുത്തുന്നു.

 

ചെങ്കണ്ണ്‌ - 2011
എം.ആർ. വിഷ്ണുപ്രസാദ്‌


ചെങ്കണ്ണ്‌ വന്നാൽ ഒരാഴ്ച പണിയാണ്‌. അ‍്ത്തുള്ളവരെ നോക്കിയും തൊട്ടും കൃഷ്ണമണിക്ക്‌ ചുറ്റുമുള്ള ചുവപ്പിന്‌ സന്ധ്യയെ പകർന്നു കൊടുക്കാം. ഒരാഴ്ചയോളം കണ്ണിൽ തങ്ങി നിൽക്കുന്ന ചെമ്പൻ സായന്തനം പോലെയാണ്‌ തിരുവനന്തപുരത്തെ ചലച്ചിത്രോത്സവം. ഇത്തവണയും എല്ലാവരുടെയും കണ്ണുകൾ ചുമന്നു. അനുഭവത്തിന്റെ ചായങ്ങൾ ഒരു കണ്ണിൽ നിന്നു മറ്റൊന്നിലേയ്ക്ക്‌ പകർന്നേറുന്നതിന്റെ വേഗത്തിൽ എല്ലാവർക്കും കാഴ്ചയുടെ രോഗം പിടിപെടുന്നു. കേരളം പോലെയുള്ള ഒരു നിശ്ശബ്ദ ഫ്യൂഡൽ നാട്യപ്രധാനികളുടെ, സദാചാര കാപട്യത്തിന്റെ കൂത്തരങ്ങിൽ ഇങ്ങനെയൊരു ചലച്ചിത്രോത്സവം ചെയ്യുന്നതെന്ത്‌ൺ ചിലർ താടിയും മുടിയും കാണിക്കാനെത്തുന്നു. ചിലർ കണ്ട്‌ മറന്ന കൂട്ടാളികളെ തേടിയെത്തുന്നു. ചിലർ സ്വന്തം ആത്മാവിന്‌ കുഞ്ഞുങ്ങളെ തീയറ്റർ മുറ്റത്ത്‌ കളിക്കാൻ ഇറക്കിവിടുന്നു. ചിലർ നേരമ്പോക്കിന്റെ ആഴമളക്കാൻ എത്തുന്നു. ചിലർ ഫെസ്റ്റിവൽ സിനിമയുടെ ചിലവിന്‌ നഗ്നത തിന്നാൻ വരുന്നു. ചിലർ ഇരുട്ടത്തിരുന്ന്‌ പെണ്ണുങ്ങളെ തോണ്ടാൻ ഡെയിലി ഗയ്റ്റ്‌ പാസ്സെടുക്കുന്നു. ചിലർ പതിനാറു വർഷം കഴിഞ്ഞിട്ടും ചിലർ മാത്രമായിരിക്കുന്നു.
ഒരു ചലച്ചിത്രം നമുക്ക്‌ തരുന്നതെന്ത്‌ അനുഭവം സന്ദേശം ആശയം നിറഭേദങ്ങൾ ഭൂമിശാസ്ത്രം മനുഷ്യചേഷ്ടകൾ മൗനങ്ങൾ പാച്ചിലുകൾ കാഴ്ചപ്പെടുന്നയാൾക്ക്‌ ന്യായങ്ങളും വ്യാഖ്യാനങ്ങളുമുണ്ടാകും. ഉത്തരമില്ലായ്മയാണ്‌ എല്ലാ കലകളുടെയും അടിത്തട്ടു രഹസ്യം. പ്രപഞ്ചത്തിലുള്ള എല്ലാ ആവിഷ്ക്കാരത്തെയും വിശദീകരിക്കാനാകാത്തത്‌ കൊണ്ട്‌ വാക്കുകൾ കൂട്ടികെട്ടിയുള്ള തോല്പ്പാവക്കൂത്ത്‌ മാത്രമാണ്‌ കലാസൃഷ്ടികളെ കുറിച്ചുള്ള ഓരോ എഴുത്തും പറച്ചിലും. ഇപ്രാവശ്യത്തെ ഫെസ്റ്റിവലിന്റെ വിളംബരചിത്രം തോൽപ്പാവക്കൂത്തിനെ കുറിച്ചായിരുന്നു. ദൃശ്യകലകളുടെ ഉറവിടത്തിലേയ്ക്കുള്ള എത്തിനോട്ടം പോലെ അത്‌ അനുഭവിക്കാൻ കഴിഞ്ഞു.
മൂടൽമഞ്ഞിന്റെ കവാടങ്ങൾ: ആഞ്ജലോ പൗലോ എന്ന ഗ്രീക്കുകാരന്റെ വാതിലിലൂടെ മാത്രമേ ഇപ്രാവശ്യത്തെ ഉത്സവത്തിലേയ്ക്ക്‌ പ്രവേശിക്കാനാകൂ. പൗലോയുടെ സിനിമകൾ നേരത്തെ കണ്ടിട്ടുണ്ടെങ്കിലും തീയറ്ററിന്റെ ദീർഘചതുരത്തിൽ അത്‌ ആവർത്തിക്കപ്പെടുമ്പോൾ സംഭവിക്കുന്ന ഉണർവ്വ്‌ ഒന്നുവേറെ തന്നെയാണ്‌. ആഞ്ജലോ പൗലോ ആത്യന്തികമായി ഒരു കവി ആയതിനാൽ ചലിച്ചിത്രത്തിന്റെ രൂപപരവും ഭാവപരവുമായ ഋതുഭേദങ്ങൾ കവിതയുടെ മരച്ചില്ലകളിലൂടെ ഊർന്നിറങ്ങി വന്ന്‌ ഭൂമിയെ നനയിക്കും. ആ നനവ്‌ തന്നെയാണ്‌ കാഴ്ചക്കാരന്റെ കണ്ണുകളിലും പടരുന്നത്‌. ഇതൊരു കലയുടെയും ഏറ്റവും ഉന്നതമായ ആസ്വാദനം ഒരു തുള്ളി കണ്ണീരെന്നു ബോധ്യപെടുന്നു. പൗലോയുടെ ചിത്രശേഖരത്തിന്റെ പ്രദർശനം സ്വന്തം ആത്മാവിനെ അഭിമുഖീകരിക്കാനുള്ള സന്ദർഭമായിരുന്നു.


നിഴലുകളുടെ പോരാട്ടം : ഉസ്സാക്ക്‌ എന്ന ആദ്യചിത്രത്തിലൂടെ തന്നെ മനുഷ്യർക്കിടയിലെ ഒടുങ്ങാത്ത ആന്തരിക സംഘർഷങ്ങളെ കഥാപാത്രങ്ങളുടെ മുഖഭാവങ്ങളിലൂടെ നിഴൽപ്പറ്റങ്ങളുടെ അത്ഭുതവിതാനങ്ങളിലൂടെ കാഴ്ചയിലേയ്ക്ക്‌ വിതറിയിട്ട ടർക്കിഷ്‌ സംവിധായകനാണ്‌ നൂറി ബിൽഗിസിലാൻ. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രമായ “Once upon a time in Anatolia” മനുഷ്യപ്രവൃത്തികളെ അതിന്റെ സൂക്ഷ്മതലത്തിലേയ്ക്കിറങ്ങി ചെന്ന്‌ ഒരു കുറ്റകൃത്യ വിചാരണയെന്നപോലെ നോക്കി കാണുന്ന അനശ്വര സൃഷ്ടിയാണ്‌. പുതിയ സിനിമയുടെ മുക്കാൽ ഭാഗവും രാത്രിനേരത്ത്‌ നടക്കുന്ന സംഭവങ്ങളായാണ്‌ ചിത്രീകരിച്ചുവച്ചിരിക്കുന്നത്‌. മലയോര ഗ്രാമത്തിൽ ഒരു കുറ്റാന്വേഷണ സംഘം പ്രതികളെയുംകൊണ്ട്‌ തെളിവെടുപ്പിന്‌ പോകുന്നതാണ്‌ ചലച്ചിത്രത്തിന്റെ കഥ. നിയമം, കുറ്റകൃത്യം, തെളിവെടുപ്പ്‌, വിചാരണ തുടങ്ങി തികച്ചും ഔദ്യോഗികവും, ഗൗരവപൂർണ്ണവുമായ മനുഷ്യപ്രവൃത്തികളെ സിലാൻ ആവിഷ്ക്കരിക്കുമ്പോൾ അതിന്റെ അടിത്തട്ടിൽ ക്രൂരമായ തമാശകൾ കളിയാടുന്നത്‌ കാണാം. അല്ലെങ്കിൽ എല്ലാ മനുഷ്യച്ചങ്ങലകളുടെയും പിന്നിൽ എരിഞ്ഞു കത്തുന്ന കനലുകളുണ്ടെന്ന്‌ ബോധ്യപ്പെടുത്തലാണ്‌ അദ്ദേഹത്തിന്റെ പുതിയ ചലച്ചിത്രം.



ജീവിതത്തിന്റെ മരം : ദു:ഖത്തിന്റെ കൊമ്പുകൾ എല്ലാ മനുഷ്യനിൽ നിന്നും മുളപൊട്ടിക്കൊണ്ടിരിക്കുന്നു. സ്നേഹം കിട്ടാതാകുമ്പോൾ, വിശക്കുമ്പോൾ, രോഗം വരുമ്പോൾ, കൊല ചെയ്യപ്പെടുമ്പോൾ, കവിത കേൾക്കുമ്പോൾ, പ്രപഞ്ചത്തെ കുറിച്ചു അന്വേഷണമനസ്സോടെ ഓർക്കുമ്പോൾ - അങ്ങനെയങ്ങനെ പതിനായിരം കാര്യങ്ങൾക്കുവേണ്ടി മനുഷ്യൻ ദു:ഖിക്കാറുണ്ട്‌. കണ്ണിൽ നിന്നു പൊഴിയുന്ന ഉപ്പുതുള്ളിയാകുന്നു എല്ലാവരെയും അത്ഭുതപ്പെടുത്തുന്ന പൂർണ്ണവിരാമം. അനിമഷൻ തന്ത്രങ്ങൾ സംഗീതത്തിന്റെ മുന കൂർത്ത ഉപയോഗം കൊണ്ടും, പുറം വാതിൽ ദൃശ്യങ്ങളുടെ സത്യപരീക്ഷണങ്ങൾകൊണ്ടും, ആത്മാവിലേയ്ക്ക വെട്ടമാടിപ്പിക്കുന്ന വിദ്യയാണ്‌
Terrence Malick എന്ന അമേരിക്കക്കാരന്റെ ട്രീ ഓഫ്‌ ലൈഫ്‌ എന്ന ചിത്രം. പുത്രനഷ്ടത്തിന്റെ വൈയ്യക്തി കഥയിൽ നിന്ന്‌ ബിഗ്‌ ബാങ്ങിന്റെ ഓളക്കൂത്തുകളിലേയക്ക്‍്‌ കണ്ണയ്ക്കുന്ന, കെട്ടുപോകാൻ സാധ്യതയുള്ള ഒരു മെഴുകുതിരിയിൽ നിന്ന്‌ ധ്രുവദേശത്തെ മഞ്ഞുകട്ടകളുടെ ലാവണ്യതിലേക്ക്‌ തലതിരിക്കുന്ന, ചില്ലുകെട്ടിടങ്ങളെ ഉന്നം വയ്ക്കുന്ന സൂര്യമുഖത്തുനിന്ന്‌ വെള്ളിത്തിരയെച്ചുളുക്കുന്ന ഋതുഭേദങ്ങളുടെ വിളയാട്ടത്തിലേയ്ക്ക്‌ ക്യാമറ ൺചലിപ്പിക്കുന്ന അപൂർവ്വാനുഭാവമാണ്‌ ട്രീ ഓഫ്‌ ലൈഫ്‌.



