|
സന്ദർശനം ഉദയശങ്കർ അഴീക്കോട് മാഷിന്റെ രോഗശയ്യയിൽ
കേരളത്തെ മുഴുവൻ ക്ളാസ് മുറിയാക്കി നവോത്ഥാനവെളിച്ചം പ്രസരിപ്പിച്ചുകൊണ്ടിരുന്ന സുകുമാർ അഴീക്കോട് മാഷ് എന്ന മലയാളത്തിന്റെ മഹാ ഗുരുനാഥൻ ഒരു മാസമായി രോഗശയ്യയിലാണ്. വിശ്രമിക്കുന്ന കൊടുങ്കാറ്റുപോലെ. അപൂർവ്വതകളുടെ പുണ്യമുഹൂർത്തങ്ങളേറെയുള്ള ആ രോഗശയ്യയിൽ ഒരുദിവസം കഥാകൃത്ത് ഉദയശങ്കർ.
പുരസ്കാരസമർപ്പണങ്ങളും ഏറ്റുവാങ്ങലുകളും അഭിമുഖങ്ങളും കൊണ്ട് ശബ്ദമുഖരിതമാക്കേണ്ട ഇടമാണോ ഒരു മനുഷ്യന്റെ രോഗശയ്യ എന്ന് തീർത്തും ആശങ്കയുണ്ട്. അത് തീർച്ചയായും ഓർമ്മകൾക്കൊണ്ടും വിട്ടുപോയവയെ കൂട്ടിച്ചേർത്തുക്കൊണ്ടും സ്നേഹകാരുണ്യങ്ങളുടെ ആന്തരികശുദ്ധീകരണവേദിയായി മാറണം. സ്വകാര്യത മറ്റുള്ളവർക്ക് ആഘോഷിച്ചുമറിയാൻ ഒരവകാശവുമില്ല.
ലോഹത്തിൽ വാർത്ത് എടുത്ത മുഖം. വാക്കുകളിൽ ആർജവത്തിന്റെ അസ്ത്രം. അമല ആശുപത്രി പാലിയേറ്റീവ് കെയറിൽ അഴീക്കോട് മാഷ് ജ്വലിച്ചു. തീയിന്റെ ഇതളുകളെ അടക്കി നിർത്തി. മാഷ് പറഞ്ഞു എനിക്ക് എഴുതണം. രോഗിയുടെ ജ്വരനാളുകളെ കുറിച്ച ആത്മകഥ ഉപസംഹരിക്കണം. ദൃശ്യവാർത്തയിലെ സ്കെച്ച് മനസ്സിൽ മിന്നിമറഞ്ഞു. ഞാനും കവി വി.ജി. തമ്പിയും മുറിക്ക് പുറത്ത് കാത്തിരുന്നു. തമ്പിമാഷുടെ കൂടെ പ്രവർത്തിച്ച പ്രൊഫസർ പ്രേമലത ഒന്ന് തലനീട്ടി വാതിൽപാളിക്കിടയിലൂടെ ഓർമ്മിപ്പിച്ചു. അവർ അഴീക്കോട് മാഷുടെ ശിഷ്യയാണ്. പത്ത് മിനിറ്റ്. മാഷ് പ്രാതൽ കഴിക്കാണ്. ഏതോ കാലത്ത്. എവിടെയോ വെച്ച്. എപ്പോഴോ. നൂറ്റാണ്ടുകളുടെ നിശബ്ദതകൾക്കിടയിൽ ഒരു തീർത്ഥാങ്കരൻ പറഞ്ഞു. അവൻ അദൃശ്യനാണ്. എന്നാൽ പ്രതിരൂപൻ. നിഴലായി കൂട്ടിനുണ്ട്. എല്ലാ ചരാചരങ്ങളിലും അചേതനകളിലും ഈ തോഴൻ കുടികൊള്ളുന്നുണ്ട്. ആരാണീ നിഴൽരൂപി. കൊഴിഞ്ഞ് പോക്ക്. അല്ലെങ്കിൽ പുനർജനി. വാതിൽ തുറന്നു. ഞങ്ങൾ അകത്തേക്ക് കടന്നു. മാഷ് പത്രം വായിക്കുകയായിരുന്നു. പത്രത്താളിൽ നിന്ന് ലോഹമുഖം ഉയർന്നു. ആർദ്രമായി. വിക്കല് ഒരടയാളമാണ്. സംഭ്രമത്തിന്റെ ജചിഹ്നങ്ങളുടെ. എന്റെ വാക്കുകൾ മുറിഞ്ഞു. ഞാൻ കഴിഞ്ഞവർഷം പ്രകാശനത്തിന് എന്റെ പുസ്തകം. പച്ചക്കുതിരകളുടെ മഴ തത്ത്വമസിയുടെ ആത്മാവിലൂടെ സംസാരിച്ച പരിവ്രാജകൻ ഓർത്തെടുത്തു. വക്കീലല്ലെ. ഉദയശങ്കർ. തന്റെ പച്ചക്കുതിരകളുടെ മഴ. ഓർമ്മയുണ്ട്. പട്ടാമ്പിയിൽ തന്നെയല്ലെ താമസം. മാഷ് പറഞ്ഞുതുടങ്ങി. രോഗാവസ്ഥയുടെ അലിവില്ലാത്ത കുടഞ്ഞെറിയൽ. പിഞ്ഞിയ പ്രകാശത്തിന്റെ വിനാഴികകളിൽ നിർഭയ സ്നേഹവുമായി വന്നെത്തുന്ന മനസ്സുകൾ വൈരാഗ്യത്തിന്റെ മുൾമുനകളിൽനിന്ന്. മുറിയിലേയ്ക്ക് ഡോക്ടറും പരിവാരങ്ങളും കടന്നുവന്നു. കുശലാന്വേഷണങ്ങൾ. നാഡിപിടിച്ച് നോക്കി. ഉറക്കം. ഭക്ഷണം. വേദന. മരുന്നുകൾ. എല്ലാം ഡോക്ടർ ചോദിക്കുന്നുണ്ടായിരുന്നു. എന്നാൽ ഇതിനിടയിൽ ഒരു വ്യത്യസ്തമായ പ്രാർത്ഥനാകർമ്മം അവിടെ നിശ്ശബ്ദം നടന്നുകൊണ്ടിരുന്നു. അഴിക്കോട് മാഷെ ഡോക്ടർ തലോടിക്കൊണ്ടിരുന്നു. ജാന്തരങ്ങളുടെ പകർച്ചപോലെ. കാരുണ്യത്തിന്റെ തെളിമയാർന്ന ജലഗീതിപോലെ. മാഷക്ക് അണപൊട്ടി. ഈ തലോടൽ മുപ്പത് വർഷത്തെ ചര്യയാണ്. ഒരമ്മ കുഞ്ഞിനോടെന്നപോലെ. അഴീക്കോട് മാഷ് വിതുമ്പി. എനിക്ക് കിട്ടാതെ പോയതും. വസന്തം അതിന്റെ പൊരുളറിയാതെ. സ്വയം അടക്കം ചെയ്ത്. ഇരുവരും ഹൃദയം പൊള്ളിവീർത്ത് താഴെ വീണു. അനുരാഗത്തിന്റെ സന്ധിയില്ലാത്ത പ്രതിജ്ഞകൾ. രണ്ടും രണ്ട് ധ്രുവത്തിൽ. ചുണ്ടുകൾ സ്പർശിക്കാതെ. വിഷാദത്തിന്റെ അമ്ളങ്ങളും വിഷവാതകങ്ങളുംകൊണ്ട് കരണ്ടുതീർത്തവർ. പക്ഷെ പ്രതീക്ഷയുടെ മുനമ്പ് കടലെടുത്തിരുന്നില്ല. വിലാസിനി ടീച്ചർ കൊണ്ട് വന്ന റോസാപൂക്കൾ വാടിയിരുന്നു. ആരോ അത് കുപ്പത്തൊട്ടിയിലേക്ക് വലിച്ചെറിയുമ്പോൾ വിരഹാർത്ഥികളുടെ നക്ഷത്രഖചിതമായ നെഞ്ചാണ് എറിയുന്നത് എന്ന് പറയാൻ തോന്നി. പ്രണയസമാഗമത്തിന്റെ പിറ്റേന്ന് അഴീക്കോട് മാഷ് പറഞ്ഞ വാക്കുകൾ ആ മുറിയിൽ പ്രതിധ്വനിച്ചുകൊണ്ടിരുന്നു. പ്രണയം മധുരവും, ദിവ്യവും, ആർദ്രവും മാത്രമല്ല. അത്ഭുതം കൂടിയാണ്. പെട്ടെന്ന് മാഷ് തന്റെ ശോഷിച്ച നീണ്ട കൈവിരലുകൾ നെഞ്ചിനോട് ചേർത്തുവെയ്ക്കുന്നത് കണ്ടു. പ്രേമലതടീച്ചർ മരുന്ന് സ്പൂണിലാക്കി കൊടുത്തു. അത് വേദനശമിനിയായ മോർഫിൻ ആയിരുന്നു. അമ്മേ എന്ന വാക്ക് ഒരു പ്രാർത്ഥനയാണ്. വേദന സഹിക്കാനാവുന്നില്ല. വേദനയുടെ കാതൽ പുറത്ത് കാട്ടി. സ്വയം ചുരുൾവിടരുന്നതിന്റെ സൂചനകൾ. അമ്മേ എന്ന നിലവിളിയുടെ ഒടുവിൽ മയക്കത്തിന്റെ കയത്തിലേയ്ക്ക് മാഷ് ആഴുന്നു. പ്രേമലത ടീച്ചറുടെ കൈകൾ മാഷടെ നെഞ്ചിൽ തടവിക്കൊണ്ടിരുന്നു. വാത്സല്യത്തിന്റെ കൈകൾ. അന്ധയുഗങ്ങളോളം, നക്ഷത്രശതാബ്ദങ്ങളോളം, നീളുന്ന കാരുണ്യം. മറിയത്തിന്റെ മനസ്സുപോലെ ശിഷ്യ ആത്മഗതം കൊണ്ടു. വേദന മാറും വേദന മാറും വേദന മാറും. |