നൃത്തമേഘങ്ങൾ : പിന ബോഷ്‌ എന്ന അമേരിക്കൻ കൊറിയോഗ്രാഫറുടെ കലാജീവിതം പകർത്തിയ പിന എന്ന ചലച്ചിത്രം സിനിമയും നാടകവും കവിതയും പെയിന്റിങ്ങും, സംഗീതവും പ്രകൃതിയുമൊക്കെ തമ്മിലുള്ള അതിർവരമ്പുകൾ ഇല്ലാതാക്കി പ്രേഷകന്റെ തലയിൽ ചലനങ്ങളുടെ സൂര്യകിരണങ്ങൾ തീർക്കുന്നു. വിം വേണ്ടേഴ്സ്‌ എന്ന ജർമ്മൻ ചലച്ചിത്രകാരൻ ശരീരം ചലനങ്ങളുടെ വസന്തഭൂമിയാണെന്ന്‌ തെളിയിക്കുന്നു. ബോഡി ആർട്ടിന്റെ സാധ്യതകളിൽ നിന്ന്‌ പ്രകൃതിയിലെ ഇലയനക്കങ്ങൾ, മനുഷ്യർക്കിടയിലെ പിഞ്ഞിയ ബന്ധങ്ങൾ, ആഘോഷത്തിന്റെ സംഘചിത്രങ്ങൾ, ഇടം കിട്ടാത്തവരുടെ കണ്ണീര്‌, കുറിക്കു കൊള്ളുന്ന നോട്ടങ്ങൾ, ശിഥിലമാകുന്ന അവയവങ്ങൾ, പറന്നുമ്മവെയ്ക്കുന്ന ചുണ്ടുകൾ, മാംസപേശികളുടെ കേളിനടനം - ശരീരത്തിന്റെ സാധ്യതകൾ സ്ക്രീനിൽ കൊമ്പ്‌ കോർക്കുന്ന അപൂർവ്വത.
തേൻ പുരണ്ട നിശ്ശബ്ദത : ക്യാമറകൊണ്ട്‌ ആവിഷ്ക്കരിച്ച നിശബ്ദതയ്ക്ക്‌ തേനെന്നു പേരിട്ടവനാണ്‌ Kaplangolu എന്ന ടർക്കിഷ്‌ സംവിധായകൻ. സമകാലിക സംവിധായകരിൽ ശ്രദ്ധേയനായ ഈ തുർക്കികാരന്റെ സിനിമകൾ നിശ്ശബ്ദതയിൽ ഒളിച്ചിരിക്കുന്ന പാമ്പിന്‌ മുട്ടകളെ ക്യാമറ ചൂട്‌ കൊണ്ട്‌ വിരിയിച്ചെടുക്കുന്നു. തേനെന്നു പേരിട്ട ചലച്ചിത്രം പ്രകൃതിയുടെ ആഴത്തിൽ കാടിന്റെ കറുത്ത പച്ചയിൽ ജീവിക്കുന്ന ഒരു കുടുംബത്തിന്റെ കഥയാണ്‌. തേനെടുക്കാൻ മരത്തിൽ കുരുക്കിട്ട്‌ ഒരാള്‌ മുകളിലേക്ക്‌ വലിഞ്ഞു കയറുന്ന രംഗത്തോടെയാണ്‌ തേൻ ആരംഭിക്കുന്നത്‌. പകുതിയെത്തുമ്പോൾ കയർ കുരുക്കിയ മരക്കൊമ്പ്‌ പൊട്ടിയടർന്നു തൂങ്ങുന്നു. ഭൂമിക്കും ആകാശത്തിനുമിടയിൽ തങ്ങിപോയ മരം കേറുന്നവന്റെ ഭയചകിതമായ ദീർഘ നിശ്വാസത്തിൽ നിന്ന്‌ ചലച്ചിത്രം അതിന്റെ നിശ്ശബ്ദതയെ അഴിച്ചു വിടുന്നു. പ്രകൃതി, മനുഷ്യൻ എന്ന രണ്ടു ഘടകങ്ങളെ കൂട്ടിച്ചേർക്കാനും ഇഴപിരിക്കാനുമുള്ള ശ്രമത്തിന്റെ ഫലം തന്നെയാണ്‌ ഈ സിനിമ. ഇതിലെ ബാല കഥാപാത്രത്തിന്റെ കാട്ടു നടത്തങ്ങൾ അത്തരമൊരു പ്രകൃതിവേഴ്ചയുടെ സൂചനകൾ തരുന്നു. വിദ്യാഭ്യാസമെന്നത്‌ ക്ളാസ്‌ മുറിയിലെ തടിബെഞ്ചിന്റെ മിനുസത്തിൽ നിന്ന്‌ കാട്ടുമരത്തിന്റെ പരുപരപ്പിലേക്കുള്ള തിരിച്ച്‌ പോക്കെന്ന ഓർമ്മയിൽ തേനിലെ ദൃശ്യങ്ങൾ മനസ്സിൽ ഒട്ടിപോകുന്നു.



മലനിരയുടെ നിറങ്ങൾ : ഏറ്റവും നല്ല ചിത്രത്തിനുള്ള സമ്മാനം കിട്ടിയത്‌ Colours of the Mountain എന്ന കൊളംബിയൻ ചിത്രത്തിനാണ്‌. നിശബ്ദസംഘർഷത്താൽ മുറുകി നിൽക്കുന്ന ഒരു മലയോര നക്സൽ ഗ്രാമത്തിന്റെ കഥ പറയുന്ന ഈ ചിത്രം ലളിതവും സുന്ദരവുമാണ്‌. സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള എല്ലാ പോരാട്ടങ്ങളും അടിസ്ഥാന മനുഷ്യന്റെ വേരുകളെ മുറിച്ച്‌ മാറ്റുന്നത്‌ കാണുമ്പോൾ പ്രകൃതി നിശബ്ദതയിലേക്ക്‌ ചുരുങ്ങി പോകുന്നത്‌ കാണാം. അകന്നുപോകുന്ന വണ്ടിയിലിരുന്നു കുഞ്ഞുങ്ങൾ തങ്ങളുടെ നഷ്ടദേശത്തെ ഒന്നുകൂടി ഓർക്കുന്നു. സ്വാതന്ത്ര്യം എന്നാൽ എന്ത്‌ എന്ന്‌ ഒരിക്കൽ കൂടി ചിന്തിക്കാൻ ഈ ചിത്രം പ്രേരിപ്പിക്കുന്നു.
പിൻകുറിപ്പ്‌ : ചില ചിത്രങ്ങൾ മാത്രമായിരുന്നു നല്ലത്‌. ഉത്സവസംഘാടനത്തിന്‌ പിഴവുകൾ ഏറെയാണ്‌. കെ.ബി. ഗണേഷ്കുമാർ എന്ന പ്രതിഭ അടുത്ത തവണ സത്യൻ അന്തിക്കാടിനെയോ സന്തോഷ്‌ പണ്ഡിറ്റിനെയോ വിളിക്കുമായിരിക്കും, പതിനേഴാമത്‌ ഉത്സവത്തിന്‌ തിരികൊളുത്താൻ. കാത്തിരുന്നു കാണാം.